mallya

ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വൻതുക വായ്‌പ എടുത്ത് തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ 'പിടികിട്ടാത്ത സാമ്പത്തിക കുറ്റവാളികളായ" വിജയ് മല്യ, നീരവ് മോദി, മേഹുൽ ചോക്‌സി എന്നിവരുടെ 19,000 കോടി രൂപ മതിക്കുന്ന ആസ്തികൾ ഇതിനകം കണ്ടുകെട്ടിയെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.

മദ്യ വ്യവസായി വിജയ് മല്യ, വജ്രവ്യാപാരികളായ നീരവ് മോദി, നീരവിന്റെ അമ്മാവൻ മേഹുൽ ചോക്‌സി എന്നിവർ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അനധികൃതമായി എടുത്ത വായ്‌പകളുടെ സംയുക്തമൂല്യം 22,585.83 കോടി രൂപയാണ്. ഈവർഷം മാർച്ച് 15 വരെയുള്ള കണക്കുപ്രകാരം 19,111.20 കോടി രൂപയുടെ ആസ്തികളാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടുകെട്ടിയതെന്ന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഇതിൽ 15,113.91 കോടി രൂപ പൊതുമേഖലാ ബാങ്കുകൾക്ക് തിരികെ നൽകി. 335.06 കോടി രൂപ കേന്ദ്രസർക്കാരിലേക്ക് അടച്ചു.

മൊത്തം തട്ടിപ്പുതുകയുടെ 86.41 ശതമാനമാണ് അന്വേഷണ ഏജൻസികൾ വീണ്ടെടുത്തതും 66.91 ശതമാനം പൊതുമേഖലാ ബാങ്കുകൾക്ക് നൽകിയതും. എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യം എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് മുഖേന വീണ്ടെടുത്തത് 7,975.27 കോടി രൂപയാണ്. 2002ലെ പണം തിരിമറി തടയൽ നിയമം (പി.എം.എൽ.എ), 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് നിയമം എന്നിവപ്രകാരമാണ് മൂവരെയും പ്രത്യേക കോടതികൾ പിടികിട്ടാത്ത സാമ്പത്തിക കുറ്റവാളികളായി പ്രഖ്യാപിച്ചത്.

വീണ്ടും കൂടുന്നു വിൽഫുൾ

ഡിഫോൾട്ടർമാർ

വായ്‌പ എടുത്ത് മനഃപൂർവം തിരിച്ചടയ്ക്കാത്തവരുടെ (വിൽഫുൾ ഡിഫോൾട്ടർമാർ) എണ്ണം വീണ്ടും കൂടുന്നു. 2019-20ൽ രാജ്യത്ത് 597 പേരായിരുന്നു വിൽഫുൾ ഡിഫോൾട്ടർമാർ. 2020-21ൽ എണ്ണം 1,063ലെത്തി. തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും വായ്‌പാ കുടിശിക വരുത്തുന്നവർക്ക് ബാങ്കുകൾ ചാർത്തുന്ന പട്ടമാണ് വിൽഫുൾ ഡിഫോൾട്ടർ. വിൽഫുൾ ഡിഫോൾട്ടർമാർക്ക് ലിസ്റ്റഡ് കമ്പനികളുടെ നിയന്ത്രണ പദവികൾ വഹിക്കാനാവില്ല. ബാങ്ക് വായ്പകളും ലഭിക്കില്ല.

ഡിഫോൾട്ടർമാർ

 2014-15 : 2,469

 2015-16 : 1,254

 2016-17 : 667

 2017-18 : 1,427

 2018-19 : 1,119

 2019-20 : 597

 2020-21 : 1,063

₹6.15 ലക്ഷം കോടി

2014-21 കാലയളവിൽ വിൽഫുൾ ഡിഫോൾട്ടർമാരിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത് 6.15 ലക്ഷം കോടി രൂപയാണ്. സ്വകാര്യ ബാങ്കുകൾ വീണ്ടെടുത്തത് 1.86 ലക്ഷം കോടി രൂപ. വിൽഫുൾ ഡിഫോൾട്ടർമാരുടെ കുടിശിക ഏറ്റവുമധികമുണ്ടായിരുന്നത് എസ്.ബി.ഐയിലാണ്; 67,304 കോടി രൂപ.