 
ഗുരുദേവ കല്പനയാൽ വാടപ്പുറം ബാവ എന്ന ഉരുക്കുമനുഷ്യൻ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് മാർച്ച് 31 ന് നൂറിന്റെ  നിറവ്...
ഇരുട്ടിൽ പിറവി എടുത്ത തിരുവിതാംകൂർ ലേബർ അസോസിയേഷനും അതിന്റെ സ്രഷ്ടാവായി മാറിയ ഉരുക്കുമനുഷ്യനായ വാടപ്പുറം പി.കെ ബാവയും ചരിത്രത്തിലെ കരുത്തുറ്റ അദ്ധ്യായങ്ങളാണ്.സംഘടിച്ച് ശക്തരാകാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുവാണ് 1920-ൽ തൊഴിലാളി സംഘടനയുണ്ടാക്കാൻ ബാവയോട് ആവശ്യപ്പെട്ടത്. ആ ചരിത്രവഴികളിലൂടെ...
ചോദ്യമുയർത്തിയ കരുത്തൻ
1859 ലാണ് ആലപ്പുഴയിൽ ബ്രിട്ടന്റെ കയർ ഫാക്ടറിയായ ഡാറ സ്മെയിൽ ആന്റ് കമ്പനി സ്ഥാപിതമായത്. കേരളത്തിൽ സുലഭമായി ലഭിക്കുന്ന ചകിരി ഉപയോഗിച്ച് കയറും കയർ ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് ആലപ്പുഴ തുറമുഖത്തിലൂടെ ബ്രിട്ടനിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയതോടെ നിരവധി വിദേശകമ്പനികളും നാടൻ കമ്പനികളും പട്ടണത്തിൽ ഉയർന്നു. നൂറുകണക്കിന് പാവപ്പെട്ടവർ തൊഴിലാളികളായി മാറി. അവരെല്ലാം നിരക്ഷരരായിരുന്നു. 12 മണിക്കൂർ മുതൽ 18 മണിക്കൂർ വരെയാണ് ജോലി. അന്ന് വൈദ്യുതിയോ, വഴിവെളിച്ചമോ ഇല്ല. വിദൂരസ്ഥലങ്ങളിൽ നിന്നും തൊഴിലാളികൾ ചൂട്ടുകറ്റ കത്തിച്ചു പിടിച്ചുകൊണ്ട് ആ വെളിച്ചത്തിലാണ് കമ്പനികളിൽ എത്തിയിരുന്നത്.
18-ാം വയസ്സിൽ യുവത്വത്തിന്റെ ചുറുചുറുക്കുമായി ഡാറ സ്മെയിൽ ആന്റ് കമ്പനിയിൽ പണിക്കുകയറിയ പി.കെ. ബാവ എന്ന മെലിഞ്ഞു സുമുഖനായ വാടപ്പുറം ബാവയാണ് കാര്യങ്ങൾ കീഴ്മേൽ മറിച്ചത്. കമ്പനിയിലെ ബ്രിട്ടീഷുകാരനായ മാനേജരെ 'വണ്ടി സായിപ്പ് "എന്നും ജനറൽ എന്നുമാണ് വിളിച്ചിരുന്നത്. ഒരു ജോലിക്കാരനെ നിർദ്ദയം മർദ്ദിക്കുന്നത്  കണ്ട ബാവ അതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു. സായിപ്പിനെ വളയാൻ ബാവ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ ഘെരാവോ. കമ്പനിയിൽ നിന്നും ബാവ പുറത്തായി. 
 
ബാവ പല കമ്പനികളിലും മാറിമാറി ജോലിക്കെത്തി. തൊഴിലാളികളോടുള്ള മൃഗീയമായ പെരുമാറ്റവും മർദ്ദനവും അയാളെ കലാപകാരിയാക്കി. അതിനിടെയാണ് ബാവയെ പിടിച്ചുലച്ച ആ സംഭവം അരങ്ങേറിയത്. അടിമ മുഹമ്മദലി എന്ന ചെറുപ്പക്കാരൻ ബാവയുടെ കൂടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരാഴ്ചയോളം ജോലിക്ക് എത്താതിരുന്ന മുഹമ്മദലിയെ തിരക്കിയപ്പോൾ അയാൾ മർദ്ദനമേറ്റ് ചികിത്സയിലാണെന്നറിഞ്ഞത്. പ്രമാണിയായ പരീതുകുഞ്ഞിന്റെ പൂർവവൈരാഗ്യമായിരുന്നു കാരണം.  പരാതിപ്പെടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ഏറെ പണിപ്പെട്ട് രണ്ട് ദൃക്സാക്ഷികളുമായി പോലീസ് സ്റ്റേഷനിലെത്തി ബാവ പരാതി നൽകി. എന്നാൽ പിന്നീട് ആ കേസ് തള്ളിക്കളഞ്ഞു. സംഭവത്തിന്റെ ദൃക്സാക്ഷികൾ വിദ്യാഭ്യാസം ഇല്ലാത്ത, പിടിപ്പില്ലാത്ത വെറും തൊഴിലാളികളായിരുന്നു എന്നായിരുന്നു വിധിയിൽ. ഇത് ബാവയെ അസ്വസ്ഥനാക്കി. തന്റെ അയൽക്കാരനും ജേഷ്ഠ്യസഹോദരതുല്യനുമായ ടി.സി കേശവൻ വൈദ്യരോട് ഈ കാര്യങ്ങൾ ചർച്ച ചെയ്തു.
