 
അതൊരു രസകരമായ സംഭാഷണമായിരുന്നു, ലളിതം സുന്ദരം എന്നു ഒറ്റവാക്യത്തിൽ പറയാം. മലയാളത്തിന്റെ അഭിമാനം മഞ്ജുവാര്യരും  നടനും സംവിധായകനുമായ  സഹോദരൻ മധുവാര്യരും പുതിയ ചിത്രമായ 'ലളിതം സുന്ദര" ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയതായിരുന്നു.
മധു വാര്യർ മഞ്ജുവിന്റെ അടുത്ത്  ''ഞാൻ സംവിധാനം ചെയുന്ന പടത്തിൽ നീയാണ് നായിക"" എന്ന കാര്യം അവതരിപ്പിച്ചത് എങ്ങനെയാണ്?
(ഇരുവരും പൊട്ടിച്ചിരിക്കുന്നു)
മധു വാര്യർ: മഞ്ജു ഇതറിഞ്ഞിട്ടേയില്ല. ബിജു ചേട്ടനാണ്  ഇത് ആദ്യം അറിഞ്ഞത്. ബിജു മേനോന് കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിനു ശേഷമാണ് മഞ്ജുവനോട് പറഞ്ഞത്. കാരണം ഇങ്ങനെയൊരു കഥ ആലോചിച്ചപ്പോൾ ബിജു മേനോനും മഞ്ജുവും ആയിട്ടുള്ള ഒരു സംഭാഷണം ഒക്കെയാണ് ഞാൻ മനസിൽ വിചാരിച്ചിരുന്നത്. അതിനു ആദ്യം ബിജു മേനോൻ ഓക്കേ പറയണം, മഞ്ജുവിനോട് അതിനു ശേഷം പറഞ്ഞാൽ മതിയല്ലോ. ബിജു മേനോൻ ഓക്കേ പറഞ്ഞില്ലെങ്കിൽ ഈ സിനിമ ചെയ്യണ്ട എന്ന തീരുമാനം ആയിരുന്നു. ചേട്ടൻ തന്നെയാണ് വന്നു പറഞ്ഞത്. 'മോഹൻലാൽ" എന്ന സിനിമയുടെ ലൊക്കേഷനിൽ ആണ് ചേട്ടൻ വന്നു കഥയുടെ ഒരു ചുരുക്കം പറഞ്ഞത്. കൂടെ തിരക്കഥാകൃത്തും ഉണ്ടായിരുന്നു.
ഇത് നിർമ്മിക്കാം എന്ന് തീരുമാനിച്ചതിനു പിന്നിൽ ചേട്ടനായതുകൊണ്ട് കാശ് കൊടുക്കേണ്ട, ഞാൻ അഭിനയിച്ചാൽ എനിക്കും കാശ് വേണ്ട. ബിസിനസ് നടക്കുമ്പോൾ നല്ല ലാഭവും എന്ന ചിന്തയിൽ നിന്നാണോ, അതോ ആദ്യത്തെ പടം ചേട്ടൻ വേറെ ടെൻഷൻ ഇല്ലാതെ സംവിധാനം ചെയ്യണം എന്ന മനസ് കൊണ്ടാണോ?
മഞ്ജു: (പൊട്ടിച്ചിരിക്കുന്നു) എന്റെ ദൈവമേ... ഞാൻ ഇങ്ങനെയൊന്നും കണക്ക് കൂട്ടിയിട്ടു പോലുമില്ല. എനിക്കിപ്പോഴും ഇതിന്റെ കണക്കുകൾ ഒന്നും അറിയില്ല. തിരക്കഥ പൂർത്തിയായതിനു ശേഷം ചേട്ടൻ എന്നോട് വായിക്കാൻ പറഞ്ഞു. തിരക്കഥ വായിച്ചതിനു ശേഷം ഞാൻ അങ്ങോട്ട് പറഞ്ഞതാണ് ചേട്ടാ ഞാനിത് നിർമ്മിക്കാം എന്ന്. കാരണം ഈ സിനിമയോട് അത്ര ഇഷ്ടം തോന്നി, ഇതൊരു കുഞ്ഞി സിനിമയാണ് ഒരുപാട് ഓമനത്തം തോന്നുന്ന സിനിമയാണ്... ഇത് നമ്മുടെ സിനിമയാണ്  എന്ന് പറയാൻ തോന്നുന്ന സിനിമയാണ്. അതാണ് ഇതിൽ നിർമ്മാതാവാൻ കാരണം.

