ഹരിദ്വാർ : മലയാളികളുടെ മനസിൽ എന്നും നിറഞ്ഞ് നിൽക്കുന്ന ഓർമ്മയാണ് സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി. സുകുമാര കുറുപ്പിന്റെ കഥകൾ ത്രില്ലർ സിനിമയെ വെല്ലുന്നത് ആണ്. ഇപ്പോഴിതാ കേരള പൊലീസിനെ വെള്ളം കുടിപ്പിച്ച ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിനെ പറ്റി നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി ഐ ന്യൂമാന്റെനേതൃത്വത്തിലുള്ള സംഘമാണ് സുകുമാരക്കുറുപ്പിനെ തേടി ഹരിദ്വാറിലെത്തിയത്.

പത്തനംതിട്ട ബിവറേജസ്‌ഷോപ്പ് മാനേജർ റെൻസീം ഇസ്മായിലിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം വീണ്ടും ചൂടുപിടിച്ചത്. ഹിമന്ദ് നഗറിൽ 15 വർഷം മുൻപ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ മാസങ്ങളിൽ ഇയാൾ ഹരിദ്വാറിലുണ്ടായിരുന്നുവെന്നും പത്തനംതിട്ട ബിവറേജസ്‌ഷോപ്പ് മാനേജർ റെൻസീം ഇസ്മായിൽ വെളിപ്പെടുത്തിയിരുന്നു. ഹിമന്ദ്നഗറിൽ അദ്ധ്യാപകനായിജോലി ചെയ്യവേ 2007ലാണ് കുറുപ്പെന്ന് സംശയിക്കുന്ന സന്യാസിയെ പരിചയപ്പെട്ടതും സൗഹൃദത്തിലായതെന്നുമാണ് റെൻസീമിന്റെ അവകാശവാദം. ഇതുസംബന്ധിച്ച് ജനുവരിയിൽ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു.

kurup

ഹരിദ്വാറിൽ കണ്ടയാൾ സുകുമാരക്കുറുപ്പ് ആകാൻ സാദ്ധ്യതയുണ്ടെന്ന് കുറുപ്പിന്റെ അയൽവാസിയുടെ മൊഴിയുമുണ്ട്. തിരുവനന്തപുരം പൂജപ്പുരയിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ സുകുമാരക്കുറുപ്പിന്റെ സഹപാഠിയായിരുന്നു. സഹോദരി ബി.എസ്.എഫ് ഉദ്യോഗസ്ഥ അഞ്ചുവർഷം മുൻപ് ഋഷികേശിൽ വച്ച് കുറുപ്പിനെ കണ്ടിരുന്നുവെന്ന് പറഞ്ഞതായും അയൽവാസി മൊഴി നൽകിയിട്ടുണ്ട്.