cow

മഥുര: അറവുമാലിന്യവുമായി പോയ മുസ്ലിം യുവാവിനെ പശു കടത്താരോപിച്ച് ആൾക്കൂട്ടം ക്രൂരമായി തല്ലി ചതച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. പിക്കപ്പ് വാനിൽ മൃഗങ്ങളുടെ എല്ലുകൾ കണ്ടതോടെയാണ് നാട്ടുകാർ വാഹനം തടഞ്ഞതും ചോദ്യം ചെയ്‌ത് മർദ്ദിച്ചതും.

മുപ്പത് വയസ് തോന്നിക്കുന്ന യുവാവിനെ ചുറ്റിലും കൂടി നിന്നവർ തലങ്ങും വിലങ്ങും അടിയ്‌ക്കുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറവു മാലിന്യമാണെന്ന് കരഞ്ഞു പറയുന്ന യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരാളിനും ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റു.

ഗ്രാമത്തിലെ അറവ് മാലിന്യം സംസ്കരിക്കാൻ ലൈസൻസുള്ള അമേശ്വർ വാൽമീകി എന്ന വ്യക്തിയുടെ സ്ഥാപനത്തിലെ തൊഴിലാളിയാണ് ആക്രമണത്തിനിരയായത്. യുവാവിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പൊലീസ് കേസെടുത്തു.