sheethaladam-

തിരുവനന്തപുരം: വെെവിദ്ധ്യത്തിന്റെ കൂടി ആഘോഷമാണ് ഓരോ ചലച്ചിത്ര മേളയും. നിറത്തിനോ ജാതിയ്‌ക്കോ വർഗത്തിനോ ഒന്നും ചലച്ചിത്ര മേളയിൽ സ്ഥാനമില്ല. ഐഎഫ്എഫ്കെയിൽ എത്തുന്നവരെല്ലാം സിനിമയെ സ്നേഹിക്കുന്ന ആസ്വദിക്കുന്ന മനുഷ്യരാണ്. അവിടെ ഒരു തരത്തിലുമുള്ള വേർതിരിവിനും അവസരമില്ല. ഓരോ തവണത്തെ ഐഎഫ്എഫ്കെയും ചേർത്ത് പിടിക്കലിന്റെ കൂടി ആഘോഷമായി മാറുന്നുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ് ശീതൾ ശ്യാം. ഇത്തവണ ഒപ്പം ആദം ഹാരിയുമുണ്ട്. ഒറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും തരണം ചെയ്ത് കൊണ്ട് മുന്നോട്ട് വന്ന ഇരുവരും പോരാട്ടത്തിന്റെ പ്രതീകങ്ങളായി മാറുകയാണ്.

sheethal

ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു ചലച്ചിത്ര മേളയിൽ ട്രാൻസ് പാസ് നേടിയ വ്യക്തിയാണ് ശീതൾ ശ്യാം. 2016 ലാണ് ഇവർ ഐഎഫ്എഫ്കെയുടെ ഭാഗമാകുന്നത്. നടി മഞ്ജു വാര്യരിൽ നിന്നും പാസ് സ്വീകരിച്ച് കൊണ്ട് ശീതൾ ശ്യാം ചലച്ചിത്രമേളയിലെത്തിയതോടെ ട്രാൻസ് ജെൻഡേഴ്സിനും തങ്ങളുടെ അവകാശങ്ങൾ കിട്ടിത്തുടങ്ങി. പുരുഷന്റെയും സ്ത്രീയുടെയും പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന ചലച്ചിത്രമേള ഇതോടെ ട്രാൻസ് വ്യക്തികളെക്കൂടി ഉൾപ്പെടുത്തി മറ്റൊരു തലത്തിലേയ്ക്ക് ഉയർന്നു.

adam-sheethal

ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ശീതള്‍ ശ്യാമിന് ഐഎഫ്എഫ്കെ എപ്പോഴും മധുരമുള്ള ഓർമ്മകളാണ്. ചലച്ചിത്ര താരമായ ശീതൾ ശ്യാമിന്റെ ആദ്യ ചിത്രമായ കാ ബോഡി സ്കേപ്പ്, ആഭാസം, വിശുദ്ധ രാത്രികൾ എന്നീ ചിത്രങ്ങൾ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡെലിഗേറ്റ് കമ്മിറ്റി അംഗമായും പ്രോഗ്രാം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള ശീതൾ ഐഎഫ്എഫ്കെയിലെ സജീവ സാന്നിദ്ധ്യമാണ്.

ട്രാൻസ് വ്യക്തികളുടെ പ്രശ്നങ്ങൾ തുറന്ന് കാട്ടിയ ചിത്രമായ അവനോവിലോന ഐഎഫ്എഫ്കെയിൽ ഏറെ ചർച്ചയായിരുന്നു. സന്തോഷ് കീഴാറ്റൂര്‍, ആത്മീയ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷെറി, ടി ദീപേഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണിത്. അവനോവിലോനയില്‍ സന്തോഷ് കീഴാറ്റൂര്‍ ട്രാന്‍സ്‌ജെന്‍ഡറായിട്ടാണ് വേഷമിട്ടത്. കഴിവ് തെളിയിച്ച ഒട്ടനവധി അഭിനേതാക്കളുണ്ടായിട്ടും അവനോവിലോനയില്‍ ട്രാൻസ് ജെൻ‌ഡറായി മറ്റൊരാൾ വേഷമിടുന്നതിലുള്ള പരിഭവവും ശീതൾ ശ്യാം പങ്ക് വച്ചു.

avanavilona

അവനോവിലോന മികച്ച ചിത്രമാണെന്ന് ശീതൾ ശ്യാം അഭിപ്രായപ്പെട്ടു. എന്നാൽ ചിത്രത്തിൽ പറയുന്നത് പോലെ മാത്രമല്ല, ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവ‌ർ സ്വന്തം ജീവിതം സെലിബ്രേറ്റ് ചെയ്യുന്നവർ കൂടിയാണെന്ന് ശീതൾ ശ്യാം പറഞ്ഞു. ചിത്രത്തിൽ കണ്ടതുപോലെ മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ടെങ്കിലും നിരവധിപേർ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ടെന്ന് ശീതൾ കൂട്ടിച്ചേർത്തു.

adam-

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ട്രാന്‍സ് പെെലറ്റാണ് ആദം ഹാരി. ഒട്ടനവധി പ്രതിസന്ധികളെ തരണം ചെയ്‌ത് കൊണ്ടാണ് ആദവും മുന്നോട്ടുള്ള പ്രയാണം തുടരുന്നത്. ഇത്തവണത്തേത് ആദം ഹാരിയുടെ ആദ്യത്തെ ഐഎഫ്എഫ്കെയാണ്. ചലച്ചിത്ര മേളയുടെ ഭാഗമാകാനായതിലെ സന്തോഷം ആദം പ്രകടിപ്പിച്ചു. അതേസമയം രാജ്യത്ത് പുറത്തിറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ട്രാൻസ് വ്യക്തികളെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് ആദം പറയുന്നു.

ഐഎഫ്എഫ്കെയുടെ ഒഫിഷ്യൽ കമ്മിറ്റി മെംബ‌ർ കൂടിയാണ് ആദം. ഐഎഫ്എഫ്കെയിലെ തിരക്കുകൾ കാരണം പലപ്പോഴും സിനിമകൾ കാണാൻ സാധിക്കാറില്ലെന്ന് ആദം പറയുന്നു. വരും വ‌ർഷങ്ങളിലെ ചലച്ചിത്ര മേളയിൽ കൂടുതൽ ട്രാൻസ് വ്യക്തികളുടെ പ്രാതിനിധ്യം ഉണ്ടാകണമെന്ന ആഗ്രഹവും ആദം പങ്ക് വച്ചു.