
ന്യൂഡൽഹി: ലോകത്തിൽ അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ 100 നഗരങ്ങളിൽ 63ഉം ഇന്ത്യയിൽ. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള രാജ്യതലസ്ഥാനമെന്ന ചീത്തപ്പേര് തുടർച്ചയായ നാലാം വർഷവും ന്യൂഡൽഹിയെ തേടിയെത്തി. സ്വിറ്റ്സർലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ ക്യൂ എയർ എന്ന സ്ഥാപനം പുറത്തിറക്കിയ അന്തരീക്ഷ മലിനീകരണ റിപ്പോർട്ടിലാണ് ഈ കണ്ടുപിടിത്തമുള്ളത്.
ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചുള്ളതിനേക്കാൾ പത്ത് മടങ്ങാണ് ഇന്ത്യയിലെ വായു മലിനീകരണത്തിന്റെ തോത്. ഇന്ത്യയിലെ ഒരു നഗരത്തിനും അന്തരീക്ഷ വായുവിന്റെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശമനുസരിച്ചുള്ള നിലവാരം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു.
എന്നാൽ ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലെ സ്ഥിതി വളരെ മോശമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനത്തോളമാണ് ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് വർദ്ധിച്ചത്. ഹരിയാനയും ഉത്തർപ്രദേശുമാണ് ഏറ്റവും അധികം ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. ഇവിടെ ജീവിക്കുന്ന ജനങ്ങളുടെ ആരോഗ്യസ്ഥിതി വളരെയേറെ മോശമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സാധിച്ചാൽ ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾ ചുരുങ്ങിയത് പത്ത് വർഷമെങ്കിലും കൂടുതൽ ജീവിച്ചിരിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.