
സിഡ്‌നി: ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിച്ചു. ഇരുപത്തിയഞ്ചാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ. താൻ വിരമിക്കുകയാണെന്ന വിവരം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ആഷ്‌ലി പുറത്തുവിട്ടത്.
'ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കൽ വളരെ ബുദ്ധിമുട്ടുള്ളതും വികാരം നിറഞ്ഞതുമാണ്. ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.'- എന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. കൂടുതൽ കാര്യങ്ങൾ നാളെ പത്ര സമ്മേളനത്തിലൂടെ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
താൻ ക്ഷീണിതയാണെന്നും തനിക്ക് വേറെയും സ്വപ്നങ്ങളുണ്ടെന്നും അതിന് പിന്നാലെ പോകാൻ ഇതാണ് ശരിയായ സമയമെന്നും ആഷ്‌ലി ബാർട്ടി പറഞ്ഞു. 114 ആഴ്ചകളായി ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമാണ് ആഷ്‌ലി. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയിരുന്നു. 2019ൽ ഫ്രഞ്ച് ഓപ്പൺ, 2021ൽ വിംബിൾഡൺ കിരീടങ്ങൾ നേടി.