അനുഗ്രഹവുമായി
ഗുരുദേവൻ
ശ്രീനാരായണ പ്രസ്ഥാനത്തിന്റെ പ്രചാരകനും സംസ്കൃത പണ്ഡിതനുമായിരുന്നു ടി.സി. കേശവൻ വൈദ്യർ ആയിരുന്നു. 1920 മെയ് 15 ന് ഗുരുദേവൻ ശ്രീനാരായണ ഗുരു കിടങ്ങാം പറമ്പിലെത്തിയപ്പോൾ വൈദ്യരും ബാവയും ഗുരുവിനെ ദർശിക്കാനെത്തി.. സന്ദർശന അനുമതി ലഭിച്ചതോടെ വൈദ്യർ ബാവയെ ഗുരുവിന് പരിചയപ്പെടുത്തി. ആലപ്പുഴയിലെ ഫാക്ടറികളിലെ തൊഴിലാളികളുടെ അവസ്ഥ ഗുരുസമക്ഷം അവതരിപ്പിച്ചു. പൊലീസും മുതലാളിമാരും നീതിന്യായ വ്യവസ്ഥയും കൈകോർത്ത് പിടിച്ച് അശരണരായ തൊഴിലാളികളെ നിർദയം പീഡിപ്പിക്കുന്നു എന്ന സത്യം ഗുരുദേവന്റെ മനസിൽ പതിഞ്ഞു.അൽപ്പനേരം ധ്യാനനിമഗ്നനായ ശേഷം ഗുരു അരുളിച്ചെയ്തു. ഒറ്റപോം വഴിയെയുള്ളു പണിയെടുക്കുന്നവരുടെ ''ഒരു സംഘടനയുണ്ടാക്കുക. സംഘത്തിന്റെ ഭാരവാഹികൾ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് സംസാരിക്കുക."" തൊഴിലാളികളെ വിളിച്ചു ചേർത്ത് ഒരു സംഘടന ഉണ്ടാക്കുക എന്നത് തീർത്തും അപ്രായോഗികമായിരുന്നു അന്ന്. 
ആറേഴുമാസം ഒറ്റയ്ക്കൊറ്റയ്ക്ക് തൊഴിലാളികളെ കണ്ട് ആവശ്യം ഉന്നയിച്ചെങ്കിലും നടന്നില്ല.  ഗുജറാത്തിയായ ഖട്ടാവ് കിംജി സേട്ടിന്റെ എംപയർ കയർ വർക്സിൽ ബാവ പണിക്കു കയറി. തൊഴിലാളികളോട് ഈ വിഷയത്തിൽ സംസാരിക്കാൻ ഉടമ സമ്മതിച്ചത് വഴിത്തിരിവായി. എന്നാൽ അവർ താത്പര്യം കാണിച്ചില്ല. തൊഴിലാളികൾക്ക് കൂലി കൊടുക്കുന്ന ജോലി സൂപ്രണ്ടായിരുന്ന ബാവയ്ക്കായിരുന്നു. യോഗത്തിനെത്താമെന്ന് സമ്മതിക്കുന്നവർക്ക് ആദ്യം കൂലി കൊടുക്കുമെന്ന് ബാവ പറഞ്ഞു. 300 ഓളം തൊഴിലാളികളിൽ നിന്ന് സമ്മതം എഴുതി വാങ്ങിച്ചപ്പോൾ ആത്മവിശ്വാസമായി. സ്ഥലവും തീയതിയും സമയവും അച്ചടിച്ച് കമ്പനിക്കകത്ത് വിതരണം ചെയ്യിച്ചു.
