 
''ഒരു കുഞ്ഞും ഭൂമിയിൽ പിറന്നു വീഴുന്നത് മോശം കുഞ്ഞായിട്ടല്ല. നിഷ്കളങ്കരായ ഓമനത്തമുള്ള കുട്ടികൾ പിന്നീടെങ്ങനെയാണ് അക്രമികളും കൊലപാതകികളും സാമൂഹ്യ വിരുദ്ധരും റേപ്പിസ്റ്റുകളുമൊക്കെയാകുന്നത്? ആ ചോദ്യമാണ് എന്നെ 'ദ റേപ്പിസ്റ്റ് " എന്ന ചിത്രത്തിലെത്തിച്ചത്."" 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറെ ശ്രദ്ധ നേടിയ 'ദ് റേപ്പിസ്റ്റ്" എന്ന ചിത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സംവിധായികയായ അപർണ സെൻ. സ്ത്രീ പക്ഷത്തു നിന്ന് മാത്രമല്ല പുരുഷനെക്കുറിച്ചു  കൂടി  ഈ സിനിമ സംസാരിക്കുന്നുണ്ട്. ക്രിമിനൽ സൈക്കോളജി പ്രൊഫസറായ നയന എന്ന കഥാപാത്രമായാണ് കൊങ്കണ ശർമ്മ ഇൗ ചിത്രത്തിൽ എത്തുന്നത്. പീഡനത്തിന് ഇരയാക്കപ്പെടുകയും അതിജീവിക്കുകയും ചെയ്യുന്നവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയോട് ചുറ്റിൽ നിന്നും ഉയരുന്ന ചോദ്യങ്ങളൊക്കെ സമാനസാഹചര്യത്തിലൂടെ കടന്നു പോകുന്ന നിരവധി പെൺകുട്ടിളെ ഓർമ്മപ്പെടുത്തുകയാണ്. ഇന്ത്യയിലെ നിലവിലെ അവസ്ഥയെ വളരെ വ്യക്തമായി കണ്ടറിഞ്ഞാണ് അപർണ സെൻ ഇൗ ചിത്രം ഒരുക്കിയിരിക്കുന്നത്.
കൊവിഡ് ഷൂട്ടിംഗ് 
പുതിയ അനുഭവം
കൊവിഡ് ലോക്ക് ഡൗൺ കാലത്താണ് ഞങ്ങൾ 'ദ റേപ്പിസ്റ്റ്" ചിത്രീകരിച്ചത്. എന്റെ അഞ്ച് പതിറ്റാണ്ടിലേറെയുള്ള സിനിമാ ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു അനുഭവം. മാസ്കും സാനിറ്റൈസറും ഗ്ളൗസുമൊക്കെ ധരിച്ച് വന്ന് എല്ലാവരും അകലം പാലിച്ച് ഷോട്ട് റെഡിയാകുമ്പോൾ മാത്രം മാസ്ക് മാറ്റി അഭിനയിക്കുക, സംവിധാനം ചെയ്യുക...എല്ലാം പുതുമയായിരുന്നു. എത്ര വലിയ പ്രതിസന്ധി കാലത്തും സിനിമ സാദ്ധ്യമാകുമെന്ന് മനസിലാക്കിയ നാളുകൾ. ഇരുപത്തിയേഴ് ദിവസം കൊണ്ടാണ് ഞങ്ങൾ റേപ്പിസ്റ്റ് ചിത്രീകരിച്ചത്. ചിത്രത്തിൽ പുതിയൊരു കാമറാമാനെയാണ് പരീക്ഷിച്ചത്. ഏഴു ദിവസം മാത്രമാണ് ഞങ്ങൾക്ക് ഒരുക്കത്തിനായി ലഭിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഞാൻ മനസിൽ കണ്ടതുപോലുള്ള വിഷ്വലുകൾ ഒരുക്കിത്തരികയും ചെയ്തു. 

ഡൽഹിയിലായിരുന്നു ലൊക്കേഷൻ. നമ്മുടെ കഥയുമായി ചേർന്ന് പോകുന്ന രീതിയിൽ ഒരു കറക്ടായ ഇടം കിട്ടി. ഷൂട്ടിംഗ് ക്രൂവിനെയെല്ലാം കൂടി ഉൾക്കൊള്ളാൻ ആ ഇടത്തിന് കഴിഞ്ഞില്ലെങ്കിലും ആ പാൻഡമിക് സിറ്റുവേഷനിലും ഞങ്ങൾ ഒരേ മനസോടെ പ്രവർത്തിച്ചു. അഞ്ചു ദിവസത്തോളം ഒരു ചേരിയിലായിരുന്നു ഷൂട്ടിംഗ്. സിനിമാ ചിത്രീകരണ വേളയിലൊന്നും ആർക്കും കൊവിഡ് വന്നില്ലെന്നതു തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം.
