ashleigh-barty

കളിക്കളത്തിൽ എതിരാളികൾ പ്രതീക്ഷിക്കുന്ന ഷോട്ടുകളായിരിക്കില്ല ആഷ്‌ലി ബാർട്ടിയിൽ നിന്ന് വരിക. ജീവിതത്തിൽ പ്രതീക്ഷിക്കുന്ന തീരുമാനമങ്ങളും.അപ്രതീക്ഷിത തീരുമാനങ്ങൾകൊണ്ട് സർപ്രൈസ് പാർട്ടിയൊരുക്കുന്ന ആഷ്ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപനത്തിലും ആ പതിവ് തെറ്റിച്ചില്ല.

ചേച്ചിമാരായ അലിയും സാറയും നെറ്റ്ബാൾ കളിക്കുന്നത് കണ്ട് ക്വീൻസ്‌ലാൻഡിൽ വളർന്ന ആഷ്‌ലി ബാർട്ടിക്ക് ആ കായിക ഇനത്തോട് ഇഷ്ടംതോന്നിയിരുന്നില്ല. ടീമായി കളിക്കുന്നതിനേക്കാൾ ഒറ്റയ്ക്കുള്ള മത്സരങ്ങളിലായിരുന്നു ബാർട്ടിക്ക് താത്പര്യം. അങ്ങനെ ടെന്നീസ് റാക്കറ്റ് കൈയിലെടുത്ത കുഞ്ഞുബാർട്ടി ആറാം വയസ് മുതൽ ട്രോഫികൾ നേടിത്തുടങ്ങി. കൗമാര പ്രായമെത്തിയതോടെ യാത്രകളെല്ലാം ഒറ്റയ്ക്കു ചെയ്തു, ടൂർണമെന്റുകളില്‍ ഒറ്റയ്ക്കു പങ്കെടുത്ത്, ഹോട്ടൽ മുറികളിൽ ഒറ്റയ്ക്ക് താമസിച്ച് ടെന്നിസ് കരിയർ കെട്ടിപ്പടുത്തു.

എന്നാൽ പെട്ടെന്നൊരു ദിവസം എല്ലാം നിശ്ചലമായി. ഒറ്റപ്പെടൽ ആസ്വദിച്ചിരുന്ന ബാർട്ടി പിന്നീട് ഏകാന്തതയെ വെറുക്കാൻ തുടങ്ങി. ഇതിൽ നിന്ന് പുറത്തുകടയ്ക്കാൻ കോർട്ടിനോട് വിട പറഞ്ഞ് താരം ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങി. പതുക്കെ താളം വീണ്ടെടുത്ത് വീണ്ടും റാക്കറ്റ് കൈയിലെടുത്തു. ഒടുവിൽ മെൽബൺ പാർക്കിൽ ആൾക്കൂട്ടത്തിന് നടുവിൽ ആസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം ആകാശത്തേക്കുയഅത്തി ഒറ്റയ്‌ക്കൊരു രാജകുമാരിയെപ്പോലെ പുഞ്ചിരിച്ചു നിൽക്കുന്നു.

മെൽബൺ പാർക്കിൽ തലയുയർത്തി നിന്നതുപോലെ 19 വർഷങ്ങള്‍ക്ക് മുമ്പ് ബാർട്ടി ഒരു കൈയിൽ റാക്കറ്റും മറുകൈയിൽ ഒരു കുഞ്ഞുകിരീടവുമായി ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തുനിന്നിരുന്നു. ജൂനിയർ ടെന്നീസ് ട്രോഫി കിരീടം നേടിയ മകളുടെ ആ നിമിഷം ക്യാമറയിലാക്കിയത് അച്ഛനും അമ്മയുമാണ്. റോബർട്ടിന്റേയും ജോസിയുടേയും മകളായി ജനിച്ച ബാർട്ടി ആദ്യമായി റാക്കറ്റ് കൈയിലെടുത്തത് നാലാം വയസ്സിലാണ്. ജോയ്സിന് അരികിൽ പരിശീലനത്തിന് എത്തുമ്പോൾ പ്രായം അഞ്ച്. അന്ന് പത്തു വയസ്സുകാരി കളിക്കുന്നതു പോലെയായിരുന്നു ബാർട്ടിയുടെ പ്രകടനം. ഒമ്പതാം വയസ്സിൽ തന്നേക്കാള്‍ ആറു വയസ്സ് കൂടുതലുള്ളവരുമായിട്ടായിരുന്നു കളിച്ചിരുന്നത്. 12 വയസ്സിലെത്തിയപ്പോഴേക്കും മുതിർന്ന താരങ്ങളായി എതിരാളികൾ.

