
ഈ കടുത്ത വേനലിൽ ഗ്രാമീണ മേഖലകളിൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം വാട്ടർ അതോറിട്ടി എത്തിക്കാറേയില്ല. കുറേശ്ശയായി മാത്രം പമ്പിംഗ് നടത്തുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ മാത്രമേ വെള്ളം കിട്ടൂ. എന്നാൽ ഒരുസ്ഥലത്തെ ഉയർന്ന പ്രദേശങ്ങളിലെയും താഴ്‌ന്ന പ്രദേശങ്ങളിലെയും ഓരോ മാസത്തെ വാട്ടർ മീറ്റർ റീഡിംഗ് പരിശോധിച്ചാൽ ഉയർന്നപ്രദേശങ്ങളിലെ റീഡിംഗിൽ യാതൊരു മാറ്റവുമില്ലെന്നും കാണാം!
പരാതി അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1916 നമ്പർ സംവിധാനമുണ്ട്. വിളിച്ചാൽ ഉടൻ പ്രതികരണവുമുണ്ടാകും. പക്ഷേ യാതൊരു പ്രയോജനവുമില്ല. പരാതി ബന്ധപ്പെട്ട സെക്‌ഷനുകളിൽ അറിയിക്കും. നടപടി ഉണ്ടാകാറില്ല. ശ്രദ്ധിക്കാൻ മേലധികാരികളുമില്ല.
ജലം ഉയർന്ന പ്രദേശങ്ങളിലുൾപ്പെടെ സന്തുലിതമായ രീതിയിൽ വിതരണം ചെയ്യാനും വീഴ്‌ചവരുത്തുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും അധികാരികൾ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു.
ടി. രവീന്ദ്രൻ
നീലേശ്വരം
ജനറൽ ബോഗികളില്ല,
യാത്ര ദുരിതത്തിൽ
കഴിഞ്ഞ ദിവസം മംഗാലപുരം തിരുവനന്തപുരം ട്രെയിൻ യാത്രയിൽ കണ്ടതാണ്. ജനറൽ കംപാർട്ട്മെന്റുകൾ ചുരുക്കമായിരുന്നു. എല്ലാറ്റിലും സാമൂഹിക അകലം പാലിക്കാനാകാതെ യാത്രക്കാർ തിങ്ങിഞെരുങ്ങി നില്കുന്നു. എന്നാൽ റിസർവേഷൻ ബോഗികൾ വേണ്ടത്ര യാത്രക്കാരില്ലാതെ ഒഴിഞ്ഞ നിലയിലായിരുന്നു. കുറച്ചു വിദ്യാർത്ഥിനികൾ, ഗത്യന്തരമില്ലാതെ റിസർവേഷൻ ബോഗിയിൽ ചാടിക്കയറി. കുറേക്കഴിഞ്ഞ് ടി.ടി.ഐ അവർക്ക് പിഴയടിക്കുന്നത് കണ്ടു. പാവം കുട്ടികളിൽ ചിലർ കരയുന്നുണ്ടായിരുന്നു. കുറച്ചുപേർ ട്രെയിൻ പേട്ടയിലെത്തിയപ്പോൾ ജനറൽ കംപാർട്ട്മെൻ്റ് തേടി ഓടുന്നതും കണ്ടു. ഇത് അപകടവുമാണ്.
കൊവിഡ് കാലത്ത്, ഓഫ് ലൈൻ ക്ലാസിന് പോകുന്ന നമ്മുടെ മക്കളെ റെയിൽവേ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. ട്രെയിനുകളിൽ മതിയായ അളവിൽ
ജനറൽ ബോഗികൾ ഉണ്ടെങ്കിൽ യാത്രക്കാർക്ക് ഈ ഗതികേട് വരില്ലല്ലോ . അധികൃതരുടെ ശ്രദ്ധയ്ക്കായി അഭ്യർത്ഥിക്കുന്നു.
ഡി സുചിത്രൻ
ചിറയിൻകീഴ്