lisa-calan

കേരള രാജ്യന്താര ചലച്ചിത്ര മേളയിലെ ഇത്തവണത്തെ മുഖ്യ അതിഥി വിഖ്യാദ കുർദിഷ് സംവിധായക ലിസ ചലാൻ ആണ്. താൻ കടന്നുവന്ന പോരാട്ട വീര്യത്തെ കുറിച്ച് ലിസ കേരളകൗമുദി ഓൺലൈനുമായി മനസു തുറക്കുന്നു.

സിനിമയോടുള്ള അഭിനിവേശം കണ്ടെത്തുന്നത് എപ്പോഴാണ്? കുട്ടിക്കാലത്തെ മറക്കാനാകാത്ത ഏതെങ്കിലും ഒരു അനുഭവം പറയാൻ കഴിയുമോ?

ചെറുപ്പകാലത്ത് സുഹൃത്തുക്കളോടൊത്ത് സമയം ചെലവഴിക്കുമ്പോഴെല്ലാം മൂല്യവത്തായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. മുതിർന്നപ്പോൾ എന്റെ ആഗ്രഹം നിറവേറാൻ തീരുമാനിക്കുകയായിരുന്നു. അതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറക്കാൻ കാരണവും. എന്റെ രാജ്യത്തെ പരിതസ്ഥിതി സിനിമകൾ എടുക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ മാത്രം കഥകളല്ല ഞാൻ പറഞ്ഞത്. എന്റെ അമ്മയുടെ, നാടിന്റെ, ജനങ്ങളുടെയൊക്കെ കഥ അതിലുണ്ടായിരുന്നു. അവയിലോരോന്നും എനിക്ക് പ്രത്യേകതകളുള്ളതായിരുന്നു. പറയേണ്ടത് പറയാൻ എന്നെ പ്രാപ്‌തയാക്കിയത് സിനിമയാണ്. എന്റെ ജനങ്ങളെ സേവിക്കാൻ ഞാൻ കണ്ടെത്തിയ എറ്റവും മികച്ച മാർഗമാണ് സിനിമ.

തുർക്കിയിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ ആശയങ്ങൾ മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ഞങ്ങൾ ഒരു സംഘടനയാണ്. അതിൽ കലാകാരന്മാരുണ്ട്, സിനിമാ സംവിധായകരുണ്ട്, ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ളവരുണ്ട്. ഞങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി, സ്വപ്‌നങ്ങൾക്കു വേണ്ടി കൂട്ടായി പോരാടുകയാണ് ഞങ്ങൾ. തുർക്കിയെ പുതിയൊരു ചാലകശക്തിയാക്കി മാറ്റുന്നതിൽ നിർണായക പങ്ക് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി വഹിച്ചു. ചില ഇടത്, വലത് ഗ്രൂപ്പുകൾ അവരുടെ പിന്തുണ ഞങ്ങൾക്ക് നൽകി കഴിഞ്ഞു. ഓരോ ദിവസം കഴിയുംതോറും ഞങ്ങൾ സ്വയം വളരുകയും സ്വപ്‌നങ്ങളിലേക്ക് അടുക്കുകയും ചെയ്യുകയാണ്. ഓരോ റാലിയിലും ഞങ്ങളെ ഭയപ്പെടുത്താൻ പലരും ശ്രമിക്കുന്നുണ്ട്. പക്ഷേ അതൊന്നും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ഈ കൂട്ടായ്‌മ ഒരുമിച്ച് മുന്നോട്ടുതന്നെ.

പ്രസിഡന്റ് എർദോഗൻ ഐസിസ് ഭീകരർക്ക് വഴങ്ങുകയാണെന്ന അഭിപ്രായമുണ്ടോ?

ഐസിസ് ഭീകരതയുടെ ഇരയാണ് ഞാൻ. ഐസിസ് എന്താണെന്ന് എനിക്കറിയാം. അവർക്കെതിരെയാണ് എന്റെ പോരാട്ടം. പക്ഷേ ഏതെങ്കിലും ഒരു പ്രത്യേക സംഘടനയ‌ക്ക് അവരുമായുള്ള ആഭിമുഖ്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ താൽപര്യപ്പെടുന്നില്ല.

'ദി ടംഗ് ഒഫ് ദി മൗണ്ടൻസ്' എന്ന താങ്കളുടെ ചിത്രത്തിൽ കുർദിഷ് വംശജനായ കുട്ടിയുടെ പ്രതിബന്ധങ്ങളാണ് പ്രമേയം. കുട്ടിക്കാലത്തെ സ്വന്തം അനുഭവങ്ങൾ ഇതിൽ പ്രചോദനമായിട്ടുണ്ടോ?

ആ സിനിമ കേവലമൊരു കുട്ടിയുടെ കഥയല്ല. അത് എന്റെ തന്നെ ജീവിതമാണ്. എന്നാൽ അതിലെ കുട്ടിക്കാലം എന്റെതുമാത്രവുമല്ല, എല്ലാ കുർദിഷ് ബാല്യങ്ങളും അതിലുണ്ട്. വർഷങ്ങളായി ഒരേ പ്രശ്നങ്ങൾ അനുഭവിച്ച് വളരുന്നവരാണവർ. ഇനിയും അത് അവസാനിക്കാതെ തുടരുകയാണ്. ലോകം അത് കാണണം.

തുർക്കിഷ് സിനിമകളിൽ കുർദിഷ് ജനതയ‌്ക്കുള്ള സ്ഥാനം എന്താണ്?

തുർക്കിഷ് സിനിമകളെ നിങ്ങൾ ഒന്ന് വിശകലനം ചെയ‌്തുനോക്കൂ. വളരെ മോശമായാണ് അവരെ അതിലാക്കെ ചിത്രീകരിച്ചിരിക്കുന്നത്. ഏതോ കുഗ്രാമങ്ങളിൽ ജീവിക്കുന്ന ജനതയാണ് തുർക്കിഷ് സിനിമകളിൽ കുർദിഷ് ജനത. അതിനൊരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തുർക്കികൾ ഞങ്ങളുടെ കഥ മോഷ്‌ടിക്കുകയായിരുന്നു. അത് ഞങ്ങൾക്ക് തിരിച്ചുപിടിക്കണം. പക്ഷേ അതിനുള്ള സാമ്പത്തികം കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും വിഷമകരമായ കാര്യം.