child-lock

കാറിൽ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർ തീരെ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ചൈൽഡ് ലോക്ക് ആക്ടിവേറ്റ് ചെയ്യുക എന്നത്. പിന്നിൽ കുഞ്ഞുങ്ങളുണ്ടെങ്കിലും സാധാരണ യാ‌ത്രക്കാരെ പോലെ അവരെയും കൈകാര്യം ചെയ്യുകയാണ് പതിവ്. എന്നാൽ ചൈൽഡ് ലോക്ക് ഇടാതെ കുഞ്ഞുങ്ങളുമായി വാഹനത്തിൽ യാത്ര ചെയ്യുന്നതിന്റെ ഗൗരവം പലർക്കും അറിയില്ല. അത്തരത്തിൽ ഒരു അപകടത്തിന്റെ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസമായി ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട് .

ഏതോ ഒരു വിദേശ രാജ്യത്ത് വച്ച് എടുത്ത വീഡിയോ ആണ്. ഇതിൽ ട്രാഫിക്ക് സിഗ്നലിന് മുന്നിൽ കാത്തുകിടക്കുന്ന കാർ സിഗ്നൽ ലൈറ്റ് തെളിഞ്ഞതോടെ മുന്നിലേക്ക് എടുക്കുകയായിരുന്നു. എന്നാൽ അല്പം ദൂരം മുന്നിലേക്ക് നീങ്ങിയപ്പോഴേക്കും പിന്നിലെ ഡോർ തുറന്ന് രണ്ട് വയസ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വീഴുകയുമായിരുന്നു. എന്നാൽ ഭാഗ്യത്തിന് ഡോറിന്റെ ഹാൻഡിലിൽ പിടിത്തം കിട്ടിയ കുഞ്ഞ് അതിൽ തൂങ്ങിക്കിടന്നത് കൊണ്ട് ആപത്തൊന്നും സംഭവിച്ചില്ല. കാറിന്റെ പിന്നിലൂടെ വന്ന ബൈക്ക് യാത്രികന്റെ ഹെൽമറ്റിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ വഴി വൈറലായത്.

Make sure child lock is active “always” while traveling with kids in your car pic.twitter.com/EmLpCNW8lY

— DP (പിള്ളേച്ചൻ ) (@DileepPillai8) March 21, 2022

കാറിലെ ചൈൽഡ് ലോക്ക് സംവിധാനം പ്രയോജനപ്പെടുത്താതിരുന്നതാണ് ഇവിടെ വിനയായത്. നമ്മുടെ നാട്ടിൽ പലർക്കും ചൈൽഡ് ലോക്ക് സംവിധാനം എന്താണെന്ന് അറിയുക പോലുമില്ല. ഇനി അഥവാ അറിയാമെങ്കിൽ ആരും ഇത് ഓൺ ആക്കി ഇടാൻ മുതിരാരില്ല. കാരണം ചൈൽഡ് ലോക്ക് ആക്ടിവേറ്റ് ചെയ്താൽ പിന്നിലെ ഡോർ അകത്ത് നിന്ന് തുറക്കാൻ സാധിക്കില്ലെന്നത് കാരണം. ആ വാതിൽ പിന്നെ തുറക്കണമെങ്കിൽ പുറത്തുനിന്നും ഒരാൾ തുറക്കുകയോ മുന്നിലത്തെ ഡോർ തുറന്ന് ഡ്രൈവർ തന്നെ തുറന്നു കൊടുക്കുകയോ വേണം. ഈ അസൗകര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പലരും ചൈൽഡ് ലോക്ക് ആക്ടിവേറ്റ് ചെയ്യാതിരിക്കുന്നത്. എന്നാൽ ഇത് എത്ര വലിയ വിപത്താണ് വരുത്തിവയ്ക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.