anjali

കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ തന്നെ കുടുക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിപ്പെടുത്തി അഞ്ജലി റീമാദേവ്. ഒരു എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ് പിന്നിൽ പ്രവർത്തിച്ചത്. ഇവരുടെ കള്ളപ്പണമിടപാടിനെ എതിർത്തതാണ് തന്നോടുള്ള ശത്രുതയ്‌ക്കുള്ള പ്രധാന കാരണമെന്നും അവർ പറഞ്ഞു. അധികം വൈകാതെ അവരുടെ പേര് പുറത്തു പറയുമെന്നും അഞ്ജലി ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിലാണ് കൊച്ചി പൊലീസ് നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ളവർക്കെതിരെ പോക്‌സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.

കേസിലെ മൂന്നാം പ്രതിയാണ് അഞ്ജലി റീമാ ദേവ്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ അഞ്ജലി എറണാകുളം പോക്സോ കോടതിക്ക് മുമ്പാകെ ഹാജരായിരുന്നു. പ്രതിയുടെ പാസ്‌പോർട്ടും കണ്ടുകെട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്.