സിനിമയുടെ ഇതിന്റെ കാസ്റ്റിംഗ് എത്രത്തോളം പാടായിരുന്നു?
മഞ്ജു: ഞാൻ ഒന്നിലും ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. ഇതിന്റെ കാസ്റ്റിംഗും മാറ്റ് കാര്യങ്ങളും എല്ലാം ചെയ്തത് ചേട്ടൻ തന്നെയാണ്. ചേട്ടന്റെ മനസിൽ ആണ് ഈ കഥ ഉണ്ടായത്. മുഴുവൻ കാര്യങ്ങളും ചേട്ടൻ തന്നെയാണ് തീരുമാനിച്ചത്.
മധു: ഞാനീ പിണക്കങ്ങളെക്കുറിച്ചൊന്നും ആലോചിച്ചില്ല. എന്റെ ആദ്യത്തെ സിനിമയാണ് അതിൽ ഞാൻ ഉദ്ദേശിക്കുന്ന പെർഫെക്റ്റ് കാസ്റ്റ് തന്നെ വേണം എന്ന തീരുമാനം ഉണ്ടായിരുന്നു. അതുകൊണ്ട് ആരെയും തൃപ്തിപ്പെടുത്താൻ നിന്നിട്ടില്ല.
ട്രെയ്ലറിലെ ഡയലോഗ് പോലെ തന്നെ ലൈഫ് റീ സ്ട്രക്ച്ചർ ചെയ്യാൻ അവസരം കിട്ടിയാൽ രണ്ടാളും എന്ത് മാറ്റം ആയിരിക്കും വരുത്താൻ പോകുന്നത്?
മഞ്ജു: പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. ഞാൻ ഒരിക്കലും ഒരു റിഗ്രെറ്റ്സ് വയ്ക്കാത്ത ആളാണ്. എന്തും നല്ലതിനായിരുന്നു സംഭവിച്ചത് എന്ന് വിചാരിക്കുന്ന ആളാണ്. ഒരുപക്ഷേ ഇപ്പോഴായിരിക്കും കേട്ടോ എനിക്ക് ആ ചിന്ത  കൂടുതൽ വന്നു തുടങ്ങിയത്. എന്തായിരുന്നെങ്കിലും അതെല്ലാം നല്ലതിനായിരുന്നു. എന്റെ ജീവിതത്തിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പെട്ടന്നൊരു കാര്യം ഓർത്താൽ  കഴിഞ്ഞ ദിവസം ലുലുവിലെ ഒരു ഫംഗ്ഷൻ നടന്നപ്പോൾ സ്റ്റേജിൽ നിന്ന എല്ലാവർക്കും ഞാൻ ഒരു കഷണം കേക്ക് കൊടുത്തിരുന്നു. പക്ഷേ ആ കുഞ്ഞിനെ മാത്രം ഞാൻ കണ്ടില്ല. പിന്നീട് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് ഞാൻ  ആ കുഞ്ഞിന് മാത്രം കൊടുത്തില്ലല്ലോ എന്നോർത്തത്. ഇപ്പോ എനിക്ക് വീണ്ടും ആ ഫംഗ്ഷനിൽ തിരിച്ചു പോയിട്ട് ആ കുഞ്ഞിന്റെ വായിൽ ഒരു കഷ്ണം കേക്ക് വച്ച് കൊടുത്താൽ കൊള്ളാം  എന്നുണ്ട്. അങ്ങനെയുള്ള ചെറിയ ചെറിയ പശ്ചാത്താപങ്ങളെ എനിക്കുള്ളൂ. അല്ലാതെ വലിയ റിഗ്രെറ്റ്സ് ഒന്നും എന്റെ ജീവിതത്തിൽ ഇല്ല.
