sathyan-anthikkad

മലയാളിക്ക് കുടുംബ സദസിന്റെ സിനിമയെന്ന് പറഞ്ഞാൽ അത് സത്യൻ അന്തിക്കാടിന്റെ സിനിമയാണ്. സംവിധാനം സത്യൻ അന്തിക്കാടാണെന്നു കേട്ടാൽ പിന്നെ കുടുംബമായി സിനിമ കാണാൻ പോകുന്നവർ രണ്ടാമതൊന്ന് ചിന്തിക്കാറില്ല. രണ്ടര മണിക്കൂറിൽ ഒരു നാടും അവിടുത്തെ നിഷ്‌കളങ്കരായ മനുഷ്യരും അവരുടെ ജീവിതവുമൊക്കെ തന്നെ സാധാരണ ഒരു പ്രേക്ഷകന് ഇഷ്ടപ്പെടുന്ന തരത്തിൽ വലിയ ആർഭാടങ്ങളില്ലാതെ അവതരിപ്പിച്ച് മലയാളിയുടെ പ്രിയ സംവിധായകനായി മാറിയ വ്യക്തിയാണ് സത്യൻ അന്തിക്കാട്. മലയാള സിനിമയിൽ 40 വർഷത്തോളമായി സജീവമായി നിൽക്കുന്ന വ്യക്തിത്വമാണെങ്കിലും അന്തിക്കാട്ടെ ഒരു സാധാരണക്കാരൻ തന്നെയാണ് താനെന്ന് ആവർത്തിച്ചു പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌കെയിലെത്തിയ അദ്ദേഹം 40 വർഷത്തെ തന്റെ അനുഭവവും പ്രിയപ്പെട്ടവരെയുമൊക്കെ പറ്റി പറഞ്ഞിരുന്നു. തന്റെ കുടുംബത്തിലെ വിശേഷങ്ങളുൾപ്പടെ ഒരു അയൽക്കാരനോടെന്ന നിലയിലാണ് അദ്ദേഹം സംവദിച്ചത്.


സന്ദേശത്തിന്റെ ശരിക്കുള്ള സന്ദേശമെന്താണ്? തെറ്റായ രാഷ്ട്രീയത്തേക്കാൾ വിപത്താണ് അരാഷ്ട്രീയത അഥവാ രാഷ്ട്രീയമില്ലായ്മ. അത്തരത്തിൽ അരാഷ്ട്രീയവാദം പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ലേ സത്യൻ അന്തിക്കാടിന്റെ സന്ദേശമെന്ന് അടുത്തിടെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അതിനെപ്പറ്റി സംവിധായകന് പറയാനുള്ളതെന്താണ്?

സന്ദേശത്തിൽ അരാഷ്ട്രീയത അടിച്ചേൽപ്പിച്ചതാണ്. ചിത്രത്തിന്റെ അവസാനം തിലകൻ പറയുന്നതെന്താണെന്ന് ഓർക്കുന്നുണ്ടോ? രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആൾക്കാർ ചെയ്യുമ്പോൾ. ഈ ഡയലോഗാണ് തിലകൻ മക്കളോട് പറയുന്നത്. സ്വാർത്ഥ താത്പര്യത്തിന് വേണ്ടി രാഷ്ട്രീയത്തെ മുതലെടുക്കുന്നവരെയാണ് ചിത്രം വിമർശിക്കുന്നത്. സന്ദേശം രാഷ്ട്രീയ പാർട്ടികളുടെ അണികൾക്കായുള്ള ചിത്രമാണ്. സിനിമയിലെവിടെയെങ്കിലും ഒരു മന്ത്രിയെയോ എംഎൽഎയോ പോലും കാണിക്കുന്നുണ്ടോ? ഏറ്റവും ഉയർന്ന അധികാരമുള്ളത് മാമുക്കോയ ചെയ്ത മണ്ഡലം പ്രസിഡന്റിനാണ്. നേതാക്കന്മാർ അണികളെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനുള്ള നേർക്കാഴ്ചയാണ് സന്ദേശം. അതിൽ അരാഷ്ട്രീയത കാണേണ്ട ആവശ്യമില്ല. രാഷ്ട്രീയം എന്തായിരിക്കണമെന്ന വ്യക്തമായ ഒരു സന്ദേശവും അതിലുണ്ട്.


സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾക്കെല്ലാം ഒരേ സ്വഭാവമാണ്. നാട്ടിൻ പുറത്തെ നന്മയും സന്തോഷവുമെല്ലാം സ്ഥിരമായി മാറി മാറി വരുന്നു. എന്തുകൊണ്ടാണ് ഒരു ത്രില്ലറോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്വഭാവത്തിലോ ഉള്ള ചിത്രങ്ങൾ പരീക്ഷിക്കാത്തത്? വിപണി സത്യനെന്ന വ്യക്തിയിൽ ചെലുത്തിയ സമ്മർദ്ദമാണോ അതിനുള്ള കാരണം?
വിപണിയുമായൊന്നും ഇതിന് യാതൊരു ബന്ധവുമില്ല. അതെന്റെ വ്യക്തിപരമായ ഇഷ്ടംകൊണ്ടാണ്. ജീവിതത്തിലിന്നേവരെ ഒരു തോക്കോ ബോംബോ ഒന്നും കാണാത്ത ഞാനെങ്ങനെയാണ് അത്തരത്തിലുള്ള ഒരു സിനിമ ചെയ്യുന്നത്. എന്റെ വിഷയങ്ങൾ എന്നെ ഞാനാക്കിയ അന്തിക്കാടിന്റെ ചുറ്റുമുള്ള ഗ്രാമീണതയും, അവിടുത്തെ ജീവിതവും, നാട്ടുകാരുടെ കുശുമ്പും കുന്നായ്മയുമൊക്കെയാണ്. ആ കഥ പോലും ഇതു വരെ ഞാൻ പറഞ്ഞു തീർന്നിട്ടില്ല. മാത്രമല്ല, പ്രേക്ഷകർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു തരം കഥയുണ്ട്. സത്യൻ അന്തിക്കാടിന്റെ സിനിമയാണോ അത് ഞങ്ങൾ കണ്ടിരിക്കും എന്ന് പറഞ്ഞ എന്റെ ഒരു സ്റ്റൈൽ പ്രതീക്ഷിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർക്ക് ചിലപ്പോൾ ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെട്ടുവെന്ന് വരില്ല. എന്റെ സ്റ്റൈലിൽ നിന്ന് വ്യതിചലിച്ച് സിനിമ ചെയ്തിട്ടില്ല എന്നു പറയാനാകില്ല. പിന്ഗാമി എന്റെ സ്ഥിരം സ്റ്റൈലിൽ നിന്ന് മാറി വന്ന ചിത്രമാണ്. അതിറങ്ങിയപ്പോൾ ഉണ്ടായ ഒരു സംഭവം പറയാം. പിന്ഗാമിക്കൊപ്പം റിലീസായ സിനിമയാണ് പ്രിയന്റെ തേന്മാവിൻ കൊമ്പത്ത്. എന്റെ ഭാര്യയും മക്കളും പോലും പിൻഗാമി കാണാതെ തേന്മാവിൻ കൊമ്പത്ത് കാണാനാണ് താത്പര്യപ്പെട്ടത്. എന്റെ ഒരു സ്റ്റൈലിൽ നിന്ന് മാറാത്തത് വ്യക്തിപരമായ ഇഷ്ടം കൊണ്ടാണ്. എന്റെ ഗ്രാമവും അവിടുത്തെ പെണ്ണുങ്ങളും അവരുടെ കഥകളുമൊന്നും ഇനിയും ഞാൻ പറഞ്ഞു തീർന്നിട്ടില്ല.


വമ്പൻവിജയങ്ങൾ നേടുന്ന ചിത്രങ്ങളിൽ ചിലതെങ്കിലും ഉള്ളിൽ താൻ വലിയൊരു വ്യക്തിത്വമാണെന്ന ചിന്തയുണ്ടാക്കിയിട്ടില്ലേ?

ഉണ്ടാവാറുണ്ട് പക്ഷെ അത് തൊട്ടടുത്ത നിമിഷം കെടുത്തിക്കളയാൻ കൂടെയൊരാളുമുണ്ട്. ചില ചിത്രങ്ങളൊക്കെ വലിയ വിജയങ്ങൾ നേടുമ്പോൾ ഉള്ളിൽ ചെറിയ രീതിയിൽ ചില തോന്നലൊക്കെ വരും. എന്നാൽ ആ ചിന്തയിലിങ്ങനെ നിൽക്കുമ്പോഴാവും ചെടി നനയ്ക്കാനോ കൊപ്ര അരിയാനോ ഒക്കെ കൊണ്ട് ഭാര്യ വരുന്നത്. സംവിധായകനൊക്കെ തന്നെ പക്ഷെ ഈ കൊപ്ര ഇന്നരിഞ്ഞാൽ മാത്രമേ നാളെ അത് എണ്ണയാട്ടാൻ കൊണ്ടുപോകാൻ പറ്റു എന്നൊക്കെയുള്ള ഭാര്യയുടെ വാക്കുകൾ കേൾക്കുൾ ഉള്ളിലെ ആ അഹംഭാവമൊക്കെ താനേ കെട്ടടങ്ങിപ്പോകും. മലയാളത്തിലെ പ്രമുഖ താരം ദുൽഖറിനെ ഇന്നലെ ഡയറക്ട് ചെയ്ത ഞാനാണോ ഇന്ന് ഈ വെയിലത്തിരുന്ന് കൊപ്ര അരിയുന്നത്? വലിയ സംവിധായകനിലുപരി അന്തിക്കാട്ടെ ഒരു സാധാരണ മനുഷ്യനായി തന്നെ നിലനിൽക്കാൻ എന്റെ ഭാര്യയാണ് എന്നെ സഹായിക്കുന്നത്.


