crime

ഹരിപ്പാട്: ബൈക്കുയാത്രക്കാരനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ കേസിലെ മുഖ്യപ്രതിയായ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയ്‌ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡി വൈ എഫ് ഐ പള്ളിപ്പാട് മേഖലാ സെക്രട്ടറിയായ സുല്‍ഫിത്താണ് കേസിലെ മുഖ്യപ്രതി. കേസിലാകെ എട്ടുപേരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളത്.

നാലാംപ്രതിയായ അജേഷ്‌കുമാർ(28) അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സുല്‍ഫിത്തിന്റെ നേതൃത്തിലുള്ള സംഘം മുട്ടം കണിച്ചനല്ലൂര്‍ കരിക്കാട്ട് സ്വദേശിയായ ശബരി(28) യെ അക്രമിച്ചത്. ശബരിയുടെ കൈയിലുണ്ടായിരുന്ന ഹെല്‍മറ്റ് കൊണ്ടാണ് ഇവർ അക്രമം നടത്തിയത്. സിമന്റും മണലുമൊക്കെ നിർമ്മാണ സ്ഥലങ്ങളിലെത്തിക്കുന്ന ജോലിയുള്ള ശബരിയെ സുൽഫിത്തും സംഘവും തടഞ്ഞ് നിർത്തിയാണ് അക്രമിച്ചത്.

ഇവരുടെ മർദ്ധനമേറ്റ് താഴെ വീണ ശബരിയെ ആശുപത്രിയില്‍ എത്തിയ്ക്കാൻ ശ്രമിച്ചവരെ സംഘം തടഞ്ഞുവെന്നും പരാതിയുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മുഖ്യപ്രതിയായ സുല്‍ഫിത്ത് നിരവധി കേസുകളിലെ പ്രതിയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുല്‍ഫിത്തിനെ ഡി വൈ എഫ് ഐ ഭാരവാഹിയാക്കുന്നതില്‍ വിമര്‍ശനമുയര്‍ന്നിരുന്നുവെങ്കിലും ഏരിയ നേതൃത്വം ഇയാള്‍ക്കനുകൂലമായിരുന്നു.