
ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം മേഖലയിൽ വൻ നിക്ഷേപ സാദ്ധ്യത തേടി ഗൾഫ് ബിസിനസ് സമ്മിറ്റ്. ഇതിന്റെ ഭാഗമായി യു.എ.ഇയിലെയും സൗദി അറേബ്യയിലെയും ഉന്നതതല ബിസിനസ് സംഘം കാശ്മീർ സന്ദർശിച്ചു. ഇന്ന് നടക്കുന്ന ഗൾഫ് ബിസിനസ് സമ്മിറ്റിലും ഇവർ പങ്കെടുക്കും. ജമ്മു കാശ്മീരിലെ നിക്ഷേപ സാദ്ധ്യതകൾ സമ്മിറ്റിൽ ചർച്ചയാവും. കാശ്മീരിൽ നിക്ഷേപം നടത്താൻ യു.എ.ഇ നേരത്തെ ധാരണയിലെത്തിയിരുന്നു. എന്നാൽ സൗദി അറേബ്യൻ കമ്പനി ആദ്യമായാണ് കാശ്മീരിനെ നിക്ഷേപത്തിന് പരിഗണിക്കുന്നത്.
യു.എ.ഇ, സൗദി, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നായി 33 കമ്പനികളുടെ പ്രതിനിധികളാണ് കാശ്മീരിലെത്തിയിരിക്കുന്നത്. യു.എ.ഇയിലെ അൽ ഹഷെമി ഗ്രൂപ്പ്, എമിറേറ്റ് റോയൽ ഇന്റർനാഷണൽ ഗ്രൂപ്പ്, അൽ തയർ ഗ്രൂപ്പ്, തുടങ്ങിയ കമ്പനികളുടെ സി.ഇ.ഒമാരാണ് കാശ്മീരിലെത്തിയത്. സൗദിയിലെ ആൽഫ സ്കൈ ഗ്രൂപ്പിലെ പ്രതിനിധികളും കാശ്മീരിലെത്തി. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ നിക്ഷേപമാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.