rajamouli

ഷൂട്ടിംഗ് തുടങ്ങിയതുമുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് ആർആ‍ർആർ. രാംചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. എന്തുകൊണ്ട് ആർആർആർ ഒരു മൾട്ടിസ്റ്റാർ ചിത്രമായെന്ന് ചോദിച്ചാൽ സംവിധായകൻ രാജമൗലിയുടെ ഉത്തരം ഇതാണ്. രണ്ട് സൂപ്പർ താരങ്ങളെ ഒന്നിച്ചു കാണുന്നതും സ്ക്രീനിൽ അവർ മത്സരിച്ച് പെർഫോം ചെയ്യുന്നതും കാണാൻ ഏറെ ഇഷ്ടമുള്ള ആളാണ് താൻ. അതുകൊണ്ടാണ് ആർആർആർ ഒരു മൾട്ടി സ്റ്റാർ ചിത്രമായി മാറിയത്. കൗമുദി മൂവീസ് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

ചിത്രത്തിൽ ഇവർക്ക് പുറമേ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ്‌ ദേവ്‌ഗണും എത്തുന്നുണ്ട്. ചിത്രത്തിലുടനീളം ഇരുവരുമില്ലെങ്കിലും വളരെ പ്രധാനപ്പെട്ട വേഷങ്ങളിലാണ് ഇവർക്ക് വേണ്ടി സംവിധായകൻ മാറ്റി വച്ചിരിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ പലവട്ടം ആലിയ തന്നെ ഞെട്ടിച്ചുണ്ടെന്നും രാജമൗലി പറയുന്നു. താരങ്ങൾക്ക് പുറമേ ചിത്രത്തിലെ അണിയറ പ്രവർത്തകരുടെ സാന്നിദ്ധ്യവും ഏറെ ചർച്ചയായിരുന്നു.

'എന്റെ ചിത്രത്തിൽ വർക്ക് ചെയ്ത ടെക്നിഷ്യൻസെല്ലാം വളരെയധികം എക്സ്പീരിയൻസും ടാലന്റുമുള്ളവരാണ്. ആർട്ട് വർക്കായാലും കൊറിയോഗ്രഫിയായാലും കാമറയായാലുമെല്ലാം മികച്ച ആൾക്കാർ ആണ്. കൊവിഡിന് മുന്നേ തുടങ്ങിയ ആലോചനയാണ് ആർആർആറിന്റേത്. പക്ഷേ,​ റിലീസ് ഒരുപാട് നീണ്ടുപോയി. എന്നാലും ആ കാത്തിരിപ്പ് ഒരിക്കലും മടുപ്പിച്ചിട്ടില്ല.

കൊവിഡ് സമയത്ത് എന്റെ സിനിമ മാത്രമല്ല ലോകം മുഴുവൻ നിശ്ചലമായ സമയമാണ്. കാര്യങ്ങളെല്ലാം പതിയെ തിരിച്ചുവരുമെന്ന് ഉറപ്പായിരുന്നു. പിന്നെ കൊവിഡും തീയേറ്റർ അടച്ചതും ഒന്നും നമ്മുടെ കൈയിലല്ലല്ലോ. എന്റെ ജോലി സിനിമ എടുക്കുക എന്നതാണ്. അത് ഞാൻ ചെയ്തു."