
തിരുവനന്തപുരം: ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് അർദ്ധരാത്രി മുതൽ സമരത്തിലേക്ക്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തിലേക്ക് സർക്കാർ തള്ളിവിടുകയായിരുന്നെന്നും ഉടമകൾ പറഞ്ഞു.
ബസുടമകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരമാണ് ഇന്നർദ്ധരാത്രി മുതൽ ആരംഭിക്കുന്നത്. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ വർദ്ധിപ്പിക്കുക എന്നിങ്ങനെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
എന്നാൽ സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സമരവുമായി മുന്നോട്ട് പോയാൽ കെ എസ് ആർ ടി സിയുടെ ബസ് സർവീസ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.