
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കടക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും തീരപ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം വിഴിഞ്ഞത്ത് ശ്രീലങ്കൻ അഭയാത്ഥികൾ എത്താൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതുടർന്ന് ഇവിടെ പതിവിലും കൂടുതൽ ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്. കോസ്റ്റ് ഗാർഡും പൊലീസും ചേർന്ന് വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
ഏഴു പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഇതിനോടകം തന്നെ 16 പേരടങ്ങുന്ന ശ്രീലങ്കൻ അഭയാർത്ഥി സംഘം എത്തികഴിഞ്ഞു. ഏകദേശം രണ്ടായിരം പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് പാലായനം ചെയ്യാൻ ഒരുങ്ങി നിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. പാചകവാതകമോ വൈദ്യുതിയോ ലഭിക്കാതെ നട്ടം തിരിയുന്ന ശ്രീലങ്കയിൽ കഴിഞ്ഞ ദിവസം സർക്കാർ പെട്രോൾ പമ്പുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പട്ടാളത്തെ വിന്യസിച്ചിരുന്നു.
വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകർച്ചയുമാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രസിഡന്റ് രജപക്സെ രാജിവയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധം ശ്രീലങ്കയിൽ നടന്നിരുന്നു.