
കൊളംബോ: മുൻ ഇന്ത്യൻ ആർമി ഓഫീസർക്ക് ആദരവുമായി ശ്രീലങ്കൻ പട്ടാളം. എൽടിടിഇ ഭീകരരുടെ ആക്രമണത്തിനെതിരെ ശ്രീലങ്കൻ സൈന്യത്തിനൊപ്പം നിന്ന് പോരാടിയ ഇന്ത്യൻ ആർമി ഓഫീസറായ മൻദീപ് സിംഗ് സന്ധുവിനെ പ്രത്യേക അതിഥിയായി ശ്രീലങ്ക ക്ഷണിക്കുകയായിരുന്നു.
എലൈറ്റ് 10 പാരാ കമാൻഡോ യൂണിറ്റിൽ ഉൾപ്പെട്ടിരുന്ന ഇന്ത്യൻ ആർമി ബ്രിഗേഡിയർ സന്ധുവിനെ 1987-89 കാലത്ത് ശ്രീലങ്കയിലെ ഇന്ത്യൻ സമാധാന സേനയിൽ വിന്യസിച്ചിരുന്നു. പിന്നീട് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് ഇൻസ്ട്രക്ടറായി ഇദ്ദേഹത്തെ നിയമിച്ചു. ശ്രീലങ്കൻ ആർമി ഓഫീസർമാരുടെ ആദ്യ ബാച്ചിനെ പരിശീലിപ്പിക്കാനുള്ള നിയോഗവും സന്ധുവിനായിരുന്നു.

2021 ലാണ് 'ഇന്റേക്ക് 31' എന്നറിയപ്പെടുന്ന ബാച്ചിലെ ചില ശ്രീലങ്കൻ ആർമി ഓഫീസർമാർ സന്ധുവിനെ ഫേസ്ബുക്കിലൂടെയാണ് കണ്ടെത്തിയത്. ഇപ്പോൾ കാനഡയിൽ താമസിക്കുന്ന സന്ധുവിനെ ഇവർ ശ്രീലങ്കയിലേയ്ക്ക് ഒത്തുചേരലിന് എത്താനായി അഭ്യർത്ഥിക്കുകയായിരുന്നു. ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് മാർച്ച് 2 മുതൽ മാർച്ച് 10 വരെ സന്ധു ശ്രീലങ്ക സന്ദർശിച്ചത്. ദിയതലാവയിലെ ശ്രീലങ്കൻ മിലിട്ടറി അക്കാദമിയും സന്ധു സന്ദർശിച്ചു.
സൈനിക പാരമ്പര്യമനുസരിച്ച് അവരുടെ ഗുരുജിയെ ബഹുമാനിക്കാൻ അവർ ആഗ്രഹിച്ചത് ഞാൻ അവരെ പരിശീലിപ്പിച്ചത് കൊണ്ട് മാത്രമല്ല എന്നും അവരുടെ രാജ്യത്ത് സമാധാനം ഉറപ്പാക്കാൻ രക്തം ചിന്തുകയും ചെയ്‌തിനാലാണെന്ന് സന്ധു പറഞ്ഞു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ഇൻസ്ട്രക്ടറായിരുന്ന കാലത്ത് സന്ധു പരിശീലനം നൽകിയ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇപ്പോഴും സീനിയർ ഓഫീസർമാരായി സേവനം അനുഷ്ഠിക്കുന്നുണ്ട്.