
കൊച്ചി: കെ റെയിൽ വിഷയത്തിൽ മുൻമന്ത്രിയും സി.പി.എം നേതാവുമായ ഇ.പി.ജയരാജനെ ട്രോളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിൽ ഏറ്റവും വിവരമുള്ള രാഷ്ട്രീയ നേതാവാണ് ഇ.പി ജയരാജൻ. എല്ലാ കാര്യങ്ങളെ കുറിച്ചും ആധികാരികമായി പഠിക്കുകയും പണ്ഡിതോചിതമായി സംസാരിക്കുകയും ചെയ്യുന്ന നേതാവാണ്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് കേരളത്തിൽ വലിയ വിലയുണ്ട്. അതുകൊണ്ടാണ് കെ റെയിലിന് എതിരെ സംസാരിക്കുന്നവർ വിവരദോഷികളാണെന്ന് ജയരാജൻ പറയുന്നത്.
ഇ.പി. ജയരാജനെയും സജി ചെറിയാനെയും ജനങ്ങളെ അധിക്ഷേപിക്കാൻ മുൻനിരയിൽ നിർത്തുന്നത് നല്ലതാണ്. പിണറായിയുടെ രാജസദസിലെ വിദൂഷകന്റെ ജോലി ഇരുവരും നന്നായി ചെയ്യുന്നുണ്ട്. അതുകൊണ്ടൊന്നും ഈ സമരത്തെ അടിച്ചമർത്താൻ നോക്കേണ്ട. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ജാമ്യമില്ലാ കേസു പ്രകാരം ജയിലിൽ പോകാൻ തയ്യാറാണെന്നതാണ് ഇതിനുള്ള മറുപടിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും ചേർന്ന് ജനങ്ങളെ അധിക്ഷേപിക്കുന്നത്. വരേണ്യവർഗത്തിന് വേണ്ടി സംസാരിക്കുന്നതിനാൽ ഇവർക്കിപ്പോൾ ജനകീയ സമരങ്ങളെ പുച്ഛമാണ്. ജനങ്ങളുമായി സംസാരിക്കുമെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. ഇത്രകാലവും ജനങ്ങളുമായി സംസാരിക്കാൻ തയാറായിരുന്നില്ല. ഇഷ്ടമുള്ള പൗര പ്രമുഖൻമാരെ വിളിച്ചു ചേർത്ത് സർക്കാർ അവരോടെ സംസാരിക്കാൻ പോയപ്പോൾ കേരളത്തിലെ യു.ഡി.എഫ് സംസാരിച്ചത് കേരളത്തിലെ ജനങ്ങളുമായാണ്.
പദ്ധതിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി നേതാക്കളും കെ റെയിൽ ഉദ്യോഗസ്ഥരും സംസാരിക്കുന്നത്. ഡി.പി.ആറിലെ വസ്തുതാപരമായ തെറ്റുകളാണ് ഇവരെല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിമാർക്കോ പാർട്ടി നേതാക്കൾക്കോ ഡി.പി.ആറിനെ കുറിച്ച് പോലും അറിയില്ലെന്നും സതീശൻ പറഞ്ഞു.