മധു: ഞാൻ ഒന്നുടെ സീരിയസ് ആയിട്ട്  നാഷണൽ ഡിഫൻസ് അക്കാഡമി പരീക്ഷ എഴുതി നോക്കാമായിരുന്നു എന്ന് എനിക്ക് തോന്നുന്നുണ്ട്. ഞാൻ സൈനിക സ്കൂളിലാണ് പഠിച്ചത്. പരീക്ഷ സമയത് കുറച്ച് ഉഴപ്പായിരുന്നു. ഇപ്പോ തോന്നാറുണ്ട്, അന്ന് കാര്യമായി പഠിച്ചിരുന്നെങ്കിൽ  ഇന്ന്  അവിടെയൊക്കെ പോകാമായിരുന്നു എന്ന് തോന്നാറുണ്ട്.
ലൊക്കേഷനിൽ നായികയോട് ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ടോ?
മധു: ഇല്ല.
മഞ്ജു: ''ഇത്ര നന്നായി ചെയ്യല്ലേ മഞ്ജു"" എന്ന് പറഞ്ഞോന്നു ചോദിക്ക്! (പൊട്ടിച്ചിരിക്കുന്നു). സെറ്റിൽ ശരിക്കും സംവിധായകനും നടിയും ആയിരുന്നു ഞങ്ങൾ. ബിജു ചേട്ടനും എന്റെ ചേട്ടനെ പോലെ തന്നെ ആയിരുന്നു. മാറ്റി നിർത്താൻ പറ്റില്ല. ഞങ്ങടെ കുടുംബത്തിലും അദ്ദേഹത്തിന് ആ സ്ഥാനം തന്നെയാണ് ഉള്ളത്. കാമറ ചെയ്ത സുകു ചേട്ടൻ, ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹവും എനിക്ക് ഏറ്റവും അടുത്ത ആളാണ്. അപ്പൊ ഞാൻ ശരിക്കും ഒരു കുടുംബാന്തരീക്ഷത്തിൽ തന്നെയാണ് നിന്ന് സിനിമ ചെയ്തത്. ഒരു സംരക്ഷണം  ആയിരുന്നു എനിക്കവിടെ അനുഭവപ്പെട്ടത്. ഒരു ടെൻഷനോ ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങൾ ഷൂട്ട് ചെയ്ത സ്ഥലവും അങ്ങനെയായിരുന്നു.
ഈ കഥയിൽ മഞ്ജു വാര്യരെ കൊളുത്തിയിട്ട ഘടകം എന്താണ്?
മഞ്ജു: എനിക്ക് തോന്നുന്നത് ആർക്ക് വേണമെങ്കിലും  ''ഇത് കൊള്ളാല്ലോ... ഇത് ഞങ്ങളുടെ വീട്ടിൽ നടന്നതാണല്ലോ"" എന്ന് ചിന്തിക്കാവുന്ന ഒരുപാട് രസകരമായുള്ള കാര്യങ്ങൾ സഹോദര ബന്ധങ്ങളുടെ കഥ പറയുന്ന, കുടുംബത്തിലെ പല ജനറേഷൻസിലെ കാഴ്ചപ്പാടിന്റെ വ്യത്യാസം കൊണ്ടുള്ള തമാശകൾ ഒക്കെ പറ്യുന്ന ഒരു ചെറിയ ക്യൂട്ട് സിനിമയാണ് . വലിയ ആഴത്തിൽ ചിന്തിച്ച് ഇളകിയാടി ആലോചിച്ച് മനസിലാക്കേണ്ട ഒന്നും ഈ സിനിമയിൽ ഇല്ല. വളരെ റിലാക്സ്ഡ് ആയി കാണാവുന്ന ഒരു സിനിമയാണിതെന്ന് എനിക്ക് തോന്നി. പിന്നെ ബിജു ചേട്ടന്റെ ഒപ്പം ഞാൻ അഭിനയിച്ചിട്ടും വളരെ കാലമായി. കണ്ണെഴുതി പൊട്ടും തൊട്ടും പത്രവും ആയിരുന്നു അവസാനം ചെയ്തത്. അവസാന ഷൂട്ട് ചെയ്തത് പത്രം ആയിരുന്നു. പക്ഷേ, പുറത്ത് വന്നത് 'കണ്ണെഴുതി പൊട്ടും തൊട്ട്" ആയിരുന്നു.