 
ചരിത്രമായ ഒത്തുചേരൽ
കേരള ചരിത്രത്തിലെ പ്രഥമ തൊഴിലാളികളുടെ യോഗത്തിന് കളമൊരുങ്ങുകയായിരുന്നു. പകൽ യോഗം ചേർന്നാൽ പൊലീസ് കുറ്റകരമായി കാണുന്നതിനാൽ സന്ധ്യയ്ക്ക് മതിയെന്ന് തീരുമാനിച്ചു. ആലപ്പുഴ കളപ്പുര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാടുപിടിച്ചു കിടന്ന വെളിമ്പ്രദേശം വൃത്തിയാക്കി വേദിയാക്കി. അങ്ങനെ ആ ദിനം വന്നെത്തി 1922 മാർച്ച് 31 ന് സായാഹ്നത്തിൽ ഒറ്റയൊറ്റയായി തൊഴിലാളികൾ എത്തിത്തുടങ്ങി. മുന്നൂറിനടുത്ത് തൊഴിലാളികൾ മണൽപ്പരപ്പിൽ ഉപവിഷ്ടരായി. അഭിഭാഷകൻ പി.എസ്. മുഹമ്മദ് , ഡോ.എം.കെ. ആന്റണി, ബി.വി. ബാപ്പുവൈദ്യർ കേശവൻ വൈദ്യർ എന്നിവർ എത്തിയതോടെ റാന്തൽ വിളക്കുകൾ തെളിഞ്ഞു. സദസിലേക്ക് കാവി വസ്ത്രധാരിയായ ഒരു യുവ സന്യാസി കടന്നുവന്നു. ഗുരുദേവൻ ആണ് അതെന്ന് ചിലർ പറഞ്ഞു. ശ്രീനാരായണഗുരുദേവ ശിഷ്യനായ സ്വാമി സത്യവ്രതനാണെന്ന് കേശവൻ വൈദ്യർ സദസിനെ പരിചയപ്പെടുത്തി. സ്വാമി സത്യവ്രതൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുദേവനും താനും തണ്ണീർമുക്കത്തുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് താൻ വരുന്നതെന്നും ഇന്ന് ചരിത്ര പ്രസിദ്ധമാകാൻ ഇടയുള്ള ഒരു സംഘടന കാഞ്ഞിരം ചിറ പ്രദേശത്ത് ഉദയം ചെയ്യുമെന്നും ആദ്യ സംഭാവന എന്ന നിലയിൽ ഗുരുദേവൻ ഒരു വെള്ളി രൂപ തന്നു വിട്ടിട്ടുണ്ടെന്നും സ്വാമി സത്യവ്രതൻ അറിയിച്ചു. അങ്ങനെ തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന പ്രഥമ തൊഴിലാളി സംഘടന ജന്മം എടുത്തു. ഡോ. എം. കെ ആന്റണി പ്രസിഡന്റായും വാടപ്പുറം ബാവ സെക്രട്ടറിയായും പപ്പു ആശാൻ ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു.ഇതര സ്വഭാവമുള്ള വ്യവസായ സ്ഥാപനങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളെയും ചേർക്കാമെന്നായപ്പോൾ സംഘടനയുടെ രൂപം മാറി. മാറി. 1924 മാർച്ച് 4, 5 തീയതികളിൽ അസോസിയേഷന്റെ പ്രഥമ വാർഷിക സമ്മേളനം ആലപ്പുഴയിലെ ഭഗവതി വിലാസം തീയേറ്ററിൽ രണ്ടായിരത്തോളം തൊഴിലാളികളെ സാക്ഷിയാക്കി നടത്തപ്പെട്ടു. 
 
ആ സമ്മേളനത്തിലെ ആദ്യയോഗം പ്രമുഖ പത്രപ്രവർത്തകനും സാംസ്കാരിക നായകനുമായ പത്രാധിപർ  സി.വി കുഞ്ഞുരാമൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ചങ്ങനാശേരി പരമേശ്വരൻ പിള്ള ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസം സഹോദരൻ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സ്വാമി സത്യവ്രതനും സി. കേശവനും ടി കുരുവിളയും സംസാരിച്ചു.തുടർന്ന് ലേബർ അസോസിയേഷന്റെ പേര് കോട്ടയത്തും കൊച്ചിയിലും കൊല്ലത്തുമെല്ലാം വ്യാപിച്ചു. അസോസിയേഷന് അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. അക്ഷരജ്ഞാനം ഇല്ലാത്ത തൊഴിലാളികളെ പഠിപ്പിക്കാനും അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനും ഒരു പത്രം തുടങ്ങാൻ തീരുമാനിച്ചു. 'തൊഴിലാളി" എന്നായിരുന്നു പത്രത്തിന്റെ പേര്. തൊഴിലാളികളെല്ലാം പത്രത്തിന്റെ വരിക്കാരാകണമെന്ന് ബാവ നിർബന്ധിച്ചു. ബാവ തന്നെയായിരുന്നു പത്രത്തിന്റെ ആദ്യ എഡിറ്റർ. പ്രശസ്ത സാഹിത്യകാരൻ പി. കേശവദേവ്, പി.എസ്.സിയുടെ ചെയർമാനായി മാറിയ പി.കെ വേലായുധൻ, പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആർ. സുഗതൻ എന്നിവരെല്ലാം പത്രാധിപസമിതി അംഗങ്ങളായിരുന്നു. അഞ്ചുവർഷം പത്രം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. എന്നാൽ ദിവൻ സർ സി.പി രാമസ്വാമി അയ്യർ പത്രം പിന്നീട് നിരോധിച്ചു. തൊഴിലാളിക്കൊരു സംഘടന, തൊഴിലാളിക്കൊരു പത്രം, തൊഴിലാളിക്ക് ഒരു സഹകരണസംഘം എന്നതായിരുന്നു ബാവയുടെ മുദ്രാവാക്യം. ബാവ ഉണ്ടാക്കിയ ദ കോസ്റ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആലപ്പുഴയിൽ ഇപ്പോഴുമുണ്ട്. അത് ഇപ്പോൾ കോസ്റ്റൽ ഓപ്പറേറ്റീവ് ബാങ്കാണ്.
(ലേഖകന്റെ ഫോൺ: 9995459720)