
അഭിനയിക്കുന്ന സമയത്ത് പ്രതിഫലത്തിനായി സുരേഷ് ഗോപി നന്നായി വില പേശാറുണ്ടെന്ന് മേജർ രവി. പക്ഷേ, അത് എന്തിനാണെന്ന് അറിഞ്ഞാൽ താരത്തോടുള്ള ബഹുമാനം കൂടുമെന്നും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരാളിനെ ഇഷ്ടപ്പെടുന്നത് എംഎൽഎ ആണോ എംപിയാണോ മന്ത്രിയാണോയെന്ന് നോക്കിയിട്ടല്ല. ഈ ജനത്തിന് വേണ്ടി അവർ എന്തു ചെയ്‌തുവെന്ന് നോക്കിയിട്ടാണ്. സുരേഷ് ഗോപിയെ കുറിച്ച് ട്രോളുകളിറക്കുന്നത് ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത മനുഷ്യരാണ്.
ആ മനുഷ്യൻ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കാര്യങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിയും ചെയ്യുന്നില്ല. അഭിനയിക്കാൻ പോയാൽ പണത്തിന് വില പേശും. എനിക്കിത്ര വേണമെന്ന് പറയാറുണ്ട്.
ആ ഇത്ര വാങ്ങുന്നത് അപ്പുറത്ത് കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാൻ. സുരേഷ് ചെയ്യുന്ന കുറേ കാര്യങ്ങൾ അറിഞ്ഞപ്പോൾ ചോദിച്ചു ഇതെന്താ പറയാത്തതെന്ന്. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ എന്നാണ് സുരേഷ് അന്ന് തിരിച്ച് ചോദിച്ചത്. അങ്ങനെയുള്ള നേതാവിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്."