14-ാം വയസ്സിൽ ആദ്യമായി ടൂർണമെന്റിൽ പങ്കെടുക്കാൻ ബാർട്ടി ഒറ്റയ്ക്ക് യൂറോപ്പിൽ പോയി. ഇതേ പ്രായത്തിൽ ലാസ് വെഗാസിൽ അഡിഡാസ് പ്ലെയർ ഡെവലപ്‌മെന്റ് ടീമിന്റെ ഭാഗമായി. അന്ന് ടെന്നീസിലെ ഇതിഹാസ താരങ്ങളായ ആന്ദ്രെ അഗാസിയേയും സ്റ്റെഫി ഗ്രാഫിനേയും പരിചയപ്പെട്ടു.

15-ാം വയസിൽ ആസ്‌ട്രേലിയൻ ഓപ്പണിന് യോഗ്യത നേടി. അതേ വർഷം വിംബിൾഡൺ ജൂനിയർ കിരീടം നേടി. 1980ന് ശേഷം വനിതാ സിംഗിൾസില്‍ ആദ്യമായി കിരീടം നേടുന്ന ആസ്‌ട്രേലിയൻ താരവും 1998-ന് ശേഷം ജൂനിയർ ഗ്രാൻസ്ലാം കിരീടം നേടുന്ന ഓസീസ് പെൺകുട്ടിയുമായി ബാർട്ടി മാറി17-ാം വയസിൽ ടെന്നിസിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലെത്തി. 2016-ൽ വീണ്ടും കോർട്ടിലെത്തി മൂന്നു വർഷത്തിന് ശേഷമാണ് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. 2019-ൽ ഫ്രഞ്ച് ഓപ്പണിലായിരുന്നു അത്. 2021-ൽ വിംബിൾഡണും. ഈ വർഷം സ്വന്തം മണ്ണിലെ ഗ്രാൻസ്ളാമിലും ഉമ്മവച്ചു.

44

വർഷങ്ങൾക്കു ശേഷം ആസ്‌ട്രേലിയൻ ഓപ്പൺ വനിതാം സിംഗിൾസ് കിരീടം നേടുന്ന ഓസീസ് താരമെന്ന നേട്ടവും ഇതോടെ ബാർട്ടിക്ക് സ്വന്തമായി. 1978-ൽ കിരീടം നേടിയ ക്രിസ്റ്റീൻ ഒനീലാണ് ബാർട്ടിക്ക് മുമ്പ് ഈ കിരീടം നേടിയ ഓസീസ് വനിതാ താരം.

41 വർഷങ്ങൾക്ക് ശേഷം ആസ്ട്രേലിയൻ ഓപ്പണിന്റെ ഫൈനലിൽ കടക്കുന്ന ഓസീസ് താരമെന്ന നേട്ടം നേരത്തെ തന്നെ ബാർട്ടി സ്വന്തമാക്കിയിരുന്നു. 1980-ൽ വെൻഡി ടൺബുള്ളാണ് ബാർട്ടിക്ക് മുമ്പ് അവസാനമായി ആസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കളിച്ച ഓസീസ് താരം.