sudev

രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വേറിട്ട താര തിളക്കത്തിൽ സുദേവ് നായ‌ർ

മൈക്കിളിനോട് ഏറ്റുമുട്ടാൻ കോച്ചേരി വീടിന്റെ മുറ്റത്ത് നേർത്ത പുഞ്ചിരിയോടെ വന്നിറങ്ങുന്ന രാജൻ മോൻ.ബോംബെ അധോലോകത്തിന് ഇയാൾ ബഡാ രാജൻ. രാജൻ മോൻ എന്ന കഥാപാത്രത്തെ സുദേവ് നായർ ഉജ്ജ്വലമാക്കിയപ്പോൾ പ്രേക്ഷകർ മാത്രമല്ല, മകന്റെ അഭിനയം കണ്ട് അച്ഛൻ വിജയകുമാർ വിശ്വനാഥും അമ്മ സുബദ വിജയകുമാറും അത്‌‌‌ഭുതപ്പെട്ടു.ഭീഷ്മപർവ്വം സിനിമയിൽ മമ്മൂട്ടിയോട് ഏറ്റുമുട്ടാൻ വരുന്ന കഥാപാത്രം അഭിനയ യാത്രയിൽ ഇതേവരെ ലഭിക്കാത്ത പ്രേക്ഷക അംഗീകാരത്തിൽ സുദേവ് നായർ എന്ന അഭിനേതാവിനെ എത്തിച്ചു . രാജൻ മോനെ കാണാൻ വിജയകുമാറും സുബദ വിജയകുമാറും രണ്ടുപ്രാവശ്യം ഭീഷ്മപർവ്വത്തിന് ടിക്കറ്റെടുത്തു. ഇതിന് മുൻപ് സുദേവിന്റെ ഒരു സിനിമ പോലും അവർ രണ്ട് പ്രാവശ്യം കണ്ടില്ല. എസ്ര സിനിമയിലെ എബ്രഹാം എസ്രയെയാണ് ഇതിനുമുൻപ് പ്രേക്ഷകർ നെഞ്ചോട് ചേർത്ത സുദേവ് കഥാപാത്രം.മുംബെയ് യിൽ ജനിച്ചു വളർന്ന മലയാളി എന്ന വിലാസത്തിൽനിന്ന് മൈ ലൈഫ് പാർട്ടണർ എന്ന ആദ്യ സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സുദേവ് നായർ അനാർക്കലി, മിഖായേൽ, കായംകുളം കൊച്ചുണ്ണി, അതിരൻ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു.ഇനി വരാനിരിക്കുന്ന പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം, കൊത്ത്, മോൺസ്റ്റ‌ർ തുടങ്ങിയ സിനിമകൾ വലിയ പ്രതീക്ഷ നൽകുന്നതിന്റെ ആഹ്ളാദത്തിൽ സുദേവ് നായർ മിണ്ടി തുടങ്ങി.

മീശയില്ല, എന്തു വേഷം ?

രൂപത്തിലെയും ഭാവത്തിലെയും ശബ്ദത്തിലെയും വ്യത്യസ്തത നടൻ എന്ന നിലയിൽ എന്റെ പ്ളസ് ആണ് . കാഴ്ചയിൽ മലയാളിയെ പോലെയല്ലെന്ന് തുടക്കത്തിൽ കുറെ കേട്ടു. സിനിമയിൽ നിലനിൽക്കാൻ കഴിയില്ല. എന്റെ ശരീരഘടനയും രൂപവും ഒട്ടും ശരിയല്ല. മീശയില്ല. എന്ത് വേഷം കിട്ടും? ഇതിലും ഭേദം ബോളിവുഡിൽ ശ്രമിക്കുക എന്നൊക്കെ കേട്ടപ്പോഴാണ് അവിടേക്ക് പോവുന്നത്. മലയാള സിനിമയിൽ അഭിനയിച്ചു തുടക്കം കുറിക്കാൻ ആഗ്രഹിക്കുകയും ഇവിടെത്തന്നെ സജീവമാകണമെന്ന് വിചാരിച്ച് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിച്ച് ഏറെ പ്രതീക്ഷയോടെ വന്നപ്പോഴാണ് ഇങ്ങനെ കേട്ടത്.മാധുരി ദീക്ഷിതും ജൂഹി ചൗളയും പ്രധാന വേഷത്തിൽ അഭിനയിച്ച ഗുലാബ് ഗ്യാങ് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചശേഷം വന്നപ്പോൾ മലയാള സിനിമ വിളിക്കാൻ തുടങ്ങി. മൈ ലൈഫ് പാർട്ണർ ആദ്യ മലയാള സിനിമയാകുകയും ചെയ്തു. ഇവിടെ സിനിമ ചെയ്യാൻ കുറെ പരിശ്രമം നടത്തി.മൂന്നുവർഷം നന്നായി കഷ്ടപ്പെട്ടു. അതിനുശേഷമാണ് മൈ ലൈഫ് പാർട് ണർ ലഭിക്കുന്നത്.മൈ ലൈഫ് പാർട്ണർ കഴിഞ്ഞും കേട്ടു മലയാളി ഛായയില്ലെന്ന്. എന്നാൽ ഈ രൂപവും ഭാവവും ശബ്ദത്തിലെ വ്യത്യസ്തതയുമാണ് അന്നും ഇന്നും അവസരം തരുന്നത്.

അഭിനയം പഠിപ്പിച്ച മമ്മുക്കയും ലാലേട്ടനും

മമ്മുക്കയുടെയും ലാലേട്ടന്റെയും സിനിമകൾ കണ്ടാണ് വളർന്നത്. മുംബെയിൽ ഞാൻ കണ്ടത് അധികവും മലയാള സിനിമകളാണ്. രണ്ടുപേരുടെയും അഭിനയം കാണുകയും വിലയിരുത്തുകയും ചെയ്തു. ആസമയത്ത് ഞാൻ സിനിമയിൽ വന്നിട്ടില്ല. അവരുടെ അഭിനയം നോക്കി പഠിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഞാൻ ആദ്യമായി അഭിനയം പഠിക്കുന്നതുത്തന്നെ. രണ്ടുപേരെയും നേരിൽ കാണുമെന്നും ഒപ്പം അഭിനയിക്കാൻ കഴിയുമെന്നും സ്വപ്നം കണ്ടു. അത് സത്യമാകുമെന്ന് കരുതാനാവില്ലല്ലോ. എന്നാൽ രണ്ടുപേരെയും അടുത്തുകണ്ടു. ഒപ്പം അഭിനയിച്ചു. കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കുമ്പോൾ കോമ്പിനേഷൻ സീനില്ലാത്ത സമയത്ത് രണ്ട് മണിക്കൂർ സമയം ലാലേട്ടനുമായി സംസാരിക്കാൻ കഴിഞ്ഞു. ഭീഷ്മപർവ്വത്തിന്റെ ലൊക്കേഷനിൽ ഞങ്ങൾക്കൊപ്പം ഇരുന്നാണ് മമ്മുക്ക ഉച്ചഭക്ഷണം കഴിക്കുന്നത്. അപ്പോൾ സംസാരിക്കാൻ കുറെ അവസരം ലഭിച്ചു. ഹോളിവുഡ് സിനിമകളെപ്പറ്റി സംസാരിച്ചു. കഥാപാത്രമായി മാറുന്നത് എങ്ങനെയെന്ന് ലാലേട്ടനോട് ചോദിച്ചു. അത് വാക്കുകൾകൊണ്ട് പറയാൻ സാധിക്കില്ലെന്ന് എനിക്കും അറിയാമായിരുന്നു. അത് വെളിപ്പെടുത്താതെ ലാലേട്ടൻ പുഞ്ചിരിച്ചപ്പോൾ തിരിച്ചറിയാൻ സാധിച്ചു. രണ്ടുപേരും കഥാപാത്രമായി മാറി കഴിഞ്ഞ് നടത്തുന്ന തയാറെടുപ്പും കാമറയുടെ മുന്നിലെ അനായസപ്രകടനവും കണ്ടു. അത് അഭിനയമെന്ന് തോന്നില്ല. രണ്ടുപേർക്കും ഒരേപോലെ ഇൗ പ്രത്യേകതയുണ്ട്. ഒപ്പം അഭിനയിക്കുന്നവരുമായി അടുത്ത ഇടപെഴുകയും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മമ്മുക്കയുമായും ലാലേട്ടനുമായും അകലം കുറഞ്ഞെന്ന തോന്നൽ അപ്പോൾ അനുഭവപ്പെടും. അവർക്കൊപ്പം അഭിനയിക്കുക എന്ന നിലയിലേക്ക് സഹതാരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന പ്രക്രിയ മനോഹരമാണ്. അതിനാലാണ് മമ്മുക്കയോടും ലാലേട്ടനോടും എല്ലാവർക്കും അളവറ്റ സ്നേഹം. എത്രയോ വർഷമായി പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞതിന്റെ കാരണം പോലും പഠിക്കാൻ സാധിച്ചു.

സമയത്തിലേക്ക് എത്താൻ കഠിനാദ്ധ്വാനം

സ്വന്തം ജീവിതാനുഭവങ്ങളിൽനിന്നാണ് നോട്ട്ഫിറ്റ് എന്ന വെബ്സീരിസ് കഥ എഴുതി സംവിധാനം ചെയ്യാൻ പ്രചോദനം. ആ സമയത്ത് ഞാൻ നേരിട്ട വെല്ലുവിളികളെ എല്ലാം ലളിതമായി കാണാൻ ശ്രമിച്ചു. ഒരിക്കലും ഗൗരവമായി കാണാൻ ശ്രമം നടത്തിയില്ല. എന്നെ മാത്രം എന്തിന് ഇങ്ങനെ, എനിക്ക് അവസരം വരുന്നില്ലല്ലോ. ഞാൻ അഭിനയിക്കുമല്ലോ. എന്നൊന്നും വിചാരിച്ചില്ല. എല്ലാവർക്കും അവരുടേതായ സമയമുണ്ട്. ആ സമയത്തിലേക്ക് കഠിനാദ്ധ്വാനം ചെയ്യുക. ബാക്കി എല്ലാം തനിയേ വന്നുകൊള്ളും. എന്നാണ് എന്റെ വിശ്വാസം. വെല്ലുവിളികൾ നേരിട്ടതിന്റെ പ്രയോജനം ഇപ്പോൾ ലഭിക്കുന്നു. ഒരുദിവസം പെട്ടെന്നു വന്നു താരമാകുകയും തുടർന്ന് എന്ത് ചെയ്യണമെന്ന് അറിയാൻ കഴിയാത്ത അവസ്ഥയും ഉണ്ടായില്ല. സാവധാനമാണ് ഒാരോ പടിയും കയറിയത്. അതിലൂടെയാണ് യാത്ര.മലയാളത്തിൽ ഒരു സ്ഥാനം ലഭിക്കും എന്നതാണ് ഏറ്റവും വലിയ അംഗീകാരം. എല്ലാ ഭാഷാസിനിമകൾക്കു മുകളിലാണ് മലയാള സിനിമ. അതിനാൽ മലയാള സിനിമയുടെ ഭാഗമാവാൻ കഴിയുന്നതു ഭാഗ്യമായി കരുതുന്നു. ബോളിവുഡിൽനിന്ന് അവസരം വന്നപ്പോഴും മലയാളത്തിനോടാണ് കൂടുതൽ ഇഷ്ടം തോന്നിയത്. ഇവിടത്തെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തരത്തിൽ സ്നേഹം തരും.

അവാർഡിന് ശേഷവും യാത്ര

കമ്പ്യൂട്ടർ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കി ഉയർന്ന ജോലി ലഭിച്ചിട്ടും പോവാതെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ ചേരുമ്പോൾ സിനിമയോട് അടുപ്പിച്ചതിന്റെ കാരണം ഇപ്പോഴും അറിയില്ല. കുട്ടിക്കാലം മുതൽ സിനിമ ഇഷ്ടമാണ്. ചിലപ്പോൾ തലച്ചോർ കലാരംഗത്തേക്ക് പോയതാവാം. പാട്ടും നൃത്തവും ഇഷ്ടം. സ്റ്റേജിൽ പെർഫോം ചെയ്യുന്നതും ഇഷ്ടം തന്നെയാണ്. എൻജിനിയറിംഗ് പഠിക്കുന്ന സമസയത്താണ് അത് ബോദ്ധ്യമായത്. എന്നാൽ എൻജിനിയറിംഗ് പഠനശേഷം അത് ഒരു ജോലിയായി മാറുമ്പോൾ ആകുലത അനുഭവപ്പെടും. എനിക്ക് പറഞ്ഞ മേഖലയല്ലെന്ന് തോന്നി. കഠിനാദ്ധ്വാനം ചെയ്താൽ മികവ് പുലർത്താൻ കഴിയും. എന്നാൽ സിനിമയോടുള്ള താത്പര്യത്തിൽ നടക്കുന്ന കഠിനാദ്ധ്വാനം ഇഷ്ടമാണ്. ഷൂട്ടിംഗിന് പോവുമ്പോൾ ജോലിക്ക് പോകുന്നുവെന്ന് തോന്നില്ല. മുഴുവൻ സമയം അവധിക്കാലം പോലെ. ആ മേഖല തിരഞ്ഞെടുക്കുമ്പോൾ, അവിടെനിന്ന് പ്രതിഫലം ലഭിക്കുമ്പോൾ അനുഭവിക്കുന്ന സന്തോഷം വലുതാണ്. എന്നാൽ അവിടെ റിസ്ക്കുണ്ട്. അംഗീകാരം ഒരുപാട് മുകളിലും.ആദ്യ സിനിമയിൽ തന്നെ മികച്ച നടനുള്ള അവാർഡ് ഭാഗ്യമാണ്. അവാർഡ് ലഭിച്ചശേഷം ആളുകൾക്ക് ബഹുമാനം തോന്നി. സംവിധായകർക്ക് എന്നെ പരിചയമായി. അതേസമയം അവാർഡ് മാത്രം ലഭിച്ചതുകൊണ്ടും കാര്യമില്ല. അതിനുശേഷവും പ്രേക്ഷകരിലേക്ക് എത്തുക എന്ന യാത്രയുണ്ട്. ആ യാത്രയാണ് നടക്കുന്നത്. ആർക്കും മനസിലാവാത്ത കഥാപാത്രത്തിലേക്ക് അവാർഡ് ലഭിച്ച നടൻ എന്ന നിലയിൽ ചെയ്യാൻ താത്പര്യമില്ല. പ്രേക്ഷകരിലേക്ക് വേഗം എത്തുന്ന കഥാപാത്രത്തിന്റെ ഒാരം ചേരാനും ആ സിനിമയിൽ അഭിനയിക്കാനുമാണ് താത്പര്യം.

നായക സങ്കല്പ രൂപമല്ല

നായകവേഷം സംഭവിക്കാൻ പ്രേക്ഷകർ വിചാരിക്കണം. അതിന് സമയമെടുക്കും. പ്രത്യേകത നിറഞ്ഞ കഥാപാത്രം വരുമ്പോഴാണ് എന്റെ ആവശ്യകത.അതാണ് ഞാൻ ചെയ്യുന്നു. കണ്ണ്, ശരീരഭാഷ എന്നിവ നായക സങ്കല്പത്തിലെ ആളിന്റെ അല്ല.ആക്ഷൻ സീന്റെ കാര്യത്തിൽ മുൻവിധിയുണ്ട് നായകനായി ഞാൻ വരിക എന്നത് നടക്കുന്ന കാര്യമല്ല. എന്നാൽ എന്റെ രൂപഭാവത്തിലെ നായക വേഷമെങ്കിൽ ആകാം. എന്റെ പ്രിയ നായകനാണ് ഹൃത്വിക് റോഷൻ.ഇടയ്ക്ക് ഹൃത്വിക് റോഷന്റെ ലുക്ക് അനുകരിച്ച് മേക്കോവൻ നടത്തി റീൽ വിഡിയോ ചെയ്യും.സിനിമയിൽ ഹൃത്വിക് റോഷൻ കണ്ടെത്തിയ ഇടം എന്റെ ലക്ഷ്യമാണ് അവിടെവരെ എത്തുക വലിയ യാത്രയാണ്. നടക്കുമോ എന്നറിയില്ല.പാലക്കാട് ആണ് അച്ഛന്റെ നാട്. അമ്മയുടെ നാട് പറവൂർ കോട്ടുവള്ളി.അനുജൻ സുജയ് നായർ വിവാഹിതൻ. ഭാര്യ ശ്രേയ.തത്കാലം വിവാഹത്തെപ്പറ്റി ആലോചനയില്ല. അഭിനയത്തിൽ മാത്രമാണ് ശ്രദ്ധ.