തൊണ്ണൂറായിരത്തിലധികം ജീവനുകൾ രക്ഷിക്കാനായി അര നൂറ്റാണ്ടിലേറെയായി ഓപ്പറേഷൻ തീയേറ്ററുകളിലൂടെയാണ് ഡോ. കെ.പി.ഹരിദാസിന്റെ ജീവിതം കടന്നു പോയത്. വെയിൽ വന്നു പോകുന്നതും മഴ പെയ്തു തോരുന്നതു പോലും അറിയാതെയാണ് പല ദിവസങ്ങളിലും ഓപ്പറേഷൻ തീയേറ്ററുകളിൽ നിൽക്കേണ്ടി വന്നിട്ടുള്ളത്. ശരീരങ്ങളിൽ നിന്നും വിട്ടുപോകാൻ തയ്യാറായി നിൽക്കുന്ന ജീവന്റെ തുടിപ്പുകളെ നിലനിർത്താനായി തൊണ്ണൂറായിരത്തിലധികം ശരീരങ്ങളിലാണ് ഡോ. ഹരിദാസ് സർജറി നടത്തിയത്. ഒരുപക്ഷേ ലോകത്തിൽ തന്നെ ഇതൊരു അപൂർവ്വതയായിരിക്കാം. ഈ അപൂർവതയിൽ നിന്നാണ് ഡോ. ഹരിദാസ് ഭാരതത്തിന്റെ പരമോന്നത പദവികളിലൊന്നായ 'പത്മശ്രീ" യിലേക്ക് നടന്നു കയറിയത്. പ്രാർത്ഥനയോടെയും കൈവിരലുകൾ വിറക്കാതെയും ചില നേരങ്ങളിൽ ഒരേ സമയം ഏഴും എട്ടും മണിക്കൂറുകൾ ഒരേ നിൽപ്പിൽ നിന്നുകൊണ്ട് ചെറുതും വലുതുമായ തൊണ്ണൂറായിരത്തിലധികം മനുഷ്യശരീരങ്ങളെയാണ് കീറി മുറിച്ചത്. ദൈവത്തിന്റെ വരദാനമായ ജീവശ്വാസത്തെ ദൈവത്തിന്റെ അനുവാദത്തോടെ സുരക്ഷിതമായി രോഗിയിൽ തിരിച്ചേൽപ്പിച്ച് ജീവിതം നീട്ടിക്കൊടുക്കാൻ കഴിയുമ്പോൾ മാത്രമാണ് ഡോ. ഹരിദാസിന്റെ മുഖം തെളിയുന്നതും മനസ് നിറയുന്നതും.
ഒരു ദിവസം ഒരാളിനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനെ കുറിച്ച് തിരുവനന്തപുരം ലോഡ്സ് ഹോസ്പിറ്റലിന്റെ ചെയർമാനായ പത്മശ്രീ ഡോ.കെ.പി.ഹരിദാസ് കേരള കൗമുദിയോട് സംസാരിക്കുന്നു.
