 
ഫിഫ അണ്ടർ 17 ലോകകപ്പ് , രാജ്യത്തിന് വേണ്ടി കളിക്കാൻ ലഭിച്ച അവസരം.... ആ സമയത്ത് തന്നെയാണ് ജീവിതത്തിലെ മറ്റൊരു നിർണായകമായ കാലഘട്ടം. എസ്.എസ്.എൽ.സി പരീക്ഷ. പന്ത് കളിക്കാൻ പോകണമോ ?... അതോ പരീക്ഷ എഴുതണമോ ?... എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിയാത്ത വിഷമസന്ധി. അധികം വൈകാതെ തന്നെഒരു തീരുമാനമെടുക്കണം. തന്റെ  ജീവിതവഴി  ഫുട്ബാൾ  ആണ്. പിന്നെ മറ്റൊന്നും തന്നെ ആലോചിക്കാനുണ്ടായിരുന്നില്ല. രാജ്യത്തിന് വേണ്ടി ജഴ്സിയണിയണം.  ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയ അറ്റാക്കിംഗ് മിഡ്ഫിൽഡർ കെ.പി.രാഹുലെന്ന തൃശൂർക്കാരനാണ് ഈ  മിടുക്കൻ. 
അന്ന് എടുത്ത തീരുമാനം കെ. പി.രാഹുലെന്ന ഫുട്ബാൾ കളിക്കാരന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായിരുന്നു. അത് പിന്നീട് തേച്ച് മിനുക്കി ഈ മികവ് വരെ എത്തി നിൽക്കുമ്പോൾ ഭാവിയിലെ ഇന്ത്യൻ ഫുട്ബാളിന്റെ  വാഗ്ദാനം  കൂടിയാണ് കേരളത്തിന്റെ ചുണക്കുട്ടൻ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാരണം ഫുട്ബാൾ അവന്റെ രക്തത്തിലലിഞ്ഞുചേർന്നതുതന്നെ.
സ്വപ്രയത്നം കൈമുതൽ
മദ്ധ്യവേനലവധിക്കാലത്തും  മറ്റും  നടക്കുന്ന കോച്ചിംഗ് ക്യാമ്പുകളിലൂടെ  ലഭിച്ച ശിക്ഷണം മാത്രമായിരുന്നു  രാഹുലിന്റെ  കൈമുതൽ.  സ്വന്തം പ്രയത്നത്തിലൂടെയാണ്  പിന്നെ ഒരോ ചുവടും മുന്നോട്ട് വച്ചത്. അണ്ടർ ലോകകപ്പ് കഴിഞ്ഞ് അടുത്ത വർഷം ഓപ്പൺ പരീക്ഷയെഴുതി എസ്.എസ്.എൽ.സി പരീക്ഷ പാസായതോടെ  അന്നത്തെ തീരുമാനമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. ഇന്ന്  രാജ്യത്തെ അറിയപ്പെടുന്ന മദ്ധ്യനിരക്കാരനായി മാറികഴിഞ്ഞു . ലോകകപ്പ് കളിച്ച ഏക മലയാളിയെന്ന ബഹുമതി കൂടി രാഹുലിന്  സ്വന്തമാണ്. മികച്ച പന്തടക്കവും അതോടൊപ്പം മികച്ച ഡ്രിബ്ലിംഗും തന്നെയാണ് രാഹുലിനെ വേറിട്ട് നിർത്തുന്നത്.ഇതിനിടയിൽ അണ്ടർ 17, അണ്ടർ 20, അണ്ടർ 23 എന്നിവയിൽ രാജ്യത്തിന് വേണ്ടി ജഴ്സിയണിയാൻ  ഈ ഇരുപത്തി രണ്ടുകാരന് സാധിച്ചു. രാഹുൽ എന്നും അത്ഭുതമായിരുന്നു. 2015 അണ്ടർ 14  വിഭാഗത്തിൽ നിന്നും കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാലം ബോബി ജോഷിയായിരുന്നു കേരള കോച്ച്. കൊൽക്കത്തയിൽ നടന്ന അന്തർ സംസ്ഥാന മത്സരത്തിൽ ഒമ്പത് ഗോളുകൾ പിറന്നത് രാഹുലിന്റെ കുഞ്ഞു ബൂട്ടിൽ നിന്നായിരുന്നു. 
 
ക്വാർട്ടറിൽ  കർണാടകക്കെതിരെ വിജയഗോൾ, സെമിയിൽ സിക്കിമിനെതിരെ രണ്ട് ഗോൾ. ഇതെല്ലാം രാഹുലിന്റെ കരിയറിലെ വഴിത്തിരിവുകളായിരുന്നു. അച്ഛന്റെ  സഹോദരൻ പ്രദീപായിരുന്നു ആദ്യ പരിശീലകൻ. പ്രദീപിനൊപ്പമായിരുന്നു പാടത്തും പറമ്പിലും തൃശൂരിലെ വിവിധ മൈതാനങ്ങളിലും രാഹുലെന്ന ഫുട്ബാൾ പ്രതിഭ തന്റെ കുട്ടിക്കാലത്ത് പന്ത് തട്ടി കളിച്ചിരുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കോച്ച് പീതാംബരനാണ് രാഹുലിന്റെ കളിക്കളത്തിലെ ' തനിനിറം" തിരിച്ചറിഞ്ഞത്. ജില്ലാ ഫുട്ബാൾ ക്യാമ്പിൽ വച്ചായിരുന്നു അത്. തുടർന്ന് രണ്ട് രണ്ടു വർഷത്തിന് ശേഷമാണ് സംസ്ഥാന ടീമിലേക്ക് പ്രവേശനം നേടിയത്. പിന്നീട് അണ്ടർ ലോകകപ്പ് ഇന്ത്യൻ ടീമിലേക്കുള്ള കവാടവും തുറന്നു. ഇതിനിടയിൽ ഐ ലീഗിൽ ആരോസിന്റെ ജഴ്സിയും അണിഞ്ഞു. ഇത്തവണയും ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാണ്  ആഗ്രഹം.
ബ്ലാസ്റ്റേഴ്സിലെ  ' ബേബി " യായി  അരങ്ങേറ്റം
വിദേശ താരങ്ങൾ, ഇന്ത്യയിലെ പ്രമുഖ താരങ്ങൾ എന്നിവർ അണിനിരക്കുന്ന ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് ടീമിലേക്ക് ബേബിയായാണ്  രാഹുൽ 19 ാം വയസിൽ കടന്നു ചെല്ലുന്നത്. ആ വർഷം തന്നെ ഐ.എസ്.എല്ലിൽ അരങ്ങേറ്റം. മുംബയ്  എഫ് സിക്കെതിരെയായരുന്നു ആദ്യ മത്സരം. ഹൈദരാബാദ് എഫ്.സിക്കെതിരെയായിരുന്നു ഐ.എസ്.എല്ലിലെ ആദ്യ ഗോളും. അറ്റാക്കിംഗ് മിഡ്ഫിൽഡറുടെ റോളിൽ പലതവണ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച രാഹുൽ ഹൈദരാബാദ് എഫ്.സിക്കെതിരെ ഫൈനലിൽ ആദ്യ ഇലവനിൽ തന്നെ സ്ഥാനം നേടി. ടീമിന്റെ കുന്തമുനയായ അഡ്രിയാൻ ലൂണയ്ക്ക് ഒപ്പം 70 മിനുട്ടിലേറെ നേരം മദ്ധ്യനിരയിൽ നിറഞ്ഞു നിന്ന രാഹുൽ കോച്ച് ഇവാൻ വുകോമനോവിച്ച് അർപ്പിച്ച വിശ്വാസത്തിന് അറുപതെട്ടാം മിനുട്ടിലെ തന്റെ  മിന്നുന്ന ഗോളിലൂടെ തിരിച്ചു നൽകുകയായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ചരിത്രത്തിലെ രണ്ടാമത്തെ ഫിൾഡ് ഗോൾ കൂടിയാണ് രാഹുലിന്റേത്. 