
റാഞ്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ വിദഗ്ദ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റും. നിലവിൽ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ (റിംസ്) ചികിത്സയിലാണ് അദ്ദേഹം. വിശദ പരിശോധനയിൽ ഹൃദയത്തിനും വൃക്കയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എയിംസിലേക്ക് മാറ്റുന്ന തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ജയിൽ ഉദ്യോഗസ്ഥർമാർ തീരുമാനിക്കുമെന്ന് റിംസ് ഡയറക്ടർ കാമേശ്വർ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലുവിന്റെ ജാമ്യാപേക്ഷയിൽ ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിൽ ഒന്നിന് വാദം കേൾക്കാനിരിക്കെയാണ് ആരോഗ്യ നില വീണ്ടും വഷളായത്.