milk-bath-

ന്യൂഡൽഹി : ഡൽഹിക്ക് പുറത്തും തങ്ങൾക്ക് ശക്തിയുണ്ടെന്ന് പഞ്ചാബ് തിരഞ്ഞെടുപ്പിലൂടെ തെളിയിച്ച ആം ആദ്മി അടുത്ത തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിലാണ്. ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പാണ് ആം ആദ്മിയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് ജനശ്രദ്ധ നേടുവാനാണ് ഇപ്പോൾ ആം ആദ്മിയുടെ ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിൽ ഒരു ആം ആദ്മി കൗൺസിലർ മലിന ജലം ഒഴുകുന്ന അഴുക്ക് ചാലിൽ എടുത്ത് ചാടി. ഏറെ നാളായി മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ചാലിൽ മലിന ജലം കെട്ടിക്കിടക്കുകയായിരുന്നു.

ആം ആദ്മിയുടെ കൗൺസിലറായ ഹസീബ് ഉൽഹസനാണ് ശാസ്ത്രി പാർക്കിലെ മലിനജലം ഒഴുകുന്ന അഴുക്കുചാലിലേക്ക് ചാടി മാലിന്യം നീക്കിയത്. ഇതിന് ശേഷം തിരികെ കയറിയ അദ്ദേഹത്തെ കൂടി നിന്നവർ പാലിൽ അഭിഷേകം നടത്തുകയും ചെയ്തു. ആം ആദ്മി പ്രവർത്തകൻ അഴുക്ക് ചാലിൽ ഇറങ്ങുന്നതും, പാലിൽ കുളിക്കുന്നതിന്റെയും വീഡിയോകൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. പാലിലെ കുളി 'നായക്' എന്ന ചിത്രത്തിലെ നടൻ അനിൽ കപൂറിന്റെ ശൈലി കടമെടുത്തുള്ളതാണെന്നാണ് കമന്റിൽ ആളുകൾ അഭിപ്രായപ്പെടുന്നത്. വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്.

അഴുക്ക് ചാൽ വൃത്തിയാക്കണമെന്ന് ഏറെ നാളായി ഉദ്യോഗസ്ഥൻമാരോടും, സ്ഥലം എം എൽ എയായ ബി ജെ പി നേതാവിനോടും ആവശ്യപ്പെട്ടുവെന്നും, എന്നാൽ പരിഹരിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ആം ആദ്മി കൗൺസിലർ പറഞ്ഞു. ബിജെപിയുടെ അനിൽകുമാർ ബാജ്‌പേയ് ആണ് ഈ മണ്ഡലത്തിലെ എം എൽ എ.

WATCH: Drama peaks as MCD elections come closer, AAP corporator turns Anil Kapoor from Bollywood movie Nayak.

AAP corporator Hasib Al Hassan Jumps into a drain in East Delhi to clean it, takes a milk bath later. 😂😂 pic.twitter.com/1lOwV6tATX

— Prashant Kumar (@scribe_prashant) March 22, 2022

അതേസമയം ഡൽഹിയിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിവാദങ്ങളിൽ പെട്ട് ചർച്ചയായിരിക്കുകയാണ്. ഡൽഹിയിലെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെയും ലയിപ്പിക്കുവാനുള്ള കേന്ദ്ര നീക്കമാണ് വിവാദമായത്. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയെ ലയിപ്പിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് ആഴ്ചകളായി എഎപിയും ബിജെപിയും തമ്മിൽ ഏറ്റുമുട്ടലിലാണ്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.