condums-

മോസ്‌കോ : യുക്രെയിനിലെ റഷ്യൻ അധിനിവേശം തുടരുമ്പോൾ ഉപരോധങ്ങൾ നിമിത്തം റഷ്യയിൽ സാധനങ്ങൾക്ക് വില വർദ്ധിക്കുകയാണ്. ചില വസ്തുക്കൾക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നുണ്ട്. ക്ഷാമം വരും എന്ന് കരുതി സാധനങ്ങൾ ജനം ശേഖരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. എന്നാൽ റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടയിൽ, റഷ്യയിൽ കോണ്ടം ഡിമാൻഡ് കുത്തനെ വർദ്ധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയിലെ ഓൺലൈൻ റീട്ടെയിലറായ വൈൽഡ്‌ബെറി നൽകുന്ന വിവരമനുസരിച്ച് മാർച്ചിലെ ആദ്യ രണ്ടാഴ്ചകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 170% വർദ്ധനവാണ് കോണ്ടത്തിനുണ്ടായത്.

ഗർഭനിരോധന ഉറകളുടെ വിൽപ്പനയിലെ ഈ പെട്ടെന്നുള്ള വർധനയ്ക്ക് കാരണം ഭാവിയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും പാശ്ചാത്യ ഉപരോധങ്ങൾ മൂലമുണ്ടാകുന്ന ക്ഷാമവുമാണ്. കോണ്ടം വിൽപ്പന 26% വർദ്ധിച്ചതായി റഷ്യയിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസി ശൃംഖലയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ബ്രാൻഡഡ് കോണ്ടത്തിന് വിലയും വർദ്ധിച്ചിട്ടുണ്ട്.

പാശ്ചാത്യ കറൻസികളേക്കാൾ റഷ്യൻ റൂബിളിന്റെ മൂല്യം കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം. റഷ്യയിലേക്ക് ഓരോ വർഷവും ഏകദേശം 600 ദശലക്ഷം കോണ്ടം ഇറക്കുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ. 100 ദശലക്ഷം കോണ്ടം മാത്രമാണ് റഷ്യയിൽ നിർമ്മിക്കുന്നത്. 12, 18, 30 എണ്ണമുള്ള പാക്കറ്റുകൾക്കാണ് ഇപ്പോൾ ഡിമാന്റ് കൂടിയിട്ടുള്ളത്. ഉപരോധം ഏർപ്പെടുത്തുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിർമ്മിക്കുന്നതിനേക്കാൾ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 'നല്ല കോണ്ടം' ഉപയോഗിക്കണമെന്ന് സെക്‌സോളജിസ്റ്റ് യെവ്‌ജെനി കൽഗവ്ചുക്ക് റഷ്യൻ ജനയോട് ആവശ്യപ്പെട്ടു.