gang-rape

വെല്ലൂർ: രാത്രി സിനിമ കണ്ട് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി അഞ്ച് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ കത്പഡി എന്ന സ്ഥലത്താണ് സംഭവം നടന്നത്.

നഗരത്തിലെ ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. സിനിമ കണ്ടതിനുശേഷം യുവതിയും ആൺസുഹൃത്തും ഷെയർ ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഓട്ടോയിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുകയും ഓട്ടോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന 40,000 രൂപയും സ്വർണാഭരണങ്ങളും അക്രമികൾ കൈക്കലാക്കി.

യുവതി ഇമെയിലിലൂടെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. പിന്നാലെ സംഭവത്തിൽ പ്രതികളായ നാല് പേർ അറസ്റ്റിലായി. ഇവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികളിൽ രണ്ട് പേരെ ജുഡീഷ്യൽ കസ്റ്റഡിയിലും പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഹോമിലേക്കും അയച്ചു. ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.