
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ കാമുകിയെന്ന് കരുതപ്പെടുന്ന മുൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് അലിന കബായേവ പുതിയൊരു പ്രതിസന്ധി നേരിടുന്നു. സ്വിറ്റ്സർലാൻഡിൽ പുടിന്റെ മക്കൾ എന്ന് കരുതപ്പെടുന്ന തന്റെ കുട്ടികളോടൊപ്പം ആഢംബര മാളികയിൽ താമസിക്കുന്ന അലിനയെ അവിടെ നിന്നും ഇറക്കിവിടണമെന്ന ആവശ്യം ശക്തമാകുന്നു. പുടിന്റെ രാഷ്ട്രീയ എതിരാളികളാണ് ഇത്തരമൊരു ആവശ്യവുമായി ഒരു വെബ്സൈറ്റിൽ പൊതുജന അഭിപ്രായം സ്വരൂപിക്കുന്നത്. ഇതിനോടകം നിരവധി പേർ ഈ അഭിപ്രായത്തെ പിന്തുണച്ചു രംഗത്ത് എത്തിയിട്ടുണ്ട്.
അലിന തന്റെ മക്കളോടൊപ്പം സ്വിറ്റ്സർലാൻഡിലെ ആഢംബര വീട്ടിൽ ഒളിച്ചുകഴിയുകയാണെന്ന് വാർത്ത പുറത്തുവിടുന്നത് 'ദ് മിറർ' ആണ്. ഇതിനു ശേഷമാണ് അലിനയെ വീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉയരുന്നത്.
അലിനയുടെ ജീവിതത്തിലെ പുതിയൊരു പ്രതിസന്ധി മാത്രമാണിതെന്നതാണ് സത്യം. റഷ്യൻ ജിംനാസ്റ്റിക്സ് താരമായിരുന്ന അലിന പുടിനുമായി അടുക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് അറിയപ്പെടുന്ന ഒരു കായികതാരമായിരുന്നു. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെതുടർന്ന് വിലക്ക് നേരിട്ട അലിന അതിനു ശേഷം 2000ൽ നടന്ന സിഡ്നി ഒളിമ്പിക്സിൽ വെങ്കലവും 2004ൽ ഏഥൻസ് ഒളിമ്പിക്സിൽ സ്വർണവും സ്വന്തമാക്കിയിരുന്നു. ഇതോടെ റഷ്യയിൽ അലിനയ്ക്ക് വലിയൊരു താരപരിവേഷമാണ് ലഭിച്ചത്.
എന്നാൽ 2018ൽ ഒരു മാഗസിന്റെ കവർഫോട്ടോയ്ക്ക് വേണ്ടി നഗ്നയായി പോസ് ചെയ്തതോടെ അലിനയുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. അന്ന് അലിനയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫർ പറഞ്ഞത് നഗ്നയായി പോസ് ചെയ്യുന്നതിന് വേണ്ടി തനിക്ക് അലിനയെ ഒട്ടും നിർബന്ധിക്കേണ്ടി വന്നില്ലെന്നും കേട്ടയുടനെ അവർ അതിന് സമ്മതിക്കുകയുമായിരുന്നു എന്നാണ്.
ഏതായാലും ആ ചിത്രം പുറത്തുവന്നതോടെ അലീനയെ കുറിച്ച് അധികമാരും പിന്നീട് കേട്ടില്ല. പുടിൻ അലീനയേയും മക്കളെയും റഷ്യയിൽ നിന്ന് അകറ്റുകയായിരുന്നെന്നും വാർത്തകളുണ്ട്. ഒടുവിൽ മിററിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അലിന എവിടെയെന്ന ചോദ്യത്തിന് ഉത്തരമായത്.