kk


കുടുംബ ചിത്രങ്ങളുടെ സംവിധായകനാണ് സത്യൻ അന്തിക്കാട്. 40 വർഷമായി മലയാള സിനിമയിൽ സജീവമാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുണ്ട്. പ്രേക്ഷകർ തന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരുതരം കഥയുണ്ടെന്നാണ് സത്യൻ അന്തിക്കാട് ഐ.എഫ്.എഫ്.കെയിൽ എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

വ്യക്തിപരമായ ഇഷ്ടംകൊണ്ടാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയും ജീവിതവും തന്റെ ചിത്രങ്ങളുടെ ഭാഗവമാവുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. . ജീവിതത്തിലിന്നേവരെ ഒരു തോക്കോ ബോംബോ ഒന്നും കാണാത്ത ഞാനെങ്ങനെയാണ് അത്തരത്തിലുള്ള ഒരു സിനിമ ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

എന്നെ ഞാനാക്കിയ അന്തിക്കാടിന്റെ ചുറ്റുമുള്ള ഗ്രാമീണതയും, അവിടുത്തെ ജീവിതവും, നാട്ടുകാരുടെ കുശുമ്പും കുന്നായ്മയുമൊക്കെയാണ്. ആ കഥ പോലും ഇതു വരെ ഞാൻ പറഞ്ഞു തീർന്നിട്ടില്ല. മാത്രമല്ല, പ്രേക്ഷകർ എന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു തരം കഥയുണ്ട്. സത്യൻ അന്തിക്കാടിന്റെ സിനിമയാണോ അത് ഞങ്ങൾ കണ്ടിരിക്കും എന്ന് പറഞ്ഞ എന്റെ ഒരു സ്റ്റൈൽ പ്രതീക്ഷിക്കുന്ന ഒത്തിരിപ്പേരുണ്ട്. അവർക്ക് ചിലപ്പോൾ ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെട്ടുവെന്ന് വരില്ല.

ഈ ശൈലിയിൽ നിന്ന് വ്യതിചലിച്ചപ്പോൾ ഉണ്ടായ ഒരനുഭവവും അദ്ദേഹം പങ്കുവച്ചു.

മോഹൻലാലിനെ നായകനാക്കിയ പിൻഗാമി എന്ന സിനിമ തന്റെ സ്ഥിരം സ്റ്റൈലിൽ മാറിവന്ന ചിത്രമായിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ആളുകൾ എന്നിൽ നിന്ന് പ്രതീക്ഷിച്ചത് അത്തരത്തിലൊരു സിനിമയല്ല. പക്ഷെ അതും ഒരു വീടിന്റേയും അച്ഛന്റേയും കഥയാണ് ആ സിനിമ പറയുന്നത്. പക്ഷെ അതിന്റെ ട്രീറ്റ്‌മെന്റ് വളരെ വ്യത്യസ്തമാണ്. അന്ന് ആ സിനിമക്ക് ആളുകൾ അത്രക്ക് ഇടിച്ച് കേറാത്തതിന്റെ കാരണം, അതിന്റെ ഓപ്പോസിറ്റായി തേന്മാവിൻ കൊമ്പത്ത് റിലീസ് ചെയ്തിരുന്നു. എന്റെ ഭാര്യയും മക്കളും പോലും പിൻഗാമി കാണാതെ തേന്മാവിൻ കൊമ്പത്ത് കാണാനാണ് താത്‌പര്യപ്പെട്ടത്. പ്രിയദർശനും ഞാനും തമ്മിൽ തമ്മിൽ സംസാരിച്ചപ്പോൾ പ്രിയൻ പറഞ്ഞത്, താൻ കുറച്ച് ഡേറ്റ് മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ്. ഞാൻ പ്രിയൻ മാറ്റിവെക്കുന്നതല്ലെ നല്ലതെന്നാണ് ചോദിച്ചത്, അവസാനം ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് റിലീസ് ചെയ്യുകയും ചെയ്തു,​

എന്റെ ഒരു സ്റ്റൈലിൽ നിന്ന് മാറാത്തത് വ്യക്തിപരമായ ഇഷ്ടം കൊണ്ടാണ്. എന്റെ ഗ്രാമവും അവിടുത്തെ പെണ്ണുങ്ങളും അവരുടെ കഥകളുമൊന്നും ഇനിയും ഞാൻ പറഞ്ഞു തീർന്നിട്ടില്ലെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു,​. .