
തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധ സമരത്തെ വീണ്ടും രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയുടെ പേരിൽ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
എൽ ഡി എഫിന്റെ ഭരണക്കാലത്ത് കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി നടക്കുന്ന സമരമാണിത്. ഇന്നലെ നടന്നത് അടികിട്ടേണ്ട തരത്തിലെ സമരമായിരുന്നു. എന്നാൽ പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടുവെന്നും കോടിയേരി പറഞ്ഞു. കെ റെയിൽ സർവേ, ഡി പി ആർ, പാരിസ്ഥിതിക ആഘാത പഠനം എന്നിവയ്ക്ക് കേന്ദ്രത്തിന്റെയും സുപ്രീം കോടതിയുടെയും അനുമതിയുണ്ട്. ഇപ്പോൾ നടക്കുന്നത് ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. ഭൂമി നഷ്ടപ്പെടുന്നവർ ഭയക്കേണ്ടതില്ല. അർഹതപ്പെട്ട നഷ്ടപരിഹാരം നൽകിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി. രണ്ടാം വിമോചന സമരത്തിനാണ് കോൺഗ്രസ് കോപ്പ് കൂട്ടുന്നതെന്ന ആരോപണം കോടിയേരി മുൻപും ഉന്നയിച്ചിരുന്നു. ചങ്ങനാശേരി ലക്ഷ്യം വച്ചാണ് വീണ്ടുമൊരു വിമോചന സമരത്തിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം 1957-59 കാലമല്ല ഇതെന്നും പ്രതികരിച്ചു.
പ്രതിഷേധ സമരത്തിനെതിരെ മുൻ മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ടതിനെ തല്ലിക്കൊല്ലാൻ ആഹ്വാനം ചെയ്യുക എന്ന സമീപനമാണ് കോൺഗ്രസിനെന്നും എ കെ ബാലൻ ആരോപിച്ചു. പഴയ അനുഭവം വച്ച് ചങ്ങനാശേരിയിൽ വിമോചന സമരം നടത്താനാകില്ല. കെ റെയിലിൽ വിദഗ്ദ്ധ സമിതിയുടെ നിർദേശങ്ങൾ പരിഗണിക്കും. തുടർന്നും ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിൽ സമരത്തിനു പിന്നിലുള്ളത് തെക്കും വടക്കുമില്ലാത്ത വിവരദോഷികളെന്ന് സി പി എം നേതാവ് ഇ പി ജയരാജൻ. പദ്ധതിക്കായി സ്ഥലം നൽകുന്നതിന് ജനം മുന്നോട്ട് വരികയാണ്. വി ഡി സതീശന് പണിയൊന്നുമില്ലെങ്കിൽ കുറ്റി പറിച്ചു നടക്കട്ടെയെന്നും ജയരാജൻ പരിഹസിച്ചു. പദ്ധതിയുമായി സർക്കാർ മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ച് റെഡിമെയ്‌ഡ് ആളുകളെയും ചില സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കാനും പൊലീസിനെതിരെ നടപടിയെടുപ്പിക്കാനും അക്രമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. കെ റെയിൽ വിരുദ്ധ സമരത്തിൽ ജനങ്ങളില്ല. വിവരമില്ലാത്ത ചില വിവരദോഷികളും തെക്കും വടക്കുമില്ലാത്ത കുറേയെണ്ണവുമാണ് ഇതിന് പിന്നിൽ. കോൺഗ്രസ് നേതൃത്വം തന്നെ അറുവഷളൻമാരുടെ കൈയിലാണെന്നും ജയരാജൻ വിമർശിച്ചു.