russian-fighter-

കമ്പാല : പ്രതിരോധ ആവശ്യത്തിനായി ഇന്ത്യയെ പോലെ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയും റഷ്യയുമായി മികച്ച ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. എണ്ണപ്പാടങ്ങളാൽ സമ്പന്നമായ ഉഗാണ്ടയിൽ വിഘടനവാദികളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും റഷ്യൻ ആയുധങ്ങൾ സൈന്യം ഉപയോഗിക്കുന്നത്. എന്നാൽ റഷ്യ യുക്രെയിനിലെ യുദ്ധത്തിന്റെ തിരക്കിലായതോടെ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടിയിരിക്കുകയാണ് ഉഗാണ്ട ഇപ്പോൾ. പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ഉഗാണ്ട റഷ്യയിൽ നിന്നും സ്വന്തമാക്കിയ സുഖോയ് യുദ്ധവിമാനങ്ങളുടെ പരിപാലനത്തിനായാണ് ഇന്ത്യ സഹായം നൽകാമെന്നേറ്റത്. ഇത് സംബന്ധിച്ച കരാർ മാർച്ച് നാലിന് ഉഗാണ്ട ഇന്ത്യയുമായി ഒപ്പുവച്ചു. കമ്പാലയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ധാരണാപത്രം ഒപ്പുവച്ചത്.

റഷ്യൻ സുഖോയ് എസ് യു 30 യുദ്ധവിമാനങ്ങളുടെ പരിപാലനത്തിനുള്ള ലൈസൻസ് ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനുള്ളതാണ് ഉഗാണ്ടയെ ഇന്ത്യയെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാറിലെ വിശദാംശങ്ങൾ രഹസ്യ സ്വഭാവമുള്ളതിനാൽ പുറത്ത് വിട്ടിട്ടില്ല. ഉഗാണ്ടൻ ദിനപത്രമായ ദി ഇൻഡിപെൻഡന്റാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഉഗാണ്ടയിലെ സർക്കാർ വിഘടനവാദികളെ നേരിടാൻ സുഖോയ് ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

2011ലാണ് ഉഗാണ്ട റഷ്യയിൽ നിന്നു സുഖോയ് സ്വന്തമാക്കിയത്. റഷ്യൻ സുഖോയ് സ്വന്തമാക്കിയ ആദ്യത്തെ ആഫ്രിക്കൻ രാജ്യം എന്ന വിശേഷണവും ഇതിലൂടെ ഉഗാണ്ട സ്വന്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങളിൽ റഷ്യയ്ക്ക് വലിയ സ്വാധീനമാണുള്ളത്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ യു എന്നിൽ നടന്ന വോട്ടെടുപ്പുകളിൽ ഉഗാണ്ട ഉൾപ്പടെ 17 ആഫ്രിക്കൻ രാജ്യങ്ങളാണ് വിട്ടുനിന്നത്. 2017ന് ശേഷം ആഫ്രിക്കയിലേക്ക് ഏറ്റവും കൂടുതൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് റഷ്യയിൽ നിന്നുമാണ്. ആഫ്രിക്കയുടെ പ്രതിരോധ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യയാണ്.


ഉഗാണ്ടയും ഇന്ത്യയും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ബന്ധം ദൃഢമാണ്. ഇതാവാം വിമാനങ്ങളുടെ പരിപാലനത്തിന് ഇന്ത്യയെ ആശ്രയിക്കാൻ ഉഗാണ്ട തീരുമാനിച്ചത്. 2018ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഗാണ്ടയിൽ സന്ദർശനം നടത്തിയിരുന്നു. 20 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. ഈ കൂടിക്കാഴ്ചയിൽ പ്രതിരോധ മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.