2016ൽ ആദ്യ ഫൈനൽ കളിച്ചപ്പോൾ അന്ന് മറ്റൊരു മലയാളിയായ മുഹമ്മദ് റാഫിയായിരുന്നു വലകുലുക്കിയത്. രണ്ടാം ഫൈനലിൽ ഗോൾ നേടാൻ സാധിച്ചില്ല. എന്നാൽ ഫൈനലിൽ രാഹുലിന്റെ ഗോളിലൂടെ ആദ്യ ഐ.എസ്.എൽ കീരിടം ഉയർത്തമെന്ന് അവസാന നിമിഷം വരെ കേരളത്തിന്റെ ഫുട്ബാൾ ആരാധകർ സ്വപനങ്ങൾ നെയ്തെങ്കിലും അതിന് സാധിച്ചില്ലെന്ന് മാത്രം. ആ നിരാശ ഇപ്പോഴും രാഹുലിന്റെ മുഖത്ത് നിഴലിക്കുന്നുണ്ട്. കേരളത്തിന്റെ ഫുട്ബാൾ പ്രേമികളുടെ മനസ് നിറച്ച് രാഹുൽ 68 -ാം മിനുട്ടിലാണ് ഹൈദരാബാദ് എഫ്.സിയുടെ വല കുലുക്കിയത്. എന്നാൽ കളിതീരാൻ രണ്ടു മിനിട്ട് മാത്രം അവശേഷിക്കെ ഹൈദരാബാദ് ഗോൾ മടക്കിയതോടെ എല്ലാ പ്രതീക്ഷകളും വീണുടയുകയായിരുന്നു

വീട്ടുകാരുടെ കണ്ണിലുണ്ണി
വീട്ടിലേക്ക് വിളിച്ചാൽ വീട്ടു വിശേഷം മാത്രമേ സംസാരത്തിലുണ്ടാകൂ. മിക്ക ദിവസവും വീട്ടിലേക്ക് വിളിക്കും. പക്ഷേ വീട്ടുക്കാർ ക്യാമ്പിനെ കുറിച്ചും അടുത്ത ദിവസത്തെ കളിയെ കുറിച്ചും ചോദിച്ചാൽ രാഹുൽ ഒരിക്കലും പറയാറില്ലെന്ന് അച്ഛൻ പ്രവീൺ പറഞ്ഞു. വീട്ടിലേക്ക് വിളിക്കുന്നത് വീട്ടിലെ വിശേഷങ്ങൾ അറിയാനാണെന്നാണ് രാഹുലിന്റെ നിലപടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഫൈനലിന്റെ തലേന്ന് വിളിച്ചപ്പോൾ അമ്മ ബിന്ദു പറഞ്ഞത് ഒരൊറ്റ കാര്യമായിരുന്നു, മോൻ ഗോളടിക്കുന്നത് കാണണമെന്ന്. അപ്പോഴും മറുപടി  നോക്കട്ടെ എന്നു മാത്രമായിരുന്നു. അമ്മയുടെ അഗ്രഹം 68 -ാം മിനുട്ടിൽ സാക്ഷാത്കരിച്ചെങ്കിലും കീരിടം നേടാൻ സാധിക്കാതിരുന്നതിന്റെ വിഷമം ഇരുവരും പങ്കുവച്ചു. മണ്ണുത്തി ഒല്ലൂക്കര കണ്ണോളി പ്രവീണിന്റെയും ബിന്ദുവിന്റെയും മകനാണ്. പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദനയാണ് സഹോദരി. നന്ദനയും ചേട്ടന്റെ വഴിയിലുടെ സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഫുട്ബാൾ കളിക്കാരികൂടിയാണ് നന്ദന.
ജനനം : 2000 മാർച്ച് 16
ക്ലബ്ബുകൾ
ഇന്ത്യൻ ആരോസ്
കേരള ബ്ലാസ്റ്റേഴ്സ്
(നിലവിൽ)
ദേശീയ ടീം
2015 - 18 അണ്ടർ 17
2017 - 19 അണ്ടർ 20
2019  അണ്ടർ 23