
തൃശൂർ: കെ റെയിലിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീടിന് നമ്പർ നിഷേധിച്ചതായി പരാതി. കോലഴി സ്വദേശി മെർലിൻ വർഗീസിനോടാണ് കോലഴി പഞ്ചായത്ത് അധികൃതർ ഇക്കാര്യം അറിയിച്ചത്. കെ റെയിൽ പദ്ധതിയിൽ ഈ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാതെ നമ്പർ നൽകാനാവില്ലെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.
കെ റെയിൽ ഇതുവഴിയല്ല പോകുന്നതെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കാനും പഞ്ചായത്ത് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
മെർലിൻ വർഗീസിനോട് ഇങ്ങനെ അറിയിച്ച വിവരമറിഞ്ഞതോടെ പഞ്ചായത്തിലെ മറ്റുള്ളവരും ആശങ്കയിലായി. പ്രദേശത്ത് ഇനി ഈ ഭാഗത്തെ സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾക്കും വിൽപ്പനയ്ക്കും സാധിക്കാത്ത സാഹചര്യമാകും. കെ റെയിൽ കടന്നുപോകുന്ന പ്രദേശമല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതർ ആവർത്തിച്ചതെന്ന് മെർലിൻ വർഗീസ് പറയുന്നു.