
സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. രോഗാവസ്ഥയിൽ ആണെങ്കിൽ പോലും മഹാനടൻ ജഗതി ശ്രീകുമാർ അടക്കമുള്ള താരങ്ങൾ മമ്മൂട്ടിക്കൊപ്പം സിബിഐ-5വിലുണ്ട്. ഒരു സിബിഐ ഡയറിക്കുറുപ്പ് മുതൽ സേതുരാമയ്യരെ പോലെ പ്രേക്ഷകനെ ഏറ്റവും ആകർഷിച്ച മറ്റൊരു കഥാപാത്രമുണ്ടായിരുന്നു; ഡിവൈഎസ്‌പി ദേവദാസ്. നടൻ സുകുമാരൻ അവിസ്‌മരണീയമാക്കിയ ഈ കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിലായിരുന്നു സേതുരാമയ്യർ സിബിഐ എത്തിയപ്പോൾ സായ് കുമാറിന്റെ രംഗപ്രേവശം. ദേവദാസിന്റെ മകൻ സത്യദാസ് ആയിട്ടായിരുന്നു അദ്ദേഹം എത്തിയത്.
ചിത്രത്തിൽ ഒരു പൊലീസ് വേഷമുണ്ടെന്നല്ലാതെ, സുകുമാരൻ ചെയ‌്ത കഥാപാത്രത്തിന്റെ തുടർച്ചയാണ് തന്റെ വേഷമെന്ന് അറിഞ്ഞിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സായ് കുമാർ. ലൊക്കേഷനിൽ എത്തിയപ്പോൾ മാത്രമാണ് സംഗതി വെളിപ്പെട്ടതെന്നും, ഒടുവിൽ സത്യദാസിനെ എങ്ങനെയാണ് താൻ രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'സുകുവേട്ടൻ ചെയ‌്ത വേഷമാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ആ ഏരിയയിൽ പോകില്ലായിരുന്നു. അങ്ങേര് അടിച്ചുപൊക്കിവച്ചേക്കുന്ന സാധനമല്ലേ? സുകുവേട്ടൻ എന്നെ കണ്ടിരിക്കുന്നത് രാജുവിന്റെ മൂത്ത ഒരുത്തൻ എന്ന നിലയിൽ ആയിരുന്നു. ലൊക്കേഷനിൽ എത്തിയപ്പോൾ മധുച്ചേട്ടൻ പറഞ്ഞു, സുകുമാരൻ ചെയ‌്ത വേഷത്തിന്റെ അനിയനാണ്. വെറുതെയാണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഒടുവിൽ എസ്എൻ സ്വാമി കൂടി പറഞ്ഞതോടെ ഞെട്ടി.
ഒടുവിൽ ചെയ്യാൻ തീരുമാനിച്ചു. സുകുവേട്ടൻ ചെയ‌്ത ചില കാര്യങ്ങളൊക്ക ഇട്ട് ചെയ്യാമെന്നാണ് തീരുമാനിച്ചത്. മധുച്ചേട്ടന് മുന്നിൽ അവതരിപ്പിച്ചപ്പോൾ ഓകെ. പക്ഷേ മമ്മൂക്ക പറഞ്ഞത് കുഴപ്പമാകും എന്നായിരുന്നു. മുകേഷും അതുതന്നെ പറഞ്ഞു. എന്തായാലും സംഭവമേറ്റു. സുകുവേട്ടന്റെ അനുഗ്രഹം തന്നെയായിരുന്നു പിന്നിൽ.
ആ സമയത്താണ് എന്നെ ഒരു ഇന്റർവ്യൂവിന് വിളിക്കുന്നത്. കൂടെ, രാജുവും ഇന്ദ്രനും. എന്തുകാര്യത്തിനാണെന്ന് ഞാൻ ഇന്റർവ്യൂവിന് വിളിച്ചവരോട് ചോദിച്ചു. രാജുവിനോട് പറഞ്ഞപ്പോൾ അവൻ ചിരിയോട് ചിരിയായിരുന്നു. എന്നെയും വിളിച്ചു ചേട്ടാന്ന് പറഞ്ഞു. മക്കളെ, നിന്നോട് ചോദിച്ചാൽ നിനക്ക് ഡേറ്റില്ല, ഇന്ദ്രനാണെങ്കിലും അങ്ങനെ തന്നെ എന്ന് ഞാൻ ചട്ടം കെട്ടി. അല്ലാതെ, എന്ത് ചോദിക്കാനാണ് അവർ വരുന്നത്. ശ്രീധരൻ നായരുടെ മകനാണോ അതോ സുകുമാരന്റെ മകനോന്ന് ചോദിക്കാനോ? അല്ലാതെ വേറൊന്നും അതിനകത്ത് ചോദിക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല'- സായ് കുമാറിന്റെ വാക്കുകൾ.