40 വർഷമായി സിനിമാ സംവിധായകനാണ്. എന്ത് തോന്നുന്നു?

സിനിമ ഒരുപാട് മാറി. പുതിയ സംവിധായകരും എഴുത്തുകാരും നടന്മാരും നടിമാരുമൊക്കെ വന്നു. എല്ലാ ചിത്രങ്ങളും കാണാറുണ്ട്. നല്ല ചിത്രങ്ങളുടെ സംവിധായകരെ നമ്പർ തപ്പി പിടിച്ച് വിളിച്ച് അനുമോദിക്കാറുണ്ട്. കാരണം അതവർക്കൊരു ഊർജ്ജമാണ്. ഇന്ന് ഞാൻ മത്സരിക്കേണ്ടത് എന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കളുമായിട്ടാണ്. സിനിമയിൽ ക്വാളിറ്റിയിലാണ് കാര്യം. ഏവരും ഓർത്തിരിക്കുന്നത് വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായിരിക്കില്ല. നല്ല മൂല്യമുള്ള ചിത്രങ്ങളെയാണ്. അങ്ങനെയുള്ള ചിത്രങ്ങൾ ഒരുപാട് ഇറങ്ങാറുമുണ്ട്. സിനിമ ഗാനങ്ങളിലാണ് ചെറിയ നിരാശയുള്ളത്. ഇന്ന് പാട്ടുകളിൽ സാഹിത്യം കുറവാണ്. സിനിമയ്ക്ക് പുറത്തേക്ക് ഗാനങ്ങളുടെ ആസ്വാദനം എത്തുന്നില്ല എന്ന് തോന്നിയിട്ടുണ്ട്.


കെപിഎസി ലളിതയെയും തിക്കുറിശിയെയുമൊക്കെയാണ് അക്ഷരം തെറ്റാതെ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളെന്ന് വിളിക്കാനാവുന്നത്. തന്റെ സിനിമകൾ അവരുടെയൊക്കെ സ്ഥിരം നാടക വേദിയായിരുന്നു. സിനിമ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പ് ദിവസങ്ങൾ മുന്നേ തന്നെ വീട്ടിൽ വന്ന് താമസിക്കുമായിരുന്ന തിക്കുറിശി പറഞ്ഞതുകൊണ്ട് മാത്രം ഹിറ്റായ ഡയലോഗുകൾ മലയാളി പ്രേക്ഷകന്റെ മനസ്സിലിന്നും തങ്ങി നിൽക്കുന്നുണ്ട്. നാട്ടുമ്പുറത്തെ കഥകളൊന്നും തീർന്നിട്ടില്ല. അവിചാരിതമായി കണ്ടെത്തിയ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് ആ കഥകൾക്ക് നിറവും ജീവനും പകർന്നു. പത്തൊമ്പതാം വയസ്സിൽ സിനിമയിലത്തിയ സത്യൻ അന്തിക്കാടിൽ നിന്ന് ഇനിയും അത്തരം കഥകൾ കേൾക്കാൻ മലയാളിക്ക് ഭാഗ്യമുണ്ടാകും. പുതിയ തലമുറയ്‌ക്കൊപ്പവും അദ്ദേഹം ചിത്രങ്ങൾ ചെയ്യും. നിത്യ ജീവിതത്തിലെ ചെറിയ കള്ളത്തരവും പാരവയ്പുകളും സന്തോഷവും സാധാരണക്കാരന്റെ സന്തോഷവും സങ്കടങ്ങളുമൊക്കെ അന്തിക്കാട് ചിത്രങ്ങളുടെ പ്രമേയങ്ങളാവുകയും ചെയ്യും.