flight-crash

ബീജിംഗ്: ചൈനയിൽ ബോയിംഗ് 737 വിമാനം തകർന്ന് വീണ് 36 മണിക്കൂർ പിന്നിട്ടിട്ടും വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്താനോ യാത്രക്കാരെ കണ്ടെത്താനോ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുന്നു. വിമാനം തകർന്നുവീണ മലഞ്ചെരുവിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചെങ്കിലും യാത്രക്കാരെ കുറിച്ച് യാതൊരു വിവരവും ഇവർക്ക് ലഭിച്ചിട്ടില്ല. വിമാനത്തിലെ ജീവനക്കാർ ഉൾപ്പെടെയുള്ള 133 യാത്രക്കാരിൽ ആരും തന്നെ രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്ന് പറയുമ്പോഴും ഇവരുടെ ആരുടെയും ശരീരാവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താൻ സാധിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഇതിന്റെ വീഡിയോയും ലഭ്യമാണ്. എന്നാൽ വിമാനം ഇത്തരത്തിൽ താഴേക്ക് പതിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് കണ്ടെത്താതെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കില്ല.

അതേസമയം സംഭവസ്ഥലം ചൈന ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് അന്താരാഷ്ട്ര വാ‌ർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് എത്തിയ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ എഫ് പിയുടെ മാദ്ധ്യമപ്രവർത്തകരെ ഒരുപറ്റം ആൾക്കാർ തടഞ്ഞതായി എ എഫ് പി റിപ്പോർട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാണെന്നും വിമാനം തകർന്നു വീണ പ്രദേശത്തേക്ക് ആരെയും കടത്തിവിടരുതെന്നാണ് പാർട്ടി നി‌ർദ്ദേശമെന്ന് അവർ തങ്ങളോട് പറഞ്ഞതായി എ എഫ് പിയുടെ മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.