
വാഷിംഗ്ടൺ: മനുഷ്യൻ ഏറ്റവുമധികം അറിയാനാഗ്രഹിക്കുന്ന കാര്യം എന്നത്, ഈ അനന്തമായ പ്രപഞ്ചത്തിൽ നമ്മൾ തനിച്ചാണോ എന്നതാണ്. ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന ചോദ്യം ശാസ്ത്രമുണ്ടായ കാലം മുതൽ നിലനിൽക്കുന്നതാണ്. ഭൂമിക്ക് പുറത്ത് പല ഗ്രഹങ്ങളെയും ഇതു വരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒന്നിലും ജീവന്റെ സാധ്യത കണ്ടെത്താനായില്ല. എന്നാൽ തറപ്പിച്ചു പറയാൻ വരട്ടെ. സൗരയൂഥത്തിനു പുറത്ത് ജീവന്റെ സാന്നിദ്ധ്യം തള്ളിക്കളയാൻ സാധിക്കില്ലെന്നു പറയുകയാണ് നാസയിലെ ശാസ്ത്രജ്ഞർ.
65 പുതിയ ഗ്രഹങ്ങൾ കൂടെ കണ്ടെത്തിയതോടെ നമ്മുടെ സൗരയൂഥത്തിന് അപ്പുറമുള്ള നക്ഷത്രങ്ങൾക്ക് ചുറ്റും ഇത്തരം 5000 ലധികം ഗ്രഹങ്ങളുടെ സാന്നിദ്ധ്യം നാസ സ്ഥിതീകരിച്ചു. ഇതോടെയാണ് സൗരയൂഥത്തിനു പുറത്ത് ജീവന്റെ സാന്നിദ്ധ്യത്തിന് സാധ്യതയുണ്ടെന്ന് നാസ പ്രതീക്ഷ വയ്ക്കുന്നത്. ഈ ഗ്രഹങ്ങളുടെ ഉപരിതലത്തെ പഠിക്കുക വഴി സൗരയൂഥത്തിനു പുറത്ത് ജീവൻ നിലനിൽക്കാനുള്ള സാധ്യതയെ പിന്തുണയ്ക്കുന്ന ഘടകങ്ങളായ ജലം, സൂക്ഷ്മാണുക്കൾ, വാതകങ്ങൾ എന്നിവയുടെ സാന്നിദ്ധ്യത്തിന് തെളിവ് ലഭിച്ചേക്കാം.
ഇതുവരെ കണ്ടെത്തിയ 5000 ഗ്രഹങ്ങളുടെ ഘടനയെയും സവിശേഷതകളെയും പറ്റി കൂടുതൽ പഠിക്കുമ്പോൾ ഇവയെ പല ശ്രേണികളിലേക്ക് മാറ്റാനാകും. ഭൂമിയേപ്പോലുള്ള ചെറിയ പാറകൾ നിറഞ്ഞ ഗ്രഹങ്ങൾ, വ്യാഴത്തേക്കാൾ പലമടങ്ങ് വലിപ്പമുള്ള വാതക ഭീമന്മാർ, നക്ഷത്രങ്ങൾക്ക് വളരെ അടുത്തുകൂടി ഭ്രമണം ചെയ്യുന്ന ചുട്ടുപഴുത്ത ഗ്രഹങ്ങൾ തുടങ്ങിയവ കണ്ടെത്തിയ കൂട്ടത്തിൽ പെടുന്നു. ഇതു കൂടാതെ നമ്മുടെ ഭൂമിയെപ്പോലെ എന്നാൽ വലിയ പാറക്കെട്ടുകളുള്ള സൂപ്പർ എർത്തുകളും നമ്മുടെ സൗരയൂഥത്തിലെ നെപ്ട്യൂണുകളുടെ ചെറിയ പതിപ്പുകളായ മിനി നെപ്ട്യൂണുകളും ഉണ്ടാവാം. ഗ്രഹങ്ങളെ കണ്ടെത്തുക എന്നത് ഒരു നീണ്ടതും ശ്രമകരവുമായ പ്രക്രിയയാണ്. ഇതിനായി ബഹിരാകാശത്തുള്ള ദൂരദർശിനികളിൽ നിന്നു ലഭിക്കുന്ന ഡാറ്റ വർഷങ്ങളോളം നിരീക്ഷിക്കേണ്ടതുണ്ട്. ഒരേസമയം രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും, നശിച്ചു പോയ നക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെയും കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.