ഒരുമിച്ച് 
അഞ്ച് ചിത്രങ്ങൾ
മകളായ കൊങ്കണ സെന്നുമൊത്ത് അഞ്ചാമത്തെ ചിത്രമാണിത്. അമ്മയാണെങ്കിലും സെറ്റിലെത്തിയാൽ ഞങ്ങൾ സംവിധായികയും നടിയുമാണ്. എന്റെ നിർദ്ദേശങ്ങൾ, കാഴ്ചപ്പാടുകൾ, എന്നിലെ സംവിധായികയ്ക്ക് ആ കഥാപാത്രത്തിലൂടെ ആവശ്യമുള്ള കാര്യങ്ങൾ എല്ലാം കൊങ്കണ തന്നിരിക്കും. അത് ഒരു അഭിനേതാവിന്റെ ചുമതലയാണ്. അവർ ഒരു ഫിലിം ഒരുക്കിയട്ടുണ്ടെങ്കിലും അഭിനയിക്കാൻ വരുമ്പോൾ ആ സംവിധായികയെ മാറ്റി നിറുത്തും. അത് ഞാനായാലും അങ്ങനെ തന്നെയാണ്. അങ്ങനെതന്നെയാണ് വേണ്ടതും. പിന്നെ ഷൂട്ടിംഗിനിടെ ഞാൻ കൂടുതൽ ക്ഷീണിതയായാൽ എനിക്കെന്തെങ്കിലും ചെറിയ വയ്യായ്മയുണ്ടെങ്കിൽ അത് കൊങ്കണയ്ക്ക് വേഗം മനസിലാകും. അപ്പോൾ ഒരു മകളെന്ന നിലയിൽ എനിക്കു തരുന്ന ശുശ്രൂഷയും കെയറും വളരെ വലുതാണ്. കഥ പറയുമ്പോൾ നടിയെന്ന നിലയിൽ അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും സംശയങ്ങൾ ചോദിക്കുകയും ചെയ്യും. പക്ഷേ വീട്ടിലെത്തിയാൽ ഞങ്ങൾ അമ്മയും മകളും മാത്രമാണ്. എന്റെ നയനയെ കൊങ്കണ വളരെ നന്നായി സ്ക്രീനിൽ അവതരിപ്പിച്ചു. കൊങ്കണ മാത്രമല്ല, അർജുൻ രാംപാലും തന്മയ് ധനാനിയയുമൊക്കെ തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

മനസിൽ മുമ്പേ മുളച്ച  ആശയം
ശരിക്കു പറഞ്ഞാൽ വളരെ മുമ്പ് മനസിൽ മുളച്ച ആശയമാണിത്. പക്ഷേ പിന്നീട് പല തിരക്കുകൾ കാരണം ഞാനത് നീട്ടി വച്ചുകൊണ്ടേയിരുന്നു. റേപ്പ് ചെയ്യുന്നവൻ ജനിക്കുന്നതേ റേപ്പിസ്റ്റാകുന്നില്ല. അവനും ഒരു സാധാരണ കുഞ്ഞായിട്ടാണ് വളരുന്നത്, കളിക്കുന്നത്, അവന് അവന്റെ അമ്മയോടുള്ള സ്നേഹം പോലും വളരെ നൈർമല്യമുള്ളതാണ്. പിന്നെ എപ്പോഴാണ് എങ്ങനെയാണ് അവൻ റേപ്പിസ്റ്റായി മാറുന്നത്? ഇൗ ചോദ്യമാണ് എന്റെ മനസിൽ ആദ്യം വന്നത്. എങ്ങനെ വന്നു? എപ്പോ വന്നു എന്നൊന്നും ചോദിച്ചാൽ എനിക്കുത്തരമില്ല. ആ ചോദ്യമാണ് എന്നെ ഇൗ സിനിമയിലേക്ക് നയിച്ചത്. പുതിയൊരു പ്രൊജക്ടിനെക്കുറിച്ച് അപ്ളോസ് എന്റർടെയ്ൻമെന്റുമായി ചർച്ച വന്നപ്പോൾ ഞാൻ ഇൗ ത്രെഡ് പറഞ്ഞു. അവർക്ക് അത് ഇഷ്ടമാവുകയും ചെയ്തു. തുടർന്ന് ഞാനത് തിരക്കഥയാക്കുകയായിരുന്നു. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് പറയുന്നതുപോലെ ഇൗ ചിത്രത്തിന്റെ ഉചിതമായ സമയം ഇതാണ്. ഇതിൽ ഞാൻ സ്ത്രീയുടെ ഭാഗത്തുനിന്ന് മാത്രമല്ല ചിന്തിച്ചത്. അർജുൻ രാംപാലിന്റെയും തന്മയിന്റെയും കഥാപാത്രങ്ങൾക്കായി എനിക്ക് ഒരുപാട് ചിന്തിക്കേണ്ടി വന്നു. അവരുടെ ഭാഗത്തുനിന്നു കൂടി നോക്കേണ്ടി വന്നു. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസിലാകും എന്നത് ശരിയാണ്. എങ്കിലും മറുവശത്തെ കാര്യം കൂടി പറയാൻ നമ്മൾ ബാദ്ധ്യസ്ഥരാണ്. എന്റെ ആദ്യ ചിത്രമായ '36 ചൗരംഗീ ലെയിനി" ൽ ഒരു അദ്ധ്യാപികയുണ്ട് ജെന്നിഫർ. അവരെ ഒരു ഗേൾസ് സ്കൂൾ അദ്ധ്യാപികയായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവരെ ബോയ്സ് സ്കൂൾ ടീച്ചറായും പ്രസന്റ് ചെയ്യാമെങ്കിലും എനിക്ക് കൂടുതൽ അറിയാവുന്നതും പരിചിതമായതുമായ സാഹചര്യം ഗേൾസ് സ്കൂൾ ആയതുകൊണ്ടാണ് ഞാനത് തിരഞ്ഞെടുത്തത്. കൂടുതൽ അറിയാവുന്ന ഇടമാകുമ്പോൾ ഡീറ്റെയിലിംഗും നന്നാകും. നമുക്കു ചുറ്റും കണ്ണു തുറന്നാൽ നിരവധി  വിഷയങ്ങളാണ്  ഉള്ളത്. ആഴത്തിലേക്കിറങ്ങിയാൽ വൈവിദ്ധ്യമുള്ള മനുഷ്യരെയും അവരുടെ അവസ്ഥകളെയും കാണാൻ കഴിയും.