k-rail

കോട്ടയം: കെ റെയിലുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രിയുടെ വീട് സംരക്ഷിക്കാൻ ചെങ്ങന്നൂരിൽ കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂർ ആരോപിച്ചു.

ചെങ്ങന്നൂർ കുറിച്ചിമുട്ടത്ത് കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. ഇത് സംബന്ധിച്ച് പുതിയ മാപ്പും പഴയതും അദ്ദേഹം പുറത്തുവിട്ടു. പുതിയ അലൈൻമെന്റിൽ മുളക്കുഴ പഞ്ചായത്ത് വലത് ഭാഗത്താണ് കാണപ്പെടുന്നത്. എന്നാൽ പഴയതിൽ ഈ പ്രദേശം ഇടത് ഭാഗത്തായിരുന്നു രേഖപ്പെടുത്തിയിരുന്നത്. മന്ത്രി സജി ചെറിയാന് വേണ്ടിയാണ് ഈ മാറ്റം വരുത്തിയതെന്നാണ് തിരുവഞ്ചൂർ പറയുന്നത്. ഇതിന്റെ ഗുണം ആ‌ർക്കാണ് ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ താൻ പുറത്തുകൊണ്ടുവരുമെന്നും തിരുവഞ്ചൂർ പറഞ്ഞു. അലൈൻമെന്റിലെ മാറ്റത്തെക്കുറിച്ച് കെ റെയിൽ എം ഡി അജിത്ത് കുമാർ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കാര്യങ്ങളെപറ്റി അറിയാവുന്ന ഒരു നേതാവ് ഇത്രയും വില കുറഞ്ഞ അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്ന് ആരോപണങ്ങൾക്ക് മറുപടിയായി സജി ചെറിയാൻ പറഞ്ഞു. സാറ്റലൈറ്റ് മുഖേനയാണ് അലൈൻമെന്റ് നിശ്ചയിക്കുന്നത്. ഇതുമായി ‌തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അലൈൻമെന്റ് ഫൈനലൈസ് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച സാമൂഹിക ആഘാത പഠനമാണ് നടക്കാൻ പോകുന്നത്. ഇതിനായുള്ള കല്ലിടലുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടായത്. സാമൂഹിക ആഘാത പഠനം, പാരിസ്ഥിതിക പഠനം എന്നിവ നടത്തി ഡി പി ആറും തയ്യാറാക്കി ഫൈനൽ അലൈൻമെന്റിലേക്ക് പോകാനിരിക്കുന്ന ഘട്ടത്തിൽ മുൻപുണ്ടായിരുന്ന അലൈൻമെന്റ് താൻ മാറ്റി എന്നുപറഞ്ഞാൽ ഇതിന് മറുപടി പറയാനില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.


തന്റെ വീടിന്റെ മുന്നിലൂടെ, വീടിന്റെ മുകളിലൂടെ തന്നെ കെ റെയിൽ കൊണ്ടുവരാൻ തിരുവഞ്ചൂർ മുൻകൈ എടുക്കണം. ഒരു പൈസയും തനിക്ക് വേണ്ട. ഒറ്റ കണ്ടീഷൻ മാത്രമേയുള്ളൂ, കോടിക്കണക്കിന് രൂപ വില വരുന്ന വീടും സ്ഥലവും തനിക്ക് ചെങ്ങന്നൂരുണ്ട്. ഇത് പാലിയേറ്റീവ് സൊസൈറ്റിക്ക് കൊടുക്കുന്നതിനായി എഴുതിവച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുമ്പോൾ കിട്ടുന്ന പണം തിരുവഞ്ചൂരും കോൺഗ്രസ് നേതാക്കളും ചേർന്ന് വാങ്ങി പാലിയേറ്റീവ് കെയറിന് നൽകിയാൽ മതി. ഇതിൽ കൂടുതൽ തനിക്ക് പറയാനില്ല. ഇത് സർക്കാരിന്റെ മാത്രമല്ല ജനങ്ങളുടെ കൂടെ സ്വപ്ന പദ്ധതിയാണ്. വരും തലമുറ പദ്ധതി തുടങ്ങിവച്ചവരെയോർത്ത് അഭിമാനിക്കും. കേരളത്തിന്റെ മുഖ്യമന്ത്രിയെ വേട്ടയാടി അത് ഫലവത്താകില്ലെന്ന് കണ്ട് തന്നെ വേട്ടയാടുകയാണെന്നും സജി ചെറിയാൻ പറഞ്ഞു.