
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കൂടിയായ കഥാകൃത്ത് പി. കെ. ശ്രീനിവാസന്റെ മുപ്പത് പുതിയ കഥകളുടെ സമാഹാരമാണ് 'ജനാലയിലെ കടുവ." സമകാലികജീവിതത്തിന്റെ വിഭ്രാത്മകയാഥാർത്ഥ്യങ്ങൾ ആവിഷ്ക്കരിക്കുന്ന ഈ കഥകളിലൂടെ താനൊരു പീഡനകാലത്തിന്റെ കഥാകാരനാണെന്നാണ് ശ്രീനിവാസൻ സാക്ഷ്യപ്പെടുത്തുന്നത്. താൻ ജീവിക്കുന്ന ദുസ്സഹമായ കാലത്തിന്റെ കാലുഷ്യങ്ങളോടുള്ള ഒരു പ്രതികരണരീതിയാണത്. സംവേദനശേഷിയും സത്യസന്ധതയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തെക്കുറിച്ചുള്ള ആവലാതികളാണ് അതിന്റെ അന്തഃസത്ത. എന്നാലിത് തീർത്തും ഒരിരുണ്ട ലോകമല്ല. അസംബന്ധജഡിലവും അക്രമാസക്തവുമായ ജീവിതാവസ്ഥയിൽ നിന്ന് വെളിച്ചത്തിലേക്ക് വാതിലുകളുണ്ടോ എന്ന അന്വേഷണമാണ് ഈ കഥകളുടെ അനുഭവലോകത്തെ നിർണ്ണയിക്കുന്നത്. പി. കെ. ശ്രീനിവാസന്റെ കഥകൾ ഒരേ സമയം ഒരു മുന്നറിയിപ്പും പ്രതിരോധവുമായിത്തീരുന്നത് അങ്ങനെയാണ്.
ജനാധിപത്യവ്യവ്യസ്ഥയുടെ പ്രതീതി നിലനിർത്തിക്കൊണ്ട് ഭരണകൂടങ്ങൾ ജനാധിപത്യാവകാശങ്ങളെ അട്ടിമറിക്കുകയും വ്യക്തിസ്വാതന്ത്യത്തെയും മനുഷ്യാവകാശങ്ങളെയും കവർന്നെടുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ അനാവരണംചെയ്യുന്ന ഒന്നിലേറെ കഥകൾ ഈ സമാഹാരത്തിലുണ്ട്.
'സമയപുരം എഡി 2020" എന്ന കഥയിൽ ഭരണകർത്താക്കൾക്കെതിരെ നടത്തുന്ന നിർദോഷമായ സ്വകാര്യവിമർശനങ്ങൾപോലും ക്രൂരമായി അടിച്ചമർത്തപ്പെടുന്ന ഒരവസ്ഥയെയാണ് പ്രത്യക്ഷപ്പെടുത്തുന്നത്. ചുറ്റും നടക്കുന്ന അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയാകരുതെന്നും ജനാലകൾ തുറന്നിട്ട് പുറംകാഴ്ചകൾ കാണുന്നത് തന്നെ ശിക്ഷാവിധി ലഭിക്കാവുന്ന കുറ്റമാണെന്നും പറയാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണ് 'ജനാല" എന്ന കഥ. കഥാപാത്രം എഴുത്തുകാരനെതിരെ തിരിയുകയും സ്ത്രീപീഡനത്തിനു കേസുകൊടുക്കുകയും ചെയ്യുന്ന 'സീൻ നമ്പർ മുപ്പത്തിയേഴ് " എന്ന കഥ വർത്തമാനകാല സാഹചര്യത്തിൽ ഒറ്റപ്പെട്ട അനുഭവമേയല്ല. 
 
മാനുഷിക മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള കവചമായി മാറേണ്ട കോടതികളും നിയമസംവിധാനവും അവ നിഷേധിക്കുന്നതിനുള്ള മറയായി മാറുന്നതിന്റെ വ്യഥയും ആശങ്കയും ഒട്ടേറെ കഥകളിൽ കഥാകാരൻ പങ്കുവയ്ക്കുന്നുണ്ട്. ഒരു അപസർപ്പക കഥ പോലെ തോന്നുന്ന 'തൂക്കുകയർ" എന്നകഥ ക്രിനിമലുകൾ നിറഞ്ഞ പോലീസ് - ജയിൽ വ്യവസ്ഥയെ സംബന്ധിച്ച് ഭീതിയുടെ വായനാനുഭവമാണ് നൽകുന്നത്. 'ജനാലയിലെ കടുവ" എന്ന ശീർഷകത്തിന്റെ അർത്ഥധ്വനികൾ ഒരു പക്ഷെ, ഈ സമാഹാരത്തിലെ മിക്ക കഥകൾക്കും യോജിക്കും. വസ്തുതകൾ തകിടം മറിയുന്നതിന്റേയും നേര് നുണയാകുന്നതിന്റേയും ഇര പ്രതിയാവുന്നതിന്റേയും ക്ഷോഭകരമായ വിശദീകരണമാണ് ജനാലയിലെ കടുവ എന്ന കഥ. 
ശ്രീനിവാസന്റെ കഥകൾ പ്രസരിക്കുന്ന വികാരം സ്തോഭമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കഥയെഴുത്ത് അർത്ഥപൂർണമായ ഒരു പ്രതിഷേധ ചേഷ്ടയാണ്. സത്യസന്ധതയില്ലാത്ത കാലത്തെക്കുറിച്ചും സംവേദനശേഷിയില്ലാത്ത സമൂഹത്തെപ്പറ്റിയും അത് വേവലാതികൊള്ളുന്നു. ചോദ്യങ്ങളും സംശയങ്ങളുമുയർത്തുന്നു. രാഷ്ട്രീയ വ്യവസ്ഥിതിയെ വിസ്തരിക്കുന്നു. എഴുത്തുകാരന്റേത് അടച്ചുപൂട്ടാൻ കഴിയാത്ത ഒരു വായയാണെന്ന് കഥകളെഴുതി പറയാൻ ശ്രമിക്കുന്നു. വെറും കഥപറച്ചിലിൽനിന്ന് ദാർശനികമായ ഉൾക്കാഴ്ച്ചയിലേക്ക് മുതിരുന്ന കഥകളാണ് ശ്രീനിവാസന്റേത്. സക്കറിയ എഴുതിയ ആമുഖത്തിൽ ഈ സവിശേഷതകളുടെ കാര്യകാരണങ്ങൾ വിശദമാക്കപ്പെടുന്നുമുണ്ട്.
സൈൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില ₹ 230