russian-weapons-

ന്യൂഡൽഹി : യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത് യുദ്ധഭൂമിയിൽ റഷ്യ പ്രയോഗിക്കുന്ന ആയുധങ്ങളിലാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതി രാജ്യമായ റഷ്യയ്ക്ക് അവരുടെ ആയുധങ്ങളുടെ ശക്തി പ്രകടിപ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്രെയിനിലെ അധിനിവേശം നൽകുക. അതിനാൽ തന്നെ റഷ്യ-യുക്രെയിൻ യുദ്ധം അവസാനിച്ചാൽ റഷ്യൻ ആയുധങ്ങളിൽ കണ്ണുവച്ച് കൂടുതൽ രാജ്യങ്ങൾ മോസ്‌കോയുമായി ബന്ധം സ്ഥാപിക്കുവാനും സാദ്ധ്യതയുണ്ട്.

റഷ്യൻ ആയുധ കയറ്റുമതി
റഷ്യയുടെ ആയുധങ്ങൾ പ്രധാനമായും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. ഇരു രാഷ്ട്രങ്ങളുമായും നല്ല ബന്ധം പുലർത്തുന്ന റഷ്യയുടെ ആയുധങ്ങൾ പക്ഷേ ഇന്ത്യയും ചൈനയും നേർക്കു നേർ പ്രയോഗിക്കുന്നതിനായി അതിർത്തിയിൽ അണിനിരത്തുന്നു എന്നതാണ് വിരോധാഭാസം. നിലവിൽ ലോകത്തെ ആയുധ കയറ്റുമതിയിൽ 19 ശതമാനമാണ് റഷ്യയുടെ പങ്ക്. 2016 വരെ ഇത് 24 ശതമാനമായിരുന്നു. എന്നാൽ അടുത്ത കുറച്ച് വർഷങ്ങളായി റഷ്യയിൽ നിന്നുള്ള കയറ്റുമതി 26 ശതമാനം ഇടിവുണ്ടായി. പ്രധാനമായും ഇന്ത്യ അമേരിക്കയിൽ നിന്നും, ഫ്രാൻസിൽ നിന്നും ഭീമമായ തുകയ്ക്കുള്ള ആയുധങ്ങൾ ഇക്കാലയളവിൽ വാങ്ങിയിരുന്നു എന്നതും റഷ്യൻ ഇടിവിൽ പ്രതിഫലിച്ചു. റഷ്യയുടെ 90% ആയുധങ്ങളും പത്ത് രാജ്യങ്ങളിലേക്ക് മാത്രമാണ് വലിയ അളവിൽ കയറ്റുമതി ചെയ്യുന്നത്. എന്നിരുന്നാലും റഷ്യൻ ആയുധങ്ങൾക്ക് ആഗോളതലത്തിൽ സ്വീകാര്യത ഏറെയാണ്.

റഷ്യയുടെ ആയുധ കയറ്റുമതിയുടെ ചരിത്രം പരിഗണിച്ചാൽ ഇന്ത്യ എക്കാലത്തും പ്രതിരോധ രംഗത്ത് മികച്ച പങ്കാളിയായിരുന്നു. 2016 നും 2020 നും ഇടയിൽ റഷ്യയിൽ നിന്നും 6.5 ബില്യൺ ഡോളറിനുള്ള ആയുധങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇത് റഷ്യ കയറ്റുമതി ചെയ്തതിൽ 19 ശതമാനത്തോളം വരും. ഇക്കാലയളവിൽ റഷ്യയിൽ നിന്നും 5.1 ബില്യൺ ഡോളർ ചെലവഴിച്ച് ആയുധം ഇറക്കുമതി ചെയ്ത ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയുടെ 49.3% വും റഷ്യയിൽ നിന്നുമാണ്. അതേസയമം യുക്രെയിൻ യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയത്ത് റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ തടസം നേരിടുമെന്ന ആശങ്കയും ഇന്ത്യയിലെ പ്രതിരോധ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യയുടെ സൈനിക ആയുധശേഖരത്തിന്റെ 70 ശതമാനവും റഷ്യൻ നിർമ്മിത ആയുധങ്ങളാണ്. നാവിക സേനയുടെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന യുദ്ധക്കപ്പലുകളിൽ ഭൂരിഭാഗവും റഷ്യൻ കരങ്ങൾ പതിഞ്ഞിട്ടുള്ളവയാണ്. ഇന്ത്യയുടെ ഏക ഓപ്പറേറ്റിംഗ് എയർക്രാഫ്റ്റ് കാരിയർ, ഐ എൻ എസ് വിക്രമാദിത്യ സോവിയറ്റ് കാലഘട്ടത്തിലെ കപ്പലിനെ പരിഷ്‌കരിച്ചതാണ്. ഇതിന് പുറമേ നാവികസേനയുടെ 10 ഗൈഡഡ്മിസൈൽ ഡിസ്‌ട്രോയറുകളിൽ നാലെണ്ണം റഷ്യൻ കാഷിൻ ക്ലാസ് കപ്പലുകളാണ്. ഇന്ത്യൻ നാവികസേനയുടെ കരുത്തായ ആണവ അന്തർവാഹിനിയായ ഐഎൻഎസ് ചക്ര റഷ്യയിൽ നിന്നും പാട്ടത്തിനെടുത്തതാണ്.

നാവിക സേനയ്‌ക്കൊപ്പം ഇന്ത്യൻ വ്യോമസേനയുടെ കരുത്തും റഷ്യൻ ആയുധങ്ങളാണെന്നതിൽ സംശയം വേണ്ട. റഫേലുകളുടെ കരുത്ത് അടുത്തകാലത്തായി സ്വന്തമാക്കിയെങ്കിലും മിഗ് വിമാനങ്ങളും സുഖോയും ഇപ്പോഴും വിശ്വസ്തരാണ്. ഇതിന് പുറമേ റഷ്യൻ നിർമ്മിത എംഐ17, എംഐ8 ഹെലികോപ്ടറുകളും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. റഷ്യയും ഇന്ത്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ലോകം കൊതിക്കുന്ന മിസൈലുകളാണ്. നിരവധി രാജ്യങ്ങളാണ് ബ്രഹ്മോസിനായി ഇന്ത്യയെ സമീപിക്കുന്നത്. വ്യോമപ്രതിരോധത്തിനായി റഷ്യയിൽ നിന്ന് അടുത്തിടെ വാങ്ങിയ എസ്400 സംവിധാനങ്ങളും ഇന്ത്യയിൽ എത്തിതുടങ്ങിയിട്ടുണ്ട്.

കരസേനയിലും റഷ്യൻ ആയുധങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. റഷ്യൻ എ കെ 203 റൈഫിളുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറമേ യുക്രെയിനിൽ റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങളിലും സ്വാഭാവികമായും ഇന്ത്യ കണ്ണുവച്ചേക്കാം. ഇവിടെ പ്രവർത്തന മികവ് അറിഞ്ഞ് വാങ്ങാൻ കഴിയും എന്നതും നേട്ടമാണ്.