
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ദിലീപിന് അന്വേഷണസംഘം നോട്ടീസ് നൽകി. ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. എന്നാൽ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത് പ്രകാരമാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്
ഏപ്രില്‍ 15 വരെ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
അതേസമയം ദിലീപിന്‍റെ ഫോണിലെ തെളിവുകൾ നീക്കിയ സംഭവത്തിൽ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കർ നിലവിൽ പ്രതിയല്ലെന്നും മൊഴി നൽകാൻ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് നടപടി. അന്വേഷണ സംഘത്തിന് മുന്നിൽ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദീലീപിന്റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.