vkp

തന്നെ ആരും സാർ എന്ന് വിളിക്കേണ്ടതില്ലെന്നും വികെപി എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടമെന്നും സംവിധായകൻ വി കെ പ്രകാശ് പറയുന്നു. പുതിയ ചിത്രം ഒരുത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

' എന്നെ ആരും സാർ എന്ന് വിളിക്കേണ്ടതില്ല. എനിക്ക് 25 വയസേ ഉള്ളൂ. എന്തിനാണ് അനാവശ്യമായി സാർ എന്ന് വിളിക്കുന്നത്. അതിന്റെ ആവശ്യമില്ല. എല്ലാവരും വികെപി എന്ന് വിളിച്ചോളൂ. " ചിരിയോടെ വികെപി പറയുന്നു. ഒരുത്തി എന്ന സിനിമ സംവിധാനം ചെയ്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

' എന്നെ എക്സൈറ്റ് ചെയ്യിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. കണ്ടന്റ് ആയാലും ഫോർമാറ്റായാലും എക്സൈറ്റ് ചെയ്യിപ്പിക്കണം. അവിടെ ബിസിനസ് താത്പര്യങ്ങൾ നോക്കാറില്ല. സാധാരണ ഒരു കുടുംബസ്ത്രീയുടെ ജീവിതമാണ് ഒരുത്തിയിൽ എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ചത്. നമ്മുടെ നാട്ടിൽ നടക്കുന്ന കഥയാണ്. അതിനെ സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കാണുന്നുവെന്ന് മാത്രം.

നവ്യ തിരിച്ചു വരുന്നതുകൊണ്ട് ആ സിനിമയ്‌ക്ക് കൂടുതൽ പ്രാധാന്യം കിട്ടി. ഞാൻ എത്തുന്നതിന് മുന്നേ നവ്യ ഊ സിനിമയിലേക്ക് എത്തിയിരുന്നു. ഞങ്ങൾ ഒന്നിച്ച് ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. നവ്യയുടെ തിരിച്ചുവരവ് എന്ന് പറയുമ്പോൾ മാത്രമാണ് അതിൽ നവ്യയെ കാണാൻ കഴിയുന്നത്. അവർ സിനിമയിൽ സജീവമായി നിൽക്കുന്ന സമയമാണെങ്കിൽ അവരെ ആ കഥാപാത്രമായിട്ട് മാത്രമേ കാണാൻ കഴിയൂ. അത്രയും ഹോണസ്റ്റ് ആയിട്ടും ജെനുവിൻ ആയിട്ടുമാണ് നവ്യ അത് ചെയ്‌തിരിക്കുന്നത്. " വികെപി പറഞ്ഞു.