
ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിന്റെ പേരില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ രാജ്യസഭയിൽ ആരോപിച്ചു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു. നിയമങ്ങള്‍ പാലിക്കാതെയാണ് നടപടികള്‍ തുടരുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു .
പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല. വീടുകളില്‍ അതിക്രമിച്ച് കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് പ്രത്യേക പാതവേണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല. റെയില്‍വെ മന്ത്രാലയം മൂന്നാമത് ലൈനിടാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രമന്ത്രി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
അതേസമയം, സിൽവർലൈൻ പദ്ധതിയുടെ നടപടികൾ നിറുത്തിവയ്ക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ് എം.പി കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റെ പേരുപറഞ്ഞാണ് കല്ലിടൽ നടക്കുന്നതെന്നും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.