
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധം ശക്തം. കോട്ടയം നട്ടാശേരിയിൽ ഉദ്യോഗസ്ഥർ കൊണ്ടു വന്ന കല്ല് നാട്ടുകാർ തോട്ടിലെറിഞ്ഞു. രാവിലെ എട്ടരയോടെ വൻ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ ഇവിടേക്കെത്തിയത്. ആദ്യം നാട്ടുകാർ സംയമനത്തോടെയാണ് ഉദ്യാഗസ്ഥരോട് സംസാരിച്ചതെങ്കിലും പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധമായി മാറുകയായിരുന്നു.
കല്ലുകൾ തോട്ടിലേക്ക് എറിഞ്ഞതിന് പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷവുമുണ്ടായി. സ്ത്രീകളടക്കം നിരവധി പേരാണ് പ്രതിഷേധിക്കാനെത്തിയത്. കുഴി കുത്താനുള്ള ഉപകരണം നാട്ടുകാർ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. പിഴുതെടുത്ത കല്ലുമായിട്ടാണ് സമരക്കാർ പ്രതിഷേധം നടത്തിയത്. മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദബന്ധമുള്ളവരാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. അതിന് പിന്നാലെ വ്യാപകമായ രീതിയിൽ മന്ത്രിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
കോട്ടയം പെരുമ്പായിക്കാട് വില്ലേജിലും തിരുനാവായയിലും രാവിലെ മുതൽ പ്രതിഷേധക്കാർ തടിച്ചു കൂടിയിട്ടുണ്ട്. കല്ലുകൾ കൊണ്ടുവന്ന വാഹനത്തിന് മുകളിൽ കയറിയിരുന്നും പ്ലക്കാർഡുകൾ കൈയിലേന്തിയും ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ കോഴിക്കോടും ചോറ്റാനിക്കരയിലും ഇന്ന് കല്ലിടൽ ഉണ്ടാകില്ല. സർവേ നടപടികൾ മാത്രമേ നടത്തൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.