petrol

ന്യൂഡല്‍ഹി : ക്രൂഡോയിൽ വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില നാളെയും വർദ്ധിക്കും. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ 84 പൈസയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 106 കടക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 93 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. തിരുവനന്തപുരത്ത് പെട്രോള്‍ വില 108 കടക്കും. 137 ദിവസത്തിന് ശേഷം ഇന്ന് ആദ്യമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചിരുന്നു. . ഇന്ന് പെട്രോള്‍ ലിറ്ററിന് 80 പൈസയാണ് വര്‍ധിപ്പിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയത്.

ഇന്ധന വില വർദ്ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും ഇന്ന് വില കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തിന് ശേഷമാണ്. അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി.