tuberculosis

​​കൊവിഡ്-19ന് ശേഷം പകര്‍ച്ചവ്യാധികളുടെ പട്ടിക പരിശോധിച്ചാല്‍ മരണത്തിനു കാരണമാകുന്ന രണ്ടാമത്തെ പ്രധാന രോഗമാണ് ടിബി അഥവാ ക്ഷയരോഗം. ഇതിനായി ഒരു മുതല്‍ കൂട്ടുണ്ടെങ്കില്‍ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാനും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ടിബി രോഗികളുടെ എണ്ണം കുറയ്ക്കുവാനും സാധിക്കും. മതിയായ ഉപാധികള്‍ ലഭിക്കാത്ത പക്ഷം നമുക്ക് ടിബിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനോ കൊവിഡ്-19 ന്റെ ഗുരുതരമായ ആഘാതം മാറ്റാനും കഴിയില്ല.

കൊവിഡ് മഹാമാരിമൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ടിബിയില്‍ നിന്നുള്ള മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ടിബി രോഗനിര്‍ണ്ണയം നടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറയുന്നതിനും ക്ഷയ രോഗബാധിതരുടെ അവകാശങ്ങളെ അപകടകരമായി ബാധിക്കുന്നതിനും കാരണമായി.


ലോക ക്ഷയരോഗ ദിനം മാര്‍ച്ച് 24നാണ് ആചരിക്കുന്നത്. 1882 മാര്‍ച്ച് 24നാണ് റോബര്‍ട്ട് കോച്ച് ക്ഷയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ക്ഷയരോഗത്തിന്റെ ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ഈ ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ക്ഷയരോഗ ദിനത്തിനായി തിരഞ്ഞെടുത്ത വിഷയം 'ക്ഷയരോഗം അവസാനിപ്പിക്കാന്‍ നിക്ഷേപിക്കുക, ജീവന്‍ രക്ഷിക്കുക' എന്നതാണ്.

ക്ഷയരോഗം അവസാനിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനായി, ക്ഷയരോഗത്തിനെതിരായ പോരാട്ടം വേഗത്തിലാക്കാന്‍ നിക്ഷേപത്തിന്റെ അടിയന്തിര ആവശ്യകതയാണ് ഈ വിഷയത്തിലൂടെ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധി കൊലയാളികളില്‍ ഒന്നായി ഇത് ഇന്നും തുടരുന്നു. ഓരോ ദിവസവും 4100-ലധികം ആളുകള്‍ ക്ഷയരോഗം മൂലം മരിക്കുകയും 28,000-ഓളം ആളുകള്‍ രോഗബാധിതരാകുകയും ചെയ്യുന്നു. കൊവിഡ് മഹാമാരി കാരണം ക്ഷയരോഗത്തിനെതിരെ പോരാടാനുള്ള ആഗോള ശ്രമത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തിരിച്ചടി നേരിട്ടിരുന്നു.


കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ടിബി രോഗം മൂലമുള്ള മരണ നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് സൂചിപ്പിച്ചത് 2020-ത്തിലാണ്. ചില മേഖലകളില്‍ വളരെ മികച്ച രീതിയില്‍ ടിബിക്കെതിരെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആഗോള തലത്തില്‍ അത്തരത്തിലുള്ള മികവ് കൈവരിക്കാനായിട്ടില്ല. ഏറ്റവും വലിയ തിരിച്ചടി എന്തെന്നാല്‍ ടിബി രോഗനിര്‍ണ്ണയം നടത്തുന്ന ആളുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ കുറവു വന്നു എന്നതാണ്. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 2019-ല്‍ 7.1 ദശലക്ഷത്തില്‍ നിന്ന് 2020-ല്‍ 3.8 ദശലക്ഷമായി കുറഞ്ഞു.


മരുന്നിന്റെയും ചികിത്സയുടെയും ലഭ്യത കുറയുന്നത് ക്ഷയരോഗ മരണനിരക്കിന്റെ വര്‍ദ്ധനവിന് കാരണമായി. മരുന്നിന് പ്രതിരോധ ശേഷിയുള്ള ടിബിയുടെ ചികിത്സ തേടുന്ന ആളുകളുടെ എണ്ണം കുറയുന്നു, ടിബി മരുന്ന്, ചികിത്സ, പ്രതിരോധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ആഗോള ചെലവിലെ കുറവ് എന്നിവയാണ് മറ്റു തരത്തിലുള്ള പ്രത്യാഘാതങ്ങള്‍. അതിനാല്‍, ക്ഷയരോഗ സേവനങ്ങള്‍ക്കായുള്ള ലഭ്യതകള്‍ പുനഃസ്ഥാപിക്കുന്നതിനു വേണ്ട അടിയന്തരനടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.


നിലവില്‍ ക്ഷയരോഗ നിര്‍മാര്‍ജ്ജനത്തിനായി അനുവദിച്ച ബജറ്റ് നാല് വര്‍ഷം മുമ്പ് ലോക നേതാക്കള്‍ നല്‍കിയ പ്രതിബദ്ധതയുടെ പകുതിയില്‍ താഴെ മാത്രയാണ്. എന്നിരുന്നാലും, എല്ലാ പൊതുജനാരോഗ്യ ഇടപെടലുകളിലും ഏറ്റവും ചെലവ് കുറഞ്ഞതാണ് ടിബിയുടേത്. ഈ രോഗം ഇല്ലായ്മ ചെയ്യുന്നതിനുള്ള കഠിനാധ്വാനം, ദൃഢനിശ്ചയം, വൈകാരികത, ഊര്‍ജ്ജം എന്നിവയേക്കാള്‍ ഏറ്റവും മുന്നിലാണ് സാമ്പത്തിക നിക്ഷേപങ്ങള്‍ .

അതുകൊണ്ട് തന്നെ ഈ ക്ഷയരോഗ ദിനത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ഒരു പൊതു ലക്ഷ്യത്തിലേക്കായി നിക്ഷേപങ്ങളുടെ ഒരു ഭാഗം മാറ്റുകയാണ്. അതിനാല്‍ ബോധവല്‍ക്കരണവും അടിയന്തര നടപടികളും ഈ ആഗോള ശ്രമങ്ങളെ ഫലവത്താക്കും.


എന്താണ് ടിബി?

നമ്മുടെ ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടിബി. ക്ഷയരോഗം ബാധിക്കുന്ന പ്രധാന അവയവം ശ്വാസകോശമാണ്. ടിബിയുടെ ലക്ഷണങ്ങള്‍ സാവധാനം വികസിക്കുന്നു, ചിലപ്പോള്‍ ഒരു പ്രാരംഭ അണുബാധയ്ക്ക് ശേഷം മാസങ്ങളോ വര്‍ഷങ്ങളോ എടുക്കാം. ടിബി ബാസിലി മൂലമുണ്ടാകുന്ന അണുബാധ യാതൊരു ലക്ഷണങ്ങളും ഉണ്ടാക്കുന്നില്ലെങ്കില്‍, ഈ അവസ്ഥയെ ലാറ്റന്റ് ടിബി എന്ന് വിളിക്കുന്നു. ലാറ്റന്റ് ടിബി ഉള്ളവരില്‍ 10% വരെ സജീവമായ ടിബി വികസിക്കുകയും ചെയ്യും. ടിബിയുടെ ലക്ഷണങ്ങളുള്ളവരാണ് ആക്റ്റീവ് ക്ഷയരോഗി.

ടിബിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

1. ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച
2. രാത്രിയില്‍ വിയര്‍ക്കുന്ന അവസ്ഥ
3. പനി
4. വിശപ്പും ശരീരഭാരവും കുറയുന്നു
5. 2 ആഴ്ചയില്‍ കൂടുതലുള്ള ചുമ


രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വീര്‍ത്ത ലിംഫ് നോഡുകള്‍, വയറുവേദന, സന്ധി വേദന, തലവേദന, അപസ്മാരം, ചുഴലി, എന്നിവയും ഉണ്ടാകാം.


എങ്ങനെയാണ് ടിബി പടരുന്നത്?

ക്ഷയരോഗമുള്ള രോഗി സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഉമിനീരിലൂടെ ടിബി പടരുന്നു. ഗാര്‍ഹിക കാര്യങ്ങളില്‍ രോഗബാധിതനായ വ്യക്തിയുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് അണുബാധയുണ്ടാകാനുള്ള സാദ്ധ്യതയേറുന്നു.


ആര്‍ക്കാണ് അപകടസാദ്ധ്യത?

1. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ - പ്രമേഹമുള്ളവര്‍, വൃക്കസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ കാന്‍സര്‍ രോഗികള്‍ അല്ലെങ്കില്‍ എച്ച്‌ഐവി പോലുള്ള പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രോഗബാധികര്‍.

2. ചേരികള്‍, ജയിലുകള്‍ മുതലായ തിങ്ങിക്കൂടിയ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആളുകള്‍.

3. പുകവലിക്കുന്നവര്‍, മദ്യപാനികള്‍, മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നവര്‍.

4. 5 വയസിനു താഴെയുള്ള കുട്ടികളിലും 60 വയസിനു മുകളിലുള്ളവര്‍ക്കും രോഗ സാദ്ധ്യത കൂടുതലാണ് .

എങ്ങനെയാണ് ടിബി രോഗനിര്‍ണ്ണയം നടത്തുന്നത്?

ഏതു തരത്തിലുള്ള ടിബി, ഏതു അവയവത്തെ ബാധിച്ചു എന്നതിനെ ആശ്രയിച്ചാണ് രോഗനിര്‍ണ്ണയ പരിശോധന.

1. സ്മിയര്‍ മൈക്രോസ്‌കോപ്പി (Smear microscopy) അല്ലെങ്കില്‍ ജീന്‍ എക്സ്പെര്‍ട്ട് (Gene xpert) പോലുള്ള പുതിയ മോളിക്യുലാര്‍ രീതികള്‍ ഉപയോഗിച്ച് കഫം പരിശോധിക്കുന്നു.

2. നെഞ്ചിന്റെ എക്‌സ്-റേ (Chest X-ray).

3. രോഗ സാദ്ധ്യത കൂടുതലുള്ള ആളുകളില്‍ പോസിറ്റീവ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റുകളുടെ അഭാവത്തില്‍ ടിബി രോഗം സ്ഥിരീകരിക്കാം (Clinically Diagnosed TB).

4. എക്‌സ്ട്രാ പള്‍മണറി ടിബി (Extra pulmonary TB) രോഗനിര്‍ണ്ണയത്തിനായി സിടി സ്‌കാന്‍ (CT Scan), എംആര്‍ഐ (MRI) അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ (Ultrasound Scan) ഉപയോഗിക്കാം.


ക്ഷയരോഗ ചികിത്സ

കൃത്യമായ ചികിത്സ ലഭിച്ചാല്‍, ടിബി പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്ന രോഗമാണ്. ആന്റിബയോട്ടിക്കുകള്‍ ആറ് മാസത്തേക്ക് നിര്‍ദ്ദിഷ്ട ഡോസുകളില്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ശ്വാസകോശ ടിബിയെ സുഖപ്പെടുത്തുന്നു. എല്ലുകള്‍, നാഡീവ്യൂഹം തുടങ്ങിയ മറ്റു ശരീര ഭാഗങ്ങളെ ബോധിക്കുന്ന ടിബിക്ക് ചികിത്സയുടെ കാലയളവ് കൂടുവാന്‍ സാദ്ധ്യതയുണ്ട്. പ്രതിരോധശേഷിയുള്ള ടിബിയുടെ ചികിത്സ മരുന്നിന്റെ പ്രതിരോധത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ച് ചികിത്സാ കാലയളവ് ആവശ്യമാണ്.


ടിബി അണുബാധയുടെ പ്രതിരോധ മാര്‍ഗങ്ങള്‍

അണുബാധ പടരുന്നത് തടയുക, ചുമയ്ക്കുമ്പോള്‍ മര്യാദ പാലിക്കുക, മുറികളില്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുക, ശരിയായ ചികിത്സ തേടുക, ടിബിക്കെതിരായ അധികാരികളുടെ പരിശ്രമത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുക.

Dr. Sofia Salim Malik
Senior Consultant Pulmonologist
SUT Hospital, Pattom

doctor