yemen

സനാ: ഒരു കണ്ണുമായി ജനിച്ച ആൺകുഞ്ഞ് കൗതുകം ഉണർത്തി. എന്നാൽ ആ കൗതുകം ദു:ഖത്തിലേക്ക് വഴി മാറാൻ അധികം സമയം വേണ്ടിവന്നില്ല. ജനിച്ച് വെറും ഏഴു മണിക്കൂറിനുള്ളിൽ ആ കുഞ്ഞ് മരണമടഞ്ഞു. യുദ്ധം കൊണ്ട് ദുരിതം അനുഭവിക്കുന്ന യെമനിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് യെമനിലെ ഒരു ആശുപത്രിയിൽ വച്ച് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. യെമനിലെ മാദ്ധ്യമപ്രവർത്തകനായ കരിം സരായ് ആണ് ഈ വാർത്ത പുറത്തുവിട്ടത്.

യെമനിലെ അൽ ബയ്ഡ ഗവർണറേറ്റിലെ ആശുപത്രിയിൽ വച്ചാണ് യുവതി ഈ അപൂർവ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം വളരെ അപൂർവമാണെങ്കിലും ഒറ്റ കണ്ണുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് പുതിയ സംഭവമല്ലെന്ന് ആരോഗ്യവിദഗ്‌ദ്ധർ പറയുന്നു. ഇതു വരെ ലഭിച്ചിട്ടുള്ള റെക്കാഡുകൾ അനുസരിച്ച് ലോകത്ത് ഇതിനോടകം ആറ് കുട്ടികൾ ഒറ്റ കണ്ണുമായി ജനിച്ചിട്ടുണ്ടെന്നും എന്നാൽ അവർ ആരും അധികം ദിവസങ്ങൾ ജീവനോടെയിരുന്നിട്ടില്ലെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കുന്നു.

ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഐ സോക്കറ്റും ഒരു ഒപ്റ്റിക്കൽ നെർവും മാത്രമാണ് ഉണ്ടായിരിക്കുക. 2015ൽ ഈജിപ്തിലും ഒറ്റക്കണ്ണുമായി ഒരു കുഞ്ഞ് ജനിച്ചിരുന്നു. ഈ കുഞ്ഞിന് മൂക്കിന്റെ സ്ഥാനത്തായിരുന്നു കണ്ണ് വന്നിരുന്നത്. മൂക്ക് ഇല്ലാതിരുന്നതിനാൽ വായ വഴിയായിരുന്നു ഈ കുഞ്ഞ് ശ്വാസം എടുത്തിരുന്നത്.