west-bengal

കൊൽക്കത്ത: ബംഗാളിലെ രാംപുർഹട്ടിലെ പഞ്ചായത്ത് നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ഉടലെടുത്ത കലാപത്തിൽ എട്ട് പേരെ അക്രമികൾ ചുട്ടുകൊന്നു. മരിച്ചവരിൽ ഏഴു പേരെ ഒരു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരാരൊക്കെയെന്ന് മനസിലാക്കാൻ സാധിക്കാത്ത രീതിയിൽ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു പോയിട്ടുണ്ട്. പന്ത്രണ്ടോളം വീടുകൾക്കാണ് അക്രമികൾ തീവച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബഗുട്ടി ഗ്രാമത്തിലെ നേതാവായിരുന്ന ഭദു ഷെയ്ക്കിനെ അക്രമികൾ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു കൊലപാതകം. ഭദു ഷെയ്ക്ക് ജനപ്രിയനായിരുന്നതിനാൽ തന്നെ വളരെ വലിയ പ്രക്ഷോഭമാണ് സംഭവത്തെ തുടർന്നുണ്ടായത്. അയൽ ഗ്രാമത്തിലുള്ലവരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ചാണ് ഭദി ഷെയ്ക്കിന്റെ ഗ്രാമത്തിലുള്ളവർ അക്രമത്തിന് മുതിർന്നത്. ഭദു ഷെയ്ക്കിന്റെ കൊലപാതകികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജനക്കൂട്ടത്തെ ശാന്തരാക്കാൻ അത് മതിയായിരുന്നില്ല.

തിങ്കളാഴ്ച രാത്രിയോട് കൂടിയാണ് ഗ്രാമത്തിലെ വീടുകൾക്ക് തീ വയ്ക്കുന്നത്. സംഭവം അറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അവരെ ഗ്രാമത്തിന് ഉള്ളിൽ പ്രവേശിക്കാൻ ജനക്കൂട്ടം അനുവദിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങളെല്ലാം രാംപുർഹട്ട് മെഡിക്കൽ കോളേജ് മോ‌ർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അധികൃതർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.