ഒരു ഒമ്പതാം ക്ലാസുകാരന്റെ മനസിൽ വിരിഞ്ഞ കിനാവാണ് ഡോ. ഹരിദാസായി മാറിയത്.തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്കൂളിലാണ് ഹരിദാസ് പഠിച്ചത്. ഗ്രാമീണതയുടെ നേരടയാളമായിരുന്ന കല്ലമ്പലം നാവായിക്കുളം റോഡിലൂടെ കൂട്ടുകാരോടൊപ്പം തോളിൽ കൈയിട്ടും കഥകൾ പറഞ്ഞും പള്ളിക്കൂടത്തിലേക്ക് പോകുന്നതിനിടയിലെ ഒരു കാഴ്ച ഹരിദാസിനെ വല്ലാതെ സ്വാധീനിച്ചു.ആ കാഴ്ചയിലൂടെ ആ പ്രായത്തിൽ തന്നെ ഭാവിയിൽ എന്തായി തീരണമെന്ന ചന്തമുള്ള ചിന്തക്ക് വിത്തിടുകയും ചെയ്തു. ഹരിദാസ് പള്ളിക്കൂടത്തിൽ പോകുന്ന വഴിയിൽ ചെറിയൊരു ക്ലിനിക്കുണ്ട്.അവിടെയുള്ള ബെഞ്ചിൽ ഡോക്ടറേയും കാത്തിരിക്കുന്ന രോഗികളുമുണ്ട്.ഒരു സൈക്കിളിൽ ഡോക്ടർ വന്നിറങ്ങുമ്പോൾ രോഗികൾ ദൈവത്തെ കാണുന്നതു പോലെയാണ് ഭയഭക്തി ബഹുമാനത്തോടെ തൊഴുതു നിൽക്കുന്നത്. ഡോക്ടറുടെ വേഷവും ചിരിയും ഇടപെടലും ഹരിദാസിനുള്ളിലും ആദരവും ആരാധനയുമായി മാറി.അതിലേറെ അതിശയം തോന്നിയത് അഭിമാനത്തോടെ ഡോക്ടറുടെ കഴുത്തിൽ കിടന്നിരുന്ന സ്റ്റതസ്കോപ്പാണ്.ആ കുഴലിനുള്ളിലെ സാങ്കേതിക രഹസ്യമറിയാനും ആ കുഴലു കൊണ്ട് രോഗം കണ്ടുപിടിക്കുന്നത് എങ്ങനെ എന്നറിയാനും അത് സ്വന്തമാക്കാനും ഏറെ ആഗ്രഹിച്ചു.
ലോർഡ്സ് ഹോസ്പിറ്റൽ
അവധി ദിവസങ്ങളിൽ ഹരിദാസ് സാങ്കൽപ്പിക ഡോക്ടറായി അഭിനയിക്കും.അമ്മയേയും പ്രായത്തിൽ ഇളയ സഹോദരങ്ങളേയും ഡോക്ടറെ പോലെ ചികിത്സിക്കുന്നത് പതിവായി. ബുക്കുകളിൽ ഹരിദാസ് എന്ന പേരിന്റെ കൂടെ എം.ബി.ബി.എസ് എന്നും എഫ്.ആർ.സി.എസ് എന്നും എഴുതുമായിരുന്നു. ഹരിദാസിന്റെ അമ്മ അന്നത്തെ കാലത്ത് ഒമ്പതാം ക്ലാസ് പരീക്ഷ പാസായ വിദ്യാസമ്പന്നയായിരുന്നു. അക്ഷരങ്ങളേയും അറിവിനേയും സ്നേഹിച്ചിരുന്ന അമ്മ ദാക്ഷായണി എല്ലാ മക്കളുടേയും പഠനകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു.ഒമ്പതു മക്കളേയും ഒരുപോലെ സ്നേഹിച്ചിരുന്നെങ്കിലും അഞ്ചാമനോമന കുഞ്ചുവായ ഹരിദാസിന്റെ ഡോക്ടർ സ്വപ്നം യാഥാർത്ഥ്യമാക്കാൻ അമ്മയോടൊപ്പം അച്ഛൻ പരമേശ്വരനും തീരുമാനിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പരീക്ഷ പാസായതോടെ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഹരിദാസ് കണ്ട സ്വപ്നം യാഥാർത്ഥ്യമായി. പഠനകാലം മുതൽ രോഗികളുടെ മനസറിയാൻ ഹരിദാസ് ശ്രമിച്ചിരുന്നു. കൂടുതൽ രോഗികളും നിരാശയുടെ ആഴങ്ങളിൽ വീണവരായിരിക്കും. ഇനിയെത്ര നാൾ ഈ ഭൂമിയിലെ സുന്ദരജീവിതം ആസ്വദിക്കാൻ കഴിയുമെന്ന ചിന്തയിലാണ് പലരും ഡോക്ടറെ കാണാൻ വരുന്നത്. അവർക്ക് ഡോക്ടറുടെ ഒരു ചിരി പോലും സമ്മാനിക്കുന്നത് പ്രതീക്ഷയുടെ സ്നേഹതുരുത്താണ്. രോഗത്തെ പഠിക്കുന്നതോടൊപ്പം രോഗിയെ പഠിക്കാനും ശ്രമിക്കുന്ന ഡോ. ഹരിദാസ് ഓപ്പറേഷൻ തീയേറ്ററുകളിൽ കാണിക്കുന്ന ആത്മാർത്ഥതയും സത്യസന്ധതയും മുതിർന്ന ഡോക്ടർമാരുടെ പ്രിയപ്പെട്ടവനാക്കി മാറ്റി. ഡോ. ഹരിദാസിന് സർജറി സന്യാസം പോലെ ആത്മസമർപ്പണമാണ്. രോഗിയുടേയും ബന്ധുക്കളുടേയും കരയുന്ന കണ്ണുകളിൽ പ്രതീക്ഷയുടെ തിരിനാളം തെളിയിക്കാനുള്ള അവസാന വഴിയാണ് സർജറി.അത്തരം സർജറികൾ വേഗത്തിലും കൃത്യതയിലും വിജയിപ്പിക്കാനുള്ള അറിവുകൾ തേടിയുള്ള യാത്രകൾക്ക് ഡോ.ഹരിദാസ് തുടക്കമിട്ടു. ഇംഗ്ലണ്ടിൽ പോയി ഉപരിപഠനം നടത്തി എഫ്.ആർ.സി.എസ് നേടി. ഇംഗ്ലണ്ടിലെ ആറു വർഷത്തെ ജീവിതത്തിന് ശേഷം തിരിച്ചു വന്നു.
അഞ്ചു വർഷത്തോളം അബുദാബിയിലും ജോലി ചെയ്തു. അറിവുകളോടൊപ്പം അനുഭവങ്ങളും സ്വന്തമാക്കി. അന്നത്തെ കാലത്ത് അബുദാബിയിലെ ഏക മലയാളി കൺസൾട്ടന്റ് സർജൻ ഡോ. ഹരിദാസായിരുന്നു.വിദേശരാജ്യങ്ങളിൽ നിന്ന് കിട്ടിയ അറിവുകളും അനുഭവ സമ്പത്തുകളുമായാണ് മലയാള മണ്ണിലേക്ക് മടങ്ങി വന്നത്. ലോഡ്സ് ഹോസ്പിറ്റലിന്റെ ചെയർമാനായ പത്മശ്രീ ഡോ. കെ.പി.ഹരിദാസിന്റെ കഴിവുകളെ കുറിച്ച്,അനുഭവ സമ്പത്തുകളെ കുറിച്ച്,കിട്ടിയ അംഗീകാരങ്ങളെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നപ്പോഴാണ് ഡോ. ഹരിദാസ് കേരളത്തിൽ ആദ്യമായി കരൾ ശസ്ത്രക്രിയ ചെയ്തത്. പത്രങ്ങളിലെല്ലാം ഡോ. ഹരിദാസ് നടത്തിയ ആദ്യത്തെ കരൾ ശസ്ത്രക്രിയ വാർത്ത പ്രാധാന്യത്തോടെ ഇടം നേടിയിരുന്നു. ലാപ്രോസ്കോപിക് സർജറിയിൽ പുതുവഴി തെളിയിക്കാൻ മുന്നിൽ നിന്നതും ഡോ.കെ.പി.ഹരിദാസാണ്. സർജറിയെ പ്രണയിക്കുന്ന ഡോ. ഹരിദാസ് സർജറിയെ കലാരൂപമായാണ് കാണുന്നത്. സന്യാസിയുടെ സമർപ്പണവും കലാകാരന്റെ സമർത്ഥതയും സർജറിയിൽ കാണിക്കുന്നതു കൊണ്ടാണ് കണ്ണും മനസും കൈവിരലുകളും ഏകാഗ്രമാക്കി എട്ടു മണിക്കൂറോളം വെള്ളം പോലും കുടിക്കാതെ രോഗിയുടെ ഹൃദയതാളം നിലനിർത്താനായി ഓപ്പറേഷൻ തീയേറ്ററുകളിൽ ഡോ.ഹരിദാസ് നിൽക്കുന്നത്.

സ്വന്തമായി ഒരു ആശുപത്രി എന്ന ചിന്ത വന്നതു പോലും കൂടുതൽ കൂടുതൽ സർജറികൾ ചെയ്ത് കൂടുതൽ കൂടുതൽ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ്. സർക്കാർ സർവീസിൽ ചെയ്യാൻ കഴിയാത്ത പല സർജറികളും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, പൂർണതയോടെ,സംതൃപ്തിയോടെ ചെയ്യാനും കഴിയുമെന്ന ചിന്തയിലാണ് സ്വന്തമായി ആശുപത്രി തുടങ്ങിയത്. സർക്കാർ സർവീസിൽ നിന്നും സ്വയംവിരമിച്ചു കൊണ്ടാണ് തിരുവനന്തപുരത്തെ ആനയറയിൽ ലോഡ്സ് ഹോസ്പിറ്റൽ പടുത്തുയർത്തിയത്.രണ്ടായിരാമാണ്ടിലെ വിഷു ദിനത്തിൽ ലോഡ്സ് ഹോസ്പിറ്റൽ തുടങ്ങിയതു കൊണ്ടായിരിക്കണം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വരുന്ന രോഗികൾ കണിക്കൊന്ന പൂവിന്റെ സൗന്ദര്യമുള്ള പുഞ്ചിരിയുമായി തിരിച്ചു പോകുന്നത്. ലോഡ്സ് ആശുപത്രിയെ കുറിച്ച് ആർക്കും പരാതിയോ പരിഭവമോ ഇല്ല.സംതൃപ്തി മാത്രം. ലോഡ്സ് ഹോസ്പിറ്റലിൽ വരുന്ന രോഗികളുടേയും ബന്ധുക്കളുടേയും സംതൃപ്തിയിൽ വിരിഞ്ഞ പുഞ്ചിരിയിൽ നിന്നാണ് ഡോ. ഹരിദാസിന് മുകളിൽ അവാർഡുകളുടെ പെരുമഴ പെയ്തു കൊണ്ടിരിക്കുന്നത്.പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്കാരങ്ങളാണ് ഡോ.കെ.പി.ഹരിദാസിനെ തേടി വന്നത്.ബ്രിട്ടീഷ് പാർലമെന്റിലും ആദരിക്കപ്പെട്ടു.ഇന്ത്യയുടെ പരമോന്നത ബഹുമതികളിൽ ഒന്നായ 'പത്മശ്രീ" നേടിയതാണ് ഡോ.കെ.പി.ഹരിദാസ് പുണ്യമായി കരുതുന്നത്.
പ്രമേഹവും
മെറ്റബോളിക് സർജറിയും
ഇന്ന് ലോകം നേരിടുന്ന വലിയൊരു ഭീഷണിയാണ് പ്രമേഹം.ജീവിതം മധുരമാകണമെന്ന് ആഗ്രഹിക്കുകയും മധുരത്തിലൂടെ മരണത്തിലേക്ക് പോകുകയും ചെയ്യുന്ന അവസ്ഥ ഭീകരമാണ്. പ്രമേഹത്തിന് പ്രായമോ ലിംഗഭേദമോ ഇല്ല. പരിഷ്കൃതമായ സമൂഹത്തിൽ പരിഷ്കരിക്കപ്പെട്ട ജീവിതശൈലിയാണ് പ്രമേഹത്തേയും രക്തസമ്മർദ്ദത്തേയും രക്തത്തിലെ കൊഴുപ്പിനേയും വിളിച്ചു വരുത്തുന്നത്.ഇന്ന് ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ പ്രമേഹ രോഗികളുള്ളത് ഇന്ത്യയിലാണ്.ഇന്ത്യയിൽ കൂടുതൽ പ്രമേഹ രോഗികളുള്ളത് കേരളത്തിലാണ്.ദേശീയതലത്തിൽ എട്ടുശതമാനമാണെങ്കിൽ കേരളത്തിൽ 20 ശതമാനമാണ് പ്രമേഹരോഗികളുള്ളത്.പൊണ്ണത്തടിയുടെ കാര്യത്തിലും 20 ശതമാനത്തോളം കേരളീയരാണ്.
ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതം ബി.എം.ഐ 35 കഴിയുമ്പോഴാണ് പ്രമേഹരോഗികളിൽ അനുബന്ധ അസുഖങ്ങൾ കടന്നു വരുന്നത്.ഇത്തരം ആൾക്കാർക്ക് വേണ്ടിയുള്ള മെറ്റബോളിക് സർജറി ലോഡ്സ് ഹോസ്പിറ്റലിൽ വിജയകരമായി ചെയ്തുവരികയാണ്.അമിതവണ്ണവും അമിതഭാരവുമുള്ള ചെറുപ്പക്കാരാണ് ലോഡ്സ് ഹോസ്പിറ്റലിൽ ഡോ. ഹരിദാസിനെ കാണാൻ കൂടുതലായി വരുന്നത്. മിനി ഗ്യാസ്ട്രിക് ബൈപ്പാസ് എന്ന മെറ്റബോളിക് സർജറിയാണ് ഡോ.ഹരിദാസ് നടത്തുന്നത്. ലാപ്രോസ്കോപിക് വഴി ചെറുകുടലിന്റെ നീളം കുറച്ച് ആഹാരത്തിന്റെ ആഗീകരണം കുറച്ചു കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുന്നതാണ് ഇത്.പ്രമേഹ രോഗികൾക്ക് സർജറിക്ക് മുമ്പ് തന്നെ പ്രമേഹം മാറ്റാൻ കഴിയുമോ എന്ന് പാൻക്രിയാസുമായി ബന്ധപ്പെട്ട രക്തപരിശോധന വഴി അറിയാനും കഴിയും. അമിതവണ്ണമുള്ളവരുടെ ആശ്വാസകേന്ദ്രം കൂടിയാണ് ആനയറയിലെ ലോഡ്സ് ഹോസ്പിറ്റൽ.
ഡോ.ഹരിദാസും
ഓപ്പറേഷൻ തീയേറ്ററും
പത്മശ്രീ ഡോ.കെ.പി.ഹരിദാസിന്റെ മനസിൽ ഓപ്പറേഷൻ തീയേറ്ററാണ് ക്ഷേത്രം.അതുകഴിഞ്ഞേ അമ്പലങ്ങൾക്ക് സ്ഥാനമുള്ളൂ. മൂന്നു വാതിലുകൾ കടന്നാണ് ഓപ്പറേഷൻ തീയേറ്ററാകുന്ന ക്ഷേത്രത്തിനുള്ളിൽ കയറേണ്ടത്.രോഗിയെയാണ് ദൈവതുല്യമായി കാണുന്നത്. അനസ്തേഷ്യ കൊടുത്തു കഴിഞ്ഞാൽ രോഗി മരണതുല്യമാണ്.അവിടെ ദൈവത്തെ പോലെ കാണുന്ന രോഗിയുടെ ശരീരത്തിൽ അറ്റകുറ്റ പണികൾ നടത്തി പൂർണതയുടെ കൈയ്യൊപ്പോടെ പുനർജന്മം കൊടുത്ത് കൊണ്ടു വരുന്ന കലാകാരനെ പോലെയാണ് ഡോ.ഹരിദാസ് സർജറി നടത്തുന്നത്. ക്ഷേത്രത്തിനുള്ളിൽ കടക്കുന്ന പൂജാരിയേക്കാൾ ശരീരവും മനസും പരിശുദ്ധമാക്കിയാണ് ഓപ്പറേഷൻ തീയേറ്ററാകുന്ന ക്ഷേത്രത്തിലേക്ക് ഡോ. ഹരിദാസ് കടക്കുന്നത്. സർജന്റെ വേഷവിധാനങ്ങൾ അണിഞ്ഞു കഴിഞ്ഞാൽ ഡോ. ഹരിദാസ് മറ്റൊരാളായി മാറും. പൂജാരിയായും കലാകാരനായും ദൈവതുല്യമായും പകർന്നാട്ടം നടത്തും. പിന്നീട് ഒറ്റ ലക്ഷ്യമേയുള്ളൂ, പരിപൂർണതക്കായുള്ള അറ്റകുറ്റപണികളും മിനുക്ക് പണികളും നടത്തി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരിക. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ളവർ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലുള്ളവരും വിദേശികളും പത്മശ്രീ ഡോ. കെ.പി.ഹരിദാസിനെ തേടി വരുന്നതിന് ഒരു കാരണമുണ്ട്.കാരണവരെ പോലെ ശാസിച്ചും സ്നേഹിച്ചുമാണ് ഡോക്ടർ പെരുമാറുന്നത്. ദൈവത്തിന്റെ കൈയ്യൊപ്പും കൈപ്പുണ്യവും മാത്രമല്ല മനുഷ്യത്വവും മാനവികതയും അലിഞ്ഞു ചേർന്ന ഡോക്ടറാണ് കെ.പി. ഹരിദാസ്. മണ്ണിൽ ചവുട്ടി നിന്ന രാഷ്ട്രപിതാവ് ഗാന്ധിജിയേയും മണ്ണിൽ നിന്ന് വിണ്ണിൽ തൊടാൻ ശ്രമിച്ച മുൻ രാഷ്ട്രപതി അബ്ദുൽ കലാമിനേയുമാണ് ഡോ. ഹരിദാസ് മാതൃകയായി കാണുന്നത്.
മണ്ണിലും മനസിലും അതിർവരമ്പുകൾ സൃഷ്ടിക്കാതിരിക്കാൻ പ്രചോദനം നൽകിയ ശ്രീനാരായണ ഗുരുവും ആവേശത്തിന്റെ തീക്കടൽ സൃഷ്ടിച്ച സ്വാമി വിവേകാനന്ദനുമാണ് ഡോ. ഹരിദാസിന്റെ ആത്മീയ ഗുരുക്കൻമാർ.വിവിധ രാജ്യങ്ങളിലെ വിവിധ മതങ്ങളിലെ തൊണ്ണൂറായിരത്തിലേറെ ജീവൻ രക്ഷിക്കാൻ വേണ്ടി സർജറി നടത്തിയപ്പോഴും ഡോ. ഹരിദാസ് കണ്ടത് എല്ലാവരുടെ ചോരക്കും ഒരേ നിറമാണ്. എല്ലാവരുടെ ഹൃദയത്തിനും ഒരേ ആകൃതിയാണ്. എല്ലാവരുടെ ശ്വാസത്തിനും ഒരേ താളമാണ്. എല്ലാവരുടെ ജീവനും ഒരേ മൂല്യവുമാണ്.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആനയറയിലെ ആശുപത്രിക്ക് 'ലോഡ്സ് ഹോസ്പിറ്റൽ" എന്ന് പേരിട്ടത്.ലോഡ്സ് ഹോസ്പിറ്റലിൽ വരുന്ന രോഗികളെ ദൈവതുല്യമായും പ്രഭുതുല്യമായുമാണ് പരിചരിക്കുന്നത്.