
ഇസ്ലാമാബാദ് : പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം വോട്ടിടാനിരിക്കെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി കളിയിൽ തോറ്റിരിക്കുകയാണെന്നും ഒരാളും തന്റെ രക്ഷയ്ക്കെത്തില്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടെന്നും പാകിസ്ഥാൻ മുസ്ലിംലീഗ് (നവാസ്) ഉപാദ്ധ്യക്ഷ മറിയം നവാസ് വിമർശിച്ചു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളാണ് മറിയം.
തനിക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഇമ്രാൻ ഖാൻ വിശ്വസിക്കുന്നത്. എന്നാൽ, അദ്ദേഹം സ്വയം തന്നെയാണ് ഗൂഢാലോചന നടത്തുന്നത്. സ്വന്തം ഉത്തരവാദിത്തം പൂർത്തീകരിച്ചിരുന്നെങ്കിൽ പത്തു ലക്ഷത്തോളം പേർ അദ്ദേഹത്തിനെതിരെ തിരിയില്ലായിരുന്നുവെന്നും മറിയം പറഞ്ഞു. ഒരാളുടെ പ്രകടനം വിലയിരുത്താൻ നാല് വർഷം ധാരാളമാണ് . ഇപ്പോൾ ജനങ്ങൾ തനിക്ക് റെഡ് കാർഡ് കാണിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന കാര്യം ഇമ്രാൻ ഖാൻ മനസിലാക്കണമെന്നും അവർ പറഞ്ഞു.
പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. പ്രമേയം വെള്ളിയാഴ്ച പാക് ദേശീയ അസംബ്ലിയിൽ വോട